ADVERTISEMENT

പ്ലാസ്റ്റിക് മാലിന്യത്തിന് പുറമേ മനുഷ്യർ മൂലം സമുദ്രജീവികൾ നേരിടുന്ന ഭീഷണികൾ ഏറെയാണ്. അവയിൽ പ്രധാനപ്പെട്ടതാണ് കപ്പലുകൾ തട്ടിയുള്ള അപകടങ്ങൾ. കഴിഞ്ഞദിവസം ഒറിഗണിലെ തീരത്ത് വന്നടിഞ്ഞ ഒരു കൂറ്റൻ തിമിംഗലത്തിന്റെ മരണകാരണവും ഇതുതന്നെയാവാമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ..40 അടി നീളമുള്ള സ്പേം വെയ്ൽ ഇനത്തിൽപ്പെട്ട തിമിംഗലമാണ് ഏതാനും ദിവസങ്ങൾക്ക് മുൻപ് ചത്ത നിലയിൽ തീരത്തു വന്നടിഞ്ഞത്.

 

നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫിയറിക് അഡ്മിനിസ്ട്രേഷനിലെ ഗവേഷകർ തിമിംഗലത്തിന്റെ ജഡത്തിൽ നടത്തിയ പരിശോധനയിലാണ് അതിന്റെ ശരീരത്തിൽ കപ്പലിടിച്ചതായി തിരിച്ചറിഞ്ഞത്. ജഡം തീരത്ത് വന്നടിയും മുൻപ് തന്നെ തിമിംഗലത്തിന്റെ ജീവൻ നഷ്ടപ്പെട്ടിരുന്നതായി ഗവേഷകർ പറയുന്നു.  20 വയസ്സിനടുത്ത് പ്രായം ചെന്ന ആൺ തിമിംഗലം പൂർണ ആരോഗ്യവാനായിരുന്നുവെന്നും പരിശോധനകളിൽ കണ്ടെത്തിയിട്ടുണ്ട്. ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടർന്നാണ് തിമിംഗലത്തിന് ജീവൻ നഷ്ടപ്പെട്ടിരിക്കുന്നത്.

 

തിമിംഗലത്തിന്റെ ശരീരത്തിൽ കണ്ടെത്തിയ ആഴമുള്ള മുറിവുകൾ കപ്പലിടിച്ച് ഉണ്ടാവുന്ന തരത്തിലുള്ളവയാണ്. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും കണ്ടെത്താത്തതിനാൽ കപ്പൽ ഇടിച്ചതാണ് മരണകാരണമെന്ന നിഗമനത്തിൽ ഗവേഷകർ എത്തിച്ചേരുകയായിരുന്നു. സീസൈഡ് അക്വേറിയമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. തിമിംഗലത്തിന്റെ ചിത്രങ്ങളും അക്വേറിയം പങ്കുവച്ചിട്ടുണ്ട്. ശാസ്ത്രീയ പരിശോധനങ്ങൾക്കായി തിമിംഗലത്തിന്റെ പല്ലുകൾ കേടുകൂടാതെ ശേഖരിക്കുന്നതിന് അതിന്റെ താടിയെല്ലുകൾ നീക്കം ചെയ്തിട്ടുണ്ട്. 

 

തിമിംഗലങ്ങളിൽ വച്ച് ഏറ്റവും വലിയ പല്ലുകൾ ഉള്ളവയാണ് എണ്ണത്തിമിംഗലങ്ങൾ അഥവാ സ്പേം വെയ്‌ലുകൾ. 60 അടി നീളത്തിൽ വരെ ഇവ വളരും. പൂർണവളർച്ചയെത്തുന്നവയ്ക്ക് 40 ടൺ വരെ ഭാരവും ഉണ്ടാവും. 60 വയസ്സാണ് ഇവയുടെ ശരാശരി ആയുർദൈർഘ്യം. എന്നാൽ വംശനാശഭീഷണി നേരിടുന്ന സമുദ്രജീവികളുടെ പട്ടികയിൽ ഇവ ഇടം നേടിയിട്ടുണ്ട്. ഇവയുടെ പല്ലുകൾക്കും തലയ്ക്കുള്ളിലുള്ള മെഴുകുപോലെയുള്ള വസ്തുവിനും കരിഞ്ചന്തയിൽ ആവശ്യക്കാരും ഏറെയാണ്.

 

English Summary: Sperm whale beached in Oregon killed by ship, feds find

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com