പാമ്പിനെ ആഹാരമാക്കുന്ന ഭീമൻ പഴുതാരകൾ; ലോകത്തെ ഏറ്റവും വലിയ പഴുതാര വർഗം

 Amazonian Giant Centipede
Image Credit: Twitter/ Insect of the day/ insect_otd
SHARE

വലുപ്പമില്ലെങ്കിലും വിഷം കൊണ്ടു ഭയപപ്പെടുത്താന്‍ പോന്ന ഇഴ ജന്തുക്കളാണ് സാധാരണ പഴുതാരകള്‍. ഇവ കടിച്ചാലുണ്ടാകുന്ന നീറ്റലും വേദനയും മുതിര്‍ന്നവര്‍ക്കു പോലും  പലപ്പോഴും സഹിക്കാവുന്നതിനും മുകളിലാണ്. എന്നാല്‍ സാധാരണ പഴുതാരകളുടെ വലുപ്പം ശരാശരി മൂന്ന് സെന്‍റിമീറ്ററാണെങ്കില്‍ പെറുവിയന്‍ പഴുതാരയുടെ വലുപ്പം ഏതാണ്ട് 30 സെന്‍റിമീറ്റര്‍ വരും. അതായത് ലോകത്തുള്ള പല പാമ്പു വർഗങ്ങളേക്കാളും വലുപ്പം ഈ പഴുതാരകള്‍ക്ക് ഉണ്ടെന്നര്‍ത്ഥം. മുതിര്‍ന്ന ഒരാളിന്‍റെ കൈപ്പത്തി മുതല്‍ കൈമുട്ടിനു മുകളില്‍ വരെ ഇവയ്ക്ക് നീളം ഉണ്ടാകും.

ആമസോണിയന്‍ സെന്‍റിപീഡ് അല്ലെങ്കില്‍ പെറുവിയന്‍ സെന്‍റിപീഡ് എന്നറിയപ്പെടുന്ന ഈ പഴുതാരകള്‍ ലോകത്തെ ഏറ്റവും വലിയ പഴുതാര വർഗമാണ്. രൂപത്തിലും നിറത്തിലുമെല്ലാം സാധാരണ പഴുതാരകളെ പോലെ തന്നെ കാണപ്പെടുന്ന ഇവ വലുപ്പത്തില്‍ മാത്രമാണ് അവയില്‍ നിന്നു വ്യത്യാസപ്പെട്ടിരിക്കുന്നത്. വിഷത്തിന്‍റെ കാര്യത്തിലും ഇവ സാധാരണ പഴുതാരകളെക്കാള്‍ അപകടകാരികളാണ്. ഒരു മനുഷ്യന്‍റെ ജീവന്‍ അപകടത്തിലാക്കാന്‍ തക്ക വിഷം ഇവയ്ക്കു ശരീരത്തിലേക്ക് കുത്തിവയ്ക്കാനാകും.

ലോകത്തിലെ ഏറ്റവും വിഷമുള്ളയിനം ചിലന്തികളാണ് തരാന്തുലകള്‍. ഇവ ഈ പഴുതാരകളുടെ പ്രധാന ആഹാരങ്ങളില്‍ ഒന്നാണ്. മാംസാഹാരം മാത്രം കഴിക്കുന്ന ഇവ തരാന്തുല ചിലന്തികള്‍ക്കു പുറമെ പ്രാണികളെയും ചെറിയ പക്ഷികളെയും തവള, പല്ലി, എലി തുടങ്ങിയവയേയും ഭക്ഷണമാക്കാറുണ്ട്. ഇവ മാത്രമല്ല ചില ഇനം പാമ്പുകളും ഈ പഴുതാരകളുടെ ഇഷ്ടഭക്ഷണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. പ്രധാനമായും മണ്ണിലും ഉണങ്ങിയ മരത്തടികളിലുമാണ് ഈ വിഭാഗത്തില്‍ പെട്ട പഴുതാരകളെ കാണപ്പെടുന്നത്. 

അതീവ ആക്രമണകാരികളാണ് ഈ പഴുതാരകള്‍. ഇരയുടെ ദേഹത്ത് ഇഴഞ്ഞുകയറി അവയുടെ മേല്‍ വിഷം കുത്തി വയ്ക്കുന്നതാണ് ഇവയുടെ രീതി. ഇവയുടെ മുന്‍വശത്തുള്ള ഫോര്‍സിപ്യൂല്‍സ് എന്നറിയപ്പെടുന്ന കൊമ്പുകള്‍ ഉപയോഗിച്ചാണ് വിഷം ശത്രുവിന്‍റെയോ ഇരയുടെയോ മേല്‍ കുത്തിവയ്ക്കുക. അസിറ്റോകോളിന്‍, ഹിസ്റ്റാമിന്‍, സെറോടോണിന്‍ തുടങ്ങിയവ അടങ്ങിയതാണ് ഇവയുടെ വിഷം. സാധാരണ ഗതിയില്‍ ഇവയുടെ കുത്തേറ്റാല്‍ വൈകാതെ തന്നെ ചെറിയ മൃഗങ്ങള്‍ മരണപ്പെടും. മനുഷ്യര്‍ക്ക് സാധാരണ ഗതിയില്‍ ജീവാപായം സംഭവിക്കാറില്ലെങ്കിലും ഇവ കുത്തിവയ്ക്കുന്ന വിഷം ഇതിനു പോന്നതാണ്. ശക്തിയായ വേദനയും, കടുത്ത നീരും, നീറ്റലുമാണ് കടിയേറ്റ വ്യക്തികള്‍ക്ക് അനുഭവപ്പെടുക.

ഓമനിച്ചു വളര്‍ത്തുന്ന പഴുതാരകള്‍

പെറുവില്‍ മാത്രമാണ് ഇവ കാണപ്പെടുന്നതെങ്കിലും ലോകത്തെ പല രാജ്യങ്ങളിലും ഇവയെ ഓമനിച്ചു വളര്‍ത്തുന്നവരുണ്ട്. ഏകദേശം 300 ഡോളര്‍ വരെയാണ് രാജ്യാന്തര വിപണിയിൽ ഈ പഴുതാരകളുടെ വില. വംശനാശ ഭീഷണിയോ മറ്റു പ്രതിസന്ധികളോ ഇവ നിലവില്‍ നേരിടുന്നില്ല. മാത്രമല്ല സ്വാഭാവിക ജൈവവ്യവസ്ഥയില്‍ ഇവ ധാരാളമായി കാണപ്പെടുന്നുമുണ്ട്. അതിനാല്‍ തന്നെ നിലവില്‍ ഈ പഴുതാരകളുടെ രാജ്യാന്തര തലത്തിലുള്ള വിൽപനയ്ക്കും മറ്റും നിയന്ത്രണങ്ങളില്ല. മറ്റു പല ജീവികളെ എന്ന പോല ചൈന ഉള്‍പ്പടെയുള്ള തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളിലേക്കാണ് ഇവ വളര്‍ത്തു ജീവികളായി ഏറ്റവുമധികം കയറ്റി അയയ്ക്കപ്പെടുന്നത്.

English Summary: Amazonian Giant Centipede

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS