ADVERTISEMENT

എതിരാളികൾ ശക്തരാണെങ്കിൽ ബിസിനസ് സംരംഭം നടത്തുന്നവർ അത് പൂട്ടിപ്പോകാതിരിക്കാൻ അങ്ങേയറ്റം പ്രയത്നിക്കേണ്ടി വരും. എന്നാൽ എത്ര ശ്രദ്ധയോടെ ബിസിനസ് നടത്തിയിട്ടും ഓർക്കാപ്പുറത്ത് വന്നെത്തിയ ഒരു അതിഥി കാരണം സംരംഭം അപ്പാടെ പൂട്ടേണ്ടി വന്ന വ്യക്തിയാണ് ഇംഗ്ലണ്ടിലെ എസ്സെക്സ് സ്വദേശിയായ നിക് നോർത്ത്. നിക്കിന്റെ ബിസിനസ് പൂട്ടിച്ചത് മനുഷ്യരല്ല മറിച്ച് ഒരു സീൽ ആണ്. മീൻ വളർത്തൽ ബിസിനസ് നടത്തിയിരുന്ന നിക്കിന്റെ തടാകത്തിൽ അബദ്ധത്തിൽ വന്നെത്തിയ സീൽ ചില്ലറ തലവേദനയല്ല അവിടെയുണ്ടാക്കിയത്.

 

മാർക്ക് ഹാൾ ഫിഷറീസ് എന്ന തടാകത്തിൽ കഴിഞ്ഞ ഡിസംബറിലാണ് സീൽ എത്തിയത്.  അവിടുത്തെ മീനുകളെ കണ്ട് ഭ്രമിച്ചു പോയ സീൽ പിന്നീട് മടങ്ങി പോകാൻ കൂട്ടാക്കിയില്ല. മാത്രമല്ല കണ്ണിൽ കാണുന്ന മീനുകളെയെല്ലാം ഒരു സെക്കൻഡ് പോലും പാഴാക്കാതെ സീൽ അകത്താക്കിക്കൊണ്ടിരുന്നു. തടാകം പുതിയ വാസസ്ഥലമായി കണ്ട് സീൽ അവിടെ സ്ഥിരതാമസംതുടങ്ങിയതോടെ പ്രദേശവാസികൾ നെൽസൺ എന്ന് അതിന് പേരും നൽകി. കാർപ്പ്, ക്യാറ്റ് ഫിഷ് തുടങ്ങി വിവിധ ഇനത്തിൽപ്പെട്ട മീനുകളെയാണ് നിക് തടാകത്തിൽ വളർത്തിയിരുന്നത്. മീനുകളുടെ എണ്ണം ഗണ്യമായി കുറയുന്നത് കണ്ടതോടെ നെൽസണെ പിടികൂടി അവിടെ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമങ്ങളാരംഭിച്ചു.

 

ബ്രിട്ടിഷ് ഡൈവേഴ്സ് മറൈൻ ലൈഫ് റെസ്ക്യൂ എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു സീലിനെ പിടികൂടാനുള്ള ശ്രമങ്ങൾ നടന്നത്. എന്നാൽ വല ഉപയോഗിച്ച് പിടികൂടാൻ ശ്രമിച്ചപ്പോഴൊക്കെ നെൽസൺ അതിവിദഗ്ധമായി വഴുതി മാറി. പിടികൂടാൻ വൈകുന്നതനുസരിച്ച് മീനുകളുടെ എണ്ണം കുറയുകയും നെൽസണിന്റെ ശരീരഭാരം വർധിക്കുകയും ചെയ്തുകൊണ്ടിരുന്നു. ചുരുങ്ങിയസമയം കൊണ്ട് 400000 രൂപ വിലമതിക്കുന്ന മീനുകളെയാണ് നെൽസൺ ഭക്ഷണമാക്കിയത്. മീനുകളുടെ എണ്ണം കുറഞ്ഞതോടെ ബിസിനസ് നിർത്താതെ നിക്കിന് മറ്റ് മാർഗങ്ങളില്ലെന്നനിലയിലേക്ക് കാര്യങ്ങളെത്തി.

 

ഏറ്റവുമൊടുവിൽ ജനുവരി 27 നാണ്  സീലിനെ പിടികൂടാനുള്ള അവസാനവട്ട ശ്രമങ്ങൾ നടന്നത്. സാധാരണഗതിയിൽ സീലിന്റെ ഇനത്തിൽപ്പെട്ട ജീവികളെ പിടികൂടാനായി മയക്കുവെടി വയ്ക്കുന്നത് പ്രായോഗികമല്ല. ഇവയ്ക്കു മയക്കുവെടിയേറ്റാൽ അവയുടെ ശ്വസന സംവിധാനം കൂടുതൽ തുറക്കുന്നതിനാൽ വെള്ളം ശരീരത്തിനുള്ളിൽ പ്രവേശിച്ച് മുങ്ങി പോകാനുള്ള സാധ്യതയേറെയാണ്.  തടാകത്തിലെ വെള്ളം ഇരുണ്ടനിറത്തിലാണെങ്കിൽ സീലിനെ പിന്നീട് കണ്ടെത്താനും പ്രയാസമാണ്.  എന്നാൽ നെൽസണെ പിടികൂടാൻ മറ്റു മാർഗങ്ങളില്ലാതെ വന്നതോടെ ഒടുവിൽ മയക്കുവെടി വയ്ക്കാൻ തന്നെ തീരുമാനിക്കുകയായിരുന്നു.

 

ജീവനോടെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മയക്കുവെടിയേറ്റതോടെ നെൽസൺ വെള്ളത്തിലേക്ക് മുങ്ങിപ്പോയി. മയക്കുവെടി വയ്ക്കാൻ അനുയോജ്യമായ സാഹചര്യമല്ലാതിരുന്നിട്ടും അത്തരത്തിൽ സീലിനെ പിടികൂടാൻ ശ്രമിച്ചത് ഏറെ ർച്ചകൾക്കും വഴിയൊരുക്കി. എന്നാൽ മഴക്കുവെടി വെച്ചതിലുള്ള പൂർണ ഉത്തരവാദിത്വം ബ്രിട്ടിഷ് ഡൈവേഴ്സ് മറൈൻ ലൈഫ് റെസ്ക്യൂവിനാണെന്നായിരുന്നു നിക്കിന്റെ പ്രതികരണം. വെടിവയ്ക്കാൻ തീരുമാനമെടുത്തതും അത് നടപ്പിലാക്കിയതും സംഘടന മാത്രമാണ്. റിസർവോയറിൽ മീൻ പിടിക്കാനുള്ള ലൈസൻസ് തന്റെ പേരിലായതിനാൽ ആ സമയത്ത് അവിടെയുണ്ടായിരുന്നു എന്നത് മാത്രമാണ് തന്റെ പങ്കെന്നും നിക് വ്യക്തമാക്കി.

 

അതേസമയം നെൽസണെ പിടികൂടി അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ  വിടുക എന്ന സദുദ്ദേശത്തോടെയാണ് മയക്കുവെടി വച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ജില്ലാ കൗൺസിലറായ ഡേവ് സ്പെറിങ്ങ് പറയുന്നു.  എല്ലാവിധ സജീകരണങ്ങളും ഒരുക്കിയിട്ടും പ്രതീക്ഷയ്ക്ക് വിപരീതമായി സംഭവിച്ചതിൽ ദുഃഖമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

 

English Summary; Greedy seal tragically dies in failed capture after eating every fish in lake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com