ADVERTISEMENT

ജനവാസ മേഖലയിലേക്ക് ആനകൾ ഇറങ്ങുന്നതും അതുമൂലം ഉണ്ടാകുന്ന ഭീഷണിയുമൊക്കെയാണ് അടുത്തിടെയായി മാധ്യമങ്ങളിലെ പ്രധാന ചർച്ചാവിഷയം. എന്നിരുന്നാലും ആനകൾ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ പെരുമാറുന്ന രീതികളും അതിന്റെ ചിത്രങ്ങളും ഒക്കെ എപ്പോഴും ജനനങ്ങൾക്ക് കൗതുക കാഴ്ച തന്നെയാണ്. കുട്ടിയാനകൾ ഉൾപ്പെടുന്ന ദൃശ്യങ്ങളാണെങ്കിൽ പറയുകയും വേണ്ട.  മനുഷ്യരെപ്പോലെ തന്നെ കുഞ്ഞുങ്ങളോട് പ്രത്യേക കരുതൽ കാട്ടുന്നവയാണ് ആനകൾ. കുഞ്ഞുങ്ങളുടെ സംരക്ഷണത്തിന്റെ കാര്യത്തിൽ അവ ഒരു വിട്ടുവീഴ്ചക്കും തയാറാവില്ല.  തന്റെ കുഞ്ഞിന്റെ ജീവന് അപകടം വരാത്ത തരത്തിൽ റോഡ് എങ്ങനെ മുറിച്ചു കടക്കണം എന്ന് കാണിച്ചു കൊടുക്കുന്ന ഒരു അമ്മയാനയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്നത്.

 

ഐഎഎസ് ഓഫിസറായ സുപ്രിയ സാഹുവാണ് ട്വിറ്ററിലൂടെ അമ്മയാനയുടെയും കുഞ്ഞിന്റെയും ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. വനത്തിന് നടുവിലൂടെയുള്ള റോഡിന് സമീപത്തായി ഒരുകൂട്ടം ആനകൾ മേയുന്നതാണ് വിഡിയോയുടെ തുടക്കം. കൂട്ടത്തിൽ റോഡിന് അരികിലേക്ക് ചേർന്ന് ഒരു അമ്മയാനയും കുഞ്ഞും നിലയുറപ്പിച്ചിട്ടുണ്ട്. അല്പം അകലെയായി ഒരു കാർ നിർത്തിയിട്ടിരിക്കുന്നതും കാണാം. താരതമ്യേന ചെറിയ റോഡാണെങ്കിലും കുഞ്ഞിന്റെ സുരക്ഷ ഉറപ്പാകുകയാണ് അമ്മയാന.

 

റോഡിലേക്ക് കയറിയ കുഞ്ഞിനോട് ചേർന്ന് തന്നെയാണ് അമ്മയാനയുടെ നടത്തം. വളരെ സാവധാനത്തിൽ കൃത്യമായി തന്നെ അവ റോഡ് മുറിച്ചു കടക്കുകയും ചെയ്തു. മറുഭാഗത്തെത്തുന്നത് വരെ കുഞ്ഞിന് ആപത്തൊന്നും വരാതെ ശ്രദ്ധയോടെയായിരുന്നു ആനയുടെ നീക്കം. കാഴ്ചയിൽ ഏറെ കൗതുകകരമായ ഈ ദൃശ്യങ്ങൾ  വന്യജീവികളുടെ സങ്കടകരമായ അവസ്ഥയും  വെളിവാക്കുന്നുണ്ടെന്ന് സുപ്രിയ സാഹു പോസ്റ്റിൽ കുറിക്കുന്നു. 36 സെക്കൻഡ് മാത്രമാണ് വിഡിയോയുടെ ദൈർഘ്യമെങ്കിലും അത് വളരെ വേഗം ജനശ്രദ്ധനേടി.

 

പതിനായിരക്കണക്കിന് ആളുകളാണ് ട്വിറ്ററിൽ മാത്രം ഈ വിഡിയോ കണ്ടത്. കാണുമ്പോൾ നിസാരമെന്ന്  തോന്നുന്ന ഈ ദൃശ്യങ്ങൾ പല കാര്യങ്ങളും ഓർമിപ്പിക്കുന്നുണ്ടെന്നാണ് ജനങ്ങളുടെ പ്രതികരണം. വനമേഖലകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളിടിച്ച് വന്യജീവികൾക്ക് ജീവഹാനി ഉണ്ടാകുന്ന സംഭവങ്ങൾ ധാരാളമായി റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. ഇത്തരത്തിൽ മൃഗങ്ങൾ അതീവ ശ്രദ്ധയോടെ നീങ്ങിയാലും പലപ്പോഴും മനുഷ്യരുടെ അശ്രദ്ധ മൂലം അപകടങ്ങൾ ഉണ്ടായേക്കാം. അതിനാൽ വനത്തിനുള്ളിലെ റോഡുകളിൽ കൂടി വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ അത് ഏതുസമയത്തായാലും അങ്ങേയറ്റം ശ്രദ്ധ പുലർത്തണമെന്ന് ഓർമിപ്പിക്കുന്ന വിഡിയോയാണിതെന്ന് പലരും കുറിക്കുന്നു.

 

അതേ സമയം സാഹചര്യം കൃത്യമായി മനസ്സിലാക്കി ആനകൾക്ക് കടന്നു പോകാൻ അത്രയും സമയം കാർ നിർത്തിയിട്ട ഡ്രൈവറിനെ പ്രശംസിക്കുന്നവരും കുറവല്ല. മൃഗങ്ങൾ സ്വൈര്യവിഹാരം നടത്തുന്ന മേഖലകളിൽക്കൂടി വാഹന ഗതാഗതത്തിന് സൗകര്യമൊരുക്കുന്ന സംവിധാനം തന്നെ ശരിയല്ലെന്ന് പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇക്കാരണങ്ങൾ കൊണ്ടാണ് വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് കൂടുതലായെത്തുന്നതെന്നും ഇവർ അഭിപ്രായപ്പെടുന്നു. ഒന്നിനെയും ഭയക്കാതെ ജീവിക്കേണ്ട സ്വാഭാവിക ആവാസ വ്യവസ്ഥയിൽ റോഡ് മുറിച്ചു കടക്കാൻ കുഞ്ഞിനെ പഠിപ്പിക്കേണ്ടി വരുന്ന അമ്മയാനയുടെ അവസ്ഥ ദയനീയമാണെന്നാണ് മറ്റൊരു വിഭാഗം പ്രതികരിക്കുന്നത്.

 

English Summary: Mother Elephant Guiding Her Baby How To Cross A Road With Caution

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com