ADVERTISEMENT

പാമ്പുകളെ ഭയമില്ലാത്തവർ വിരളമാണ്. വിഷമില്ലാത്തയിനത്തിൽപ്പെട്ട പാമ്പുകളാണെങ്കിൽ പോലും അവ വേഗത്തിൽ ഇഴഞ്ഞു നീങ്ങുന്നത് കാണുമ്പോൾ ആരായാലും ഒന്ന് ഭയന്നുപോകും. അപ്പോൾ അവ പറന്ന് വന്നാലോ? ഓർക്കുമ്പോൾ തന്നെ ഭയാനകമായ അവസ്ഥ. എന്നാലിപ്പോൾ അത്തരത്തിൽ ഒരു പാമ്പ് നിഷ്പ്രയാസം ഉയരത്തിൽ നിന്ന് താഴേക്ക് ചാടുന്ന ഒരു ദൃശ്യമാണ് ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡിൽ നിന്നും പുറത്തുവരുന്നത്. പാമ്പുപിടുത്ത വിദഗ്ധയായ ലിസ വാൻ ഗെൽഡർ പങ്കുവച്ചതോടെ വിഡിയോ ഏറെ ചർച്ചാവിഷയമായിട്ടുണ്ട്.

 

ഉയരമുള്ള ഒരു മേൽക്കൂരയുടെ വശത്തിരിക്കുന്ന പാമ്പിനെ വിഡിയോയുടെ തുടക്കത്തിൽ കാണാം. സാധാരണ ഗതിയിൽ അത് മേൽക്കൂരയുടെ വശങ്ങളിലൂടെയോ ഭിത്തിയിലൂടെയോ ഇഴഞ്ഞിറങ്ങുമെന്ന്  തോന്നുമെങ്കിലും അടുത്ത സെക്കൻഡിൽ പാമ്പ് ശരീരത്തിന്റെ മുക്കാൽഭാഗവും മേൽക്കൂരയിൽ നിന്നും വെളിയിലേക്ക് വരത്തക്ക വിധത്തിൽ ബാലൻസ് ചെയ്യുന്ന കാഴ്ചയാണ് കാണാനാവുന്നത്. ഒട്ടും വൈകാതെ അത് മേൽക്കൂരയിൽ നിന്നും പിടിവിട്ട് മുന്നോട്ട് നീങ്ങി. വായുവിലൂടെ കുതിച്ചുയർന്ന ശേഷം കെട്ടിടത്തിൽ നിന്നും ഏതാനും മീറ്ററുകൾ അകലെയായി തറയിൽ വന്ന് വീഴുകയും ചെയ്തു. 

 

അഞ്ച് സെക്കൻഡ് മാത്രമാണ് വിഡിയോയുടെ ദൈർഘ്യം. പാമ്പുകളുടെ മുട്ടകൾ വിരിയുന്ന സമയമായതിനാൽ അപകടസാധ്യത എത്രത്തോളമുണ്ടെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായാണ് ലിസ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. പാമ്പുകൾക്ക് നാം കരുതുന്നതിലുമപ്പുറം കാര്യങ്ങൾ ചെയ്യാനാവും എന്ന കുറിപ്പോടയാണ് വിഡിയോ സമൂഹമാധ്യമങ്ങൾ എത്തിയിരിക്കുന്നത്. മേൽക്കൂരയിലൂടെ ഇഴഞ്ഞു നീങ്ങുന്നതിനിടെ തണൽ തേടിയാവാം പാമ്പ് ഇത്തരത്തിൽ പെരുമാറിയത് എന്നാണ് അനുമാനം. അല്ലെങ്കിൽ ഏതെങ്കിലും പക്ഷികൾ ആക്രമിക്കാനെത്തുന്നതുകണ്ട് സ്വയരക്ഷയ്ക്കുള്ള എളുപ്പമാർഗമെന്ന നിലയിൽ ചാടിയതാവാകാമെന്നും ലിസ പറയുന്നു.

 

പൊതുവേ മറ്റു ജീവികളുടെയോ മനുഷ്യരുടെയോ കണ്ണിൽപ്പെടാതെ ഒളിഞ്ഞിരിക്കാൻ ഇഷ്ടപ്പെടുന്നവയാണ് പാമ്പുകൾ. ഇതിന് വിപരീതമായി എന്തെങ്കിലും സംഭവിച്ചാൽ അവ ചിന്തിക്കാത്ത വിധത്തിൽ പ്രതികരിച്ചെന്നു വരാം. നിരപ്പായ സ്ഥലങ്ങളിൽ കൂടി ഇഴഞ്ഞു നീങ്ങാൻ മാത്രമേ പാമ്പുകൾക്ക് സാധിക്കൂ എന്ന് കരുതുന്നവരുണ്ട്. എന്നാൽ  ഭിത്തികളിലൂടെ കെട്ടിടങ്ങൾക്ക്  മുകളിലേക്ക് ഇഴഞ്ഞു കയറാനും ഇത്തരത്തിൽ നിഷ്പ്രയാസം താഴേക്ക് പതിക്കാനുമൊക്കെ അവയ്ക്ക് കഴിയുമെന്ന് ഓർമിപ്പിക്കുകയാണ് ഈ  വിഡിയോ.

 

അതേസമയം ദൃശ്യത്തിലുള്ള പാമ്പ് ഏതിനത്തിൽ പെട്ടതാണെന്ന് കൃത്യമായി പറയാൻ സാധിക്കില്ലെന്നും ലിസ പറയുന്നു. എങ്കിലും ഇത്രയും കാലത്തെ പാമ്പുപിടുത്തത്തിലുള്ള പരിചയസമ്പത്തുവച്ച് അത് വിഷമില്ലാത്ത ഇനത്തിൽ പെട്ടതാണെന്നാണ് ഇവരുടെ നിഗമനം. എന്നാൽ ഉഗ്രവിഷമുള്ള ഈസ്റ്റേൺ ബ്രൗൺ ഇനത്തിൽപ്പെട്ട പാമ്പുകൾക്ക് വരെ നിഷ്പ്രയാസം ഉയരങ്ങളിലേക്ക് ഇഴഞ്ഞു കയറാൻ സാധിക്കുമെന്നിരിക്കെ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ഓർമപ്പെടുത്താനാണ് ലിസയുടെ ശ്രമം. എന്തായാലും  വിഡിയോ വളരെ വേഗം പ്രചാരം നേടി കഴിഞ്ഞു. ഇത്തരത്തിൽ പാമ്പുകൾ പറന്നുവന്ന് ശരീരത്തിലേക്ക് പതിച്ചാലുള്ള അവസ്ഥയോർത്ത് ഭയം തോന്നുന്നതായാണ് പലരുടെയും പ്രതികരണം. അതേസമയം വിഡിയോ കണ്ടശേഷം പുറത്തിറങ്ങാൻ തന്നെ ഭയം തോന്നുന്നുവെന്ന് പ്രതികരിക്കുന്നവരും കുറവല്ല.

 

English Summary: Snake leaps through air before slithering away unfazed, catchers issue reptile 'explosion' warning

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com