രണ്ട് വർഷമായി തങ്ങളെ കുഴപ്പിച്ച ചോദ്യത്തിന് ഒടുവിൽ ഉത്തരം കണ്ടെത്തിയ ആശ്വാസത്തിലാണ് ജപ്പാനിലെ സൈകായ് നാഷണൽ പാർക്കിലെ മൃഗശാല അധികൃതർ. മൃഗശാലയിലെ 12കാരിയായ മോമോ എന്ന ഗിബ്ബൺ കുരങ്ങിന്റെ ഗർഭധാരണം സംബന്ധിച്ചായിരുന്നു സംശയങ്ങളും പ്രശ്നങ്ങളും.
ഒരു കുരങ്ങ് ഗർഭിണിയായതിൽ ഇത്ര ആശ്ചര്യപ്പെടാൻ എന്താണെന്നല്ലേ...രണ്ട് വർഷമായി ഏകാന്ത വാസത്തിലായിരുന്നു ഈ കുരങ്ങ്. സമീപത്തെ കൂടുകളില്‍ ആണ്‍കുരങ്ങുകളുണ്ടെങ്കിലും ഉറപ്പുള്ള കമ്പികളാലും വേലികള്‍ കൊണ്ടും ഇവ തിരിച്ചിരുന്നു. പിന്നെ എങ്ങനെ മോമോ ഗർഭം ധരിക്കും? ഇതേ ചോദ്യമാണ് മൃഗശാല അധികൃതരെയും കുഴക്കിയത്. 2021 ഫെബ്രുവരിയിലാണ് മോമോ ഒരു ആണ്‍കുരങ്ങിനെ പ്രസവിച്ചത്. കുഞ്ഞിന്‍റെ അച്ഛനാരെന്നറിയാന്‍ അധികൃതര്‍ ഒടുവില്‍ ഡിഎന്‍എ പരിശോധന നടത്തി. ആണ്‍ കുരങ്ങുകളുടെയും കുഞ്ഞിന്‍റെയും മുടിയും വിസര്‍ജ്യവും ശേഖരിച്ചാണ് പരിശോധന നടത്തിയതെന്നും രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പരിശോധനയില്‍ 34കാരനായ ഇറ്റോ എന്ന ഗിബ്ബണ്‍ കുരങ്ങാണ് അച്ഛനെന്ന് കണ്ടെത്തി. പക്ഷേ എങ്ങനെയെന്ന ചോദ്യവും അവശേഷിച്ചു. ഒടുവില്‍ ആ രഹസ്യവും അധികൃതര്‍ തന്നെ കണ്ടെത്തി. കുരങ്ങുകളെ കാണാനായി സഞ്ചാരികള്‍ക്ക് വേണ്ടി പ്രത്യേക പ്രവേശന കവാടം ഒരുക്കിയിരുന്നു. ഈ ഇടനാഴി വേര്‍തിരിച്ചിരുന്നത് സുഷിരങ്ങളുള്ള ഒരു ബോര്‍ഡ് ഉപയോഗിച്ചും. 9 മില്ലിമീറ്റർ വ്യാസമുള്ള ദ്വാരങ്ങള്‍ ഈ ബോര്‍ഡിനുണ്ടായിരുന്നു. പ്രദര്‍ശനത്തിനായി കൊണ്ടുപോകുമ്പോള്‍ ഈ വിടവ് ഉപയോഗിച്ചാകാം ഇണചേര്‍ന്നതെന്നാണ് അധികൃതരുടെ കണ്ടെത്തല്‍.ഇത് കണ്ടെത്തിയതിന് പിന്നാലെ അധികൃതര്‍ വിടവ് അടയ്ക്കുകയും ചെയ്തു. ഇറ്റോയെ മോമോയ്ക്കും കുഞ്ഞിനുമൊപ്പം മാറ്റുമെന്നും അധികൃതര്‍ അറിയിച്ചു.
English Summary: Japanese zoo solves mystery of isolated gibbon's pregnancy