സ്രാവിന്റെ ആക്രമണത്തിൽ 16കാരിക്ക് ദാരുണാന്ത്യം. പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ പെർത്തിലെ നദിയിലാണ് ദാരുണമായ സംഭവം നടന്നത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.45നാണ് സ്വാൻ നദിയിലെ പാലത്തിനു സമീപം അപകടം സംഭവിച്ചതായി പൊലീസിന് വിവരം ലഭിക്കുന്നത്. നദിയിൽ ജെറ്റ് സ്കീയിങ് നടത്തുകയായിരുന്ന പെൺകുട്ടി ഒരുകൂട്ടം ഡോൾഫിനുകളെ കണ്ടാണ് അവയ്ക്കൊപ്പം നീന്താനായി നദിയിലേക്ക് എടുത്തുചാടിയത്. ഉടൻതന്നെ സ്രാവുകൾ പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് അധികൃതർ വ്യക്തമാക്കി.
പൊലീസ് സംഭവസ്ഥലത്തെത്തിയതിനു ശേഷമാണ് ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയെ വെള്ളത്തിൽ നിന്ന് പുറത്തെടുത്തത്. കരയിലെത്തിച്ചതിനു ശേഷമാണ് പെൺകുട്ടി ജീവൻവെടിഞ്ഞതെന്നും പൊലീസ് വ്യക്തമാക്കി. ഏത് വിഭാഗത്തിൽപ്പെട്ട സ്രാവാണ് പെൺകുട്ടിയെ ആക്രമിച്ചതെന്ന് വ്യക്തമല്ല. 2021 നവംബറിലും പെർത്തിലെ പോർട്ട് ബീച്ചിനു സമീപം ഗ്രേറ്റ് വാറ്റ് ഷാർക്കിന്റെ ആക്രമണത്തിൽ 57കാരൻ കൊല്ലപ്പെട്ടിരുന്നു. സ്വാൻ നദിയിൽ 2021 ജനുവരിയിൽ നീന്താനിറങ്ങിയ ആളെ ബുൾ ഷാർക്ക് വിഭാഗത്തിൽപ്പെട്ട സ്രാവ് ആക്രമിച്ചിരുന്നു
English Summary: 16-Year-Old Girl Killed By Shark During Swim With Dolphins in Australia