ADVERTISEMENT

വളർത്തു പക്ഷികളും മൃഗങ്ങളുമൊക്കെ ഉടമകളെ പിന്തുടരുന്നത് പതിവു കാഴ്ചയാണ്. എന്നാൽ ഇതിൽ നിന്നൊക്കെ വ്യത്യസ്തമായ ഒരു സൗഹൃദക്കാഴ്ചയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഉത്തർപ്രദേശിലെ അമേഠിയിൽ നിന്നുള്ളതാണ് വേറിട്ട ഈ സൗഹൃദക്കാഴ്ച. ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്ന  മുഹമ്മദ് ആരിഫ് എന്ന യുവാവിനെ പിന്തുടരുന്ന സാരസ് കൊക്കിന്റെ ദൃശ്യമാണിത്. ആരിഫ് എവിടെപ്പോയാലും പക്ഷി പിന്നാലെ പറന്നെത്തും. പ്രദേശവാസികൾക്കെല്ലാം അദ്ഭുതമാണ് ഈ അപൂർവ സൗഹൃദക്കാഴ്ച.

കഴിഞ്ഞ വർഷം അമേഠിലെ കൃഷിയിടത്തിൽ നിന്നാണ് പരുക്കേറ്റ നിലയിൽ പറക്കാനാവാതെ കിടക്കുന്ന സാരസ് കൊക്കിനെ മുഹമ്മദ് ആരിഫിന് കിട്ടുന്നത്. ഉടൻ തന്നെ ആരിഫ് അതിനെ വീട്ടിൽ കൊണ്ടുപോയി ശുശ്രൂഷിച്ചു. കാലിനായിരുന്നു പരുക്ക്. ദിവസങ്ങളോളം നന്നായി പരിചരിച്ചതോടെ പക്ഷിയുടെ മുറിവുണങ്ങി അത് ആരോഗ്യം വീണ്ടെടുത്തു. പിന്നീട് ആരിഫ് അതിനെ സ്വതന്ത്രമാക്കി. മറ്റു പക്ഷികൾക്കൊപ്പം പോയാൽ പിന്നെ തിരികെയെത്തില്ലെന്നാണ് ആരിഫ് കരുതിയത്. എന്നാൽ  പക്ഷിയെ പുറത്തേക്ക് പറത്തിവിട്ടെങ്കിലും അത് ആരിഫിനെ വിട്ടുപോകാൻ കൂട്ടാക്കിയില്ല. അന്നു തുടങ്ങിയ സൗഹൃദമാണ് പക്ഷിയും ആരിഫും തമ്മിൽ. പക്ഷി പകലൊക്കെ എവിടെ പോയാലും വൈകുന്നേരമാകുമ്പോൾ ആരിഫിന്റെ വീട്ടിൽ തിരിച്ചെത്തും. ഏറെനേരം ആരിഫിനൊപ്പം സമയം ചിലവഴിക്കുകയും െചയ്യും. ആരിഫല്ലാതെ മറ്റു കുടുംബാംഗങ്ങളോടൊന്നും പക്ഷിക്ക് അടുപ്പമില്ല.

ആരിഫ് ഇരുചക്രവാഹനത്തിൽ എവിടെപ്പോയാലും പക്ഷി പിന്തുടരും. 25–30 കിലോമീറ്റർ വരെ വാഹനത്തിനു പിന്നാലെ പക്ഷി പറന്നെത്താറുണ്ട്.  പകൽ മുഴുവനും മറ്റു കൊക്കുകൾക്കൊപ്പമാണ് സമയം ചിലവഴിക്കുന്നതെങ്കിലും മറ്റു പക്ഷികൾ ചേക്കേറുന്ന സമയമാകുമ്പോഴേക്കും വീട്ടിലേക്ക് പറന്നെത്തും. പിന്നീട് മറ്റു പക്ഷികൾ വിളിക്കാൻ വീടിനു സമീപമെത്തിയാലും പോകാൻ കൂട്ടാക്കാതെ വരന്തയിൽ ഒളിക്കുകയാണ് പതിവ്. പീയുഷ് റായ് ആണ് അപൂർവ സൗഹൃദത്തിന്റെ വിഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. ലക്ഷക്കണക്കിനാളുകൾ ഇപ്പോൾത്തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

നീണ്ട കഴുത്തുകളോടും കാലുകളോടും കൂടിയ ഒരിനം ക്രൗഞ്ച പക്ഷിയാണ് സാരസ് കൊക്ക്. ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്കുകിഴക്കൻ ഏഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളിലാണ് ഇവയെ കണ്ടുവരുന്നത്. മത്സ്യം, ഉഭയജീവികൾ, ഷഡ്‌പദങ്ങൾ, ധാന്യങ്ങൾ, കായകൾ എന്നിവയാണ്‌ ഇവയുടെ പ്രധാന ആഹാരം

English Summary: UP man’s unlikely bond with rescued Saras bird causes flutter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com