തമിഴ്നാട് ധര്‍മപുരിയില്‍ കൃഷിയിടത്തില്‍ സ്ഥാപിച്ച അനധികൃത വൈദ്യുതവേലിയിൽത്തട്ടി മൂന്ന് കാട്ടാനകള്‍ ചരിഞ്ഞു. ചരിഞ്ഞ ആനകളെ തുമ്പിക്കൈ ചേര്‍ത്ത് എഴുന്നേല്‍പ്പിക്കാന്‍ കുട്ടി ഉള്‍പ്പെടെ രണ്ട് ആനകള്‍ ശ്രമിച്ച കാഴ്ച നോവായി. അനധികൃതമായി വൈദ്യുതവേലിയിട്ടതിന് മാറണഹള്ളി കോട്ടായി സ്വദേശി മണികണ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തു.
അവര്‍ അഞ്ചുപേര്‍ ഒരുമിച്ചാണ് തീറ്റതേടി മാറണഹള്ളി കോട്ടായി ഗ്രാമത്തിലെ കൃഷിയിടത്തിലിറങ്ങിയത്. തേങ്ങയിടാന്‍ തുമ്പിക്കൈ ഉയര്‍ത്തുന്നതിനിടെ ഷോക്കേറ്റു. മൂവരും അടുത്തടുത്തായി ചരിഞ്ഞു. വൈദ്യുതി ലൈനില്‍ നേരിട്ട് ബന്ധിപ്പിച്ചിരുന്ന ഇലക്ട്രിക് വയര്‍ ഇളകിയത് കൊണ്ടാകാം കുട്ടിയുള്‍പ്പെടെ രണ്ടാനകള്‍ രക്ഷപ്പെട്ടു. പിന്നാലെ ഇവര്‍ വനാതിര്‍ത്തിയിലേക്ക് മാറി. നേരം പുലര്‍ന്നതോടെ ഷോക്കേറ്റ് ചരിഞ്ഞ ആനകള്‍ക്ക് സമീപത്തെത്തി. തുമ്പിക്കൈ കൊണ്ട് മൂവരെയും തലോടി എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു. ഒരു മണിക്കൂറിലധികം പരിശ്രമം തുടര്‍ന്നു. വനപാലകര്‍ ബഹളം കൂട്ടിയെങ്കിലും ആന പിന്തിരിയാന്‍ തയാറായില്ല. ഒടുവില്‍ പടക്കം പൊട്ടിച്ചാണ് കുട്ടിയാനയെ തുരത്തിയത്.
പാട്ടത്തിനെടുത്ത കൃഷിയിടത്തില്‍ വന്യമൃഗശല്യം ഒഴിവാക്കാനാണ് വൈദ്യുതവേലി സ്ഥാപിച്ചിരുന്നതെന്നാണ് മണികണ്ഠന്റെ വാദം. ലൈനില്‍ നിന്നും നേരിട്ട് വൈദ്യുതി എടുത്തതാണ് ആഘാതം കൂട്ടിയത്. സമീപത്തായി കാട്ടുപന്നിയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചിരുന്നതും വനം വകുപ്പ് അന്വേഷിക്കും. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ആനകളുടെ ജഡം സംസ്ക്കരിച്ചു.
English Summary: Three female elephants killed by illegal electric fence in Dharmapuri