6000 വർഷങ്ങൾക്കിടെ ബ്രിട്ടനിൽ ആദ്യമായി ജനിച്ച കാട്ടുപോത്ത്; താരമായി ലിസ്-വിഡിയോ

The first wild baby bison in 6000 years is born in the U.K
Image Credit: Donovan Wright
SHARE

ആയിരക്കണക്കിന് വർഷങ്ങൾക്കിടെ ആദ്യമായി ബ്രിട്ടനിൽ ഒരു കാട്ടുപോത്ത് ജനിച്ചതിന്റെ സന്തോഷത്തിലാണ് അവിടുത്തെ വനംവകുപ്പ് അധികൃതർ. ആറു മാസങ്ങൾക്കു മുൻപ് ജനിച്ച കാട്ടുപോത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ലിസ് ട്രസ്സ് പ്രസ്വകാലത്തേക്ക്  പ്രധാനമന്ത്രിയായിരുന്ന സമയത്തായിരുന്നു കാട്ടുപോത്തിന്റെ ജനനം. അതിനാൽ സമീപപ്രദേശങ്ങളിലുള്ളവർ ലിസ് എന്നാണ് കാട്ടുപോത്തിന് വിളിപ്പേര് നൽകിയിരിക്കുന്നത്. എന്നാൽ വനംവകുപ്പ് ഇതുവരെ ഔദ്യോഗികമായി കാട്ടുപോത്തിന് നാമകരണം നടത്തിയിട്ടില്ല.

കഴിഞ്ഞവർഷം ജൂലൈയിലാണ് കെന്റിലെ വെസ്റ്റ് ബ്ലീൻ വുഡ്സ് വനമേഖലയിൽ ഒരു കൂട്ടം കാട്ടുപോത്തുകളെ എത്തിച്ചത്. പിന്നീട് സെപ്റ്റംബർ 9ന് ലിസ് ജനിക്കുകയായിരുന്നു. ആറുമാസങ്ങൾക്ക് ഇപ്പുറം പകർത്തിയിരിക്കുന്ന ചിത്രങ്ങളിൽ ലിസ് പൂർണ ആരോഗ്യത്തോടെയാണ് കാണപ്പെടുന്നത്. കൊമ്പുകൾ മുളച്ചു വരുന്നതായും ചിത്രങ്ങളിൽ കാണാം. ബ്രിട്ടന്റെ ചരിത്രത്തിൽ തന്നെ ഇടം നേടിയ കാട്ടുപോത്ത് ആരോഗ്യത്തോടെ വളരുന്ന കാഴ്ച ഏറെ സന്തോഷം നൽകുന്നു എന്ന് സുവോളജിക്കൽ ഓപ്പറേഷൻ ഫോർ വൈൽഡ് വുഡ് ട്രസ്റ്റിന്റെ ഡയറക്ടറായ മാർക്ക് ഹാബെൻ പറയുന്നു.

കാട്ടുപോത്തുകളെ വനമേഖലയിൽ സജീവമാക്കുന്ന പദ്ധതി വിജയകരമാണെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായാണ് വനംവകുദ്യോഗസ്ഥർ ലിസിന്റെ ജനനത്തെ കാണുന്നത്. മരങ്ങളിൽ ശരീരം ഉരച്ചും പൂഴിമണ്ണിൽ കുളിച്ചും മറ്റു കാട്ടുപോത്തുകളുടെ രീതികൾ ലിസ് അവലംബിച്ചു തുടങ്ങിയിട്ടുണ്ട്. അതേസമയം കാട്ടുപോത്തുകൾക്ക് പുറമേ യുകെയിൽ വംശനാശം വന്ന പല ജീവികളെയും വനങ്ങളിലേക്ക് തിരികെ എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ് അധികൃതർ.ഇതിന്റെ ഭാഗമായി എക്സ്മൂർ പോണീസ്, അയൺ ഏജ് പിഗ്സ്, ലോങ്ങ് ഹോൺ കാറ്റിൽ എന്നിവയെ വരുന്ന ആഴ്ചകളിൽ വനമേഖലയിലേക്കെത്തിക്കും.

ഇവയെ അടുത്ത് കണ്ടറിയാൻ പൊതുജനങ്ങൾക്കും അവസരം ഉണ്ടായിരിക്കുമെന്നാണ് വിവരം. എന്നാൽ കാട്ടുപോത്തുകളെ ഇത്തരത്തിൽ അടുത്തു കാണാൻ അനുവാദം ഉണ്ടായിരിക്കില്ല.  വേലികെട്ടിത്തിരിച്ച 50 ഹെക്ടർ പ്രദേശത്താണ് കാട്ടുപോത്തുകളെ പാർപ്പിച്ചിരിക്കുന്നത്. അധികം വൈകാതെ ഇവയുടെ വാസസ്ഥലം 200 ഹെക്ടറിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. പീപ്പിൾസ് പോസ്റ്റ് കോഡ് ലോട്ടറിയിലൂടെ സമാഹരിച്ച പണം ഉപയോഗിച്ചാണ് മൃഗങ്ങളെ തിരികെ വനത്തിലേക്കെത്തിക്കുന്ന പദ്ധതി നടത്തി വരുന്നത്.

വനമേഖലയിൽ കാട്ടുപോത്തുകൾ സജീവമായതോടെ അവ സ്വാഭാവിക വഴിത്താരകളും ഒരുക്കി തുടങ്ങിയിട്ടുണ്ട്. വനത്തിനുള്ളിലുണ്ടായിരിക്കുന്ന ഈ മാറ്റങ്ങൾ ഏറെ പ്രതീക്ഷ നൽകുന്നതായി വൈൽഡർ ബ്ലീൻ പ്രോജക്റ്റിന്റെ മാനേജരായ സ്റ്റാൻ സ്മിത്ത് പറയുന്നു. വനത്തിലേക്കെത്തിച്ച മൃഗങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാനായി നിരീക്ഷണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

English Summary: The first wild baby bison in 6000 years is born in the U.K

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS