ADVERTISEMENT

നായകള്‍ക്ക് ഉടമകളോടുള്ള സ്നേഹം പറഞ്ഞറിയിക്കാനാവില്ല. യജമാനനു വേണ്ടി സ്വന്തം ജീവൻ പോലും നഷ്ടപ്പെടുത്താൻ അവയ്ക്ക് മടിയില്ല. അത്തരമൊരു സംഭവമാണ് കഴിഞ്ഞ ദിവസം ക്വീൻസ്ബർഗിലെ എസ്കോമ്പെയിലെ ഒരു വീട്ടിൽ നടന്നത്. പതിവായി ഉച്ചകഴിഞ്ഞ് വിശ്രമിക്കാനിരിക്കുന്ന കൗച്ചിൽ ഇരിക്കാൻ റോട്ട്‌വീലർ വിഭാഗത്തിൽപെടുന്ന വളർത്തുനായ ഉടമയെ അവുവദിച്ചില്ല. നിർത്താതെ കുരച്ചുകൊണ്ട് ഉടമയെ പിടിച്ചുവലിച്ച് അവിടെ നിന്ന് നീക്കിക്കൊണ്ടുപോയി. പിറ്റേന്നും ഇതെ രീതിയിൽ തന്നെ നായ പെരുമാറിയതോടെ ഉടമ ശ്രദ്ധിച്ചു. 

കൗച്ചിന്റെ പിന്നിൽ നോക്കിയാണ് നായ നിർത്താതെ കുരച്ചിരുന്നത്. ഇത് കണ്ട് സംശയം തോന്നിയ ഉടമ കൗച്ച് വലിച്ചു നീക്കി. അപ്പോഴാണ് പിന്നിൽ പതുങ്ങിയിരിക്കുന്ന ബ്ലാക്ക് മാംബയെ കണ്ടത്. കൗച്ച് നീക്കിയതോടെ പാമ്പിനെ ആക്രമിക്കാൻ ഓടിയ നായയെ വാരിയെടുത്ത് ഉടമ അടുത്ത മുറിയിലടച്ചു. ഇല്ലെങ്കിൽ നായ അതിനെ ആക്രമിക്കുമായിരുന്നു. ഉടൻ തന്നെ പാമ്പു പിടുത്ത വിദഗ്ധനായ നിക്ക് ഇവാൻസിനെ വിവരമറിയിക്കുകയും ചെയ്തു.അവിടെത്തിയ നിക്ക് പാമ്പിനെ സുരക്ഷിതമായി നീക്കം ചെയ്തു.  സാധാരണയായി നായ്ക്കൾ പാമ്പിനെ കണ്ടാൽ ഉടൻതന്നെ അതിനെ ആക്രമിക്കുകയാണ് പതിവ്. രക്ഷാപ്രവർത്തകർ എത്തുമ്പോഴേക്കും നായ പാമ്പിനെ കടിച്ചുകൊന്നിരിക്കും. പാമ്പിന്റെ പ്രത്യാക്രമണത്തിൽ നായയ്ക്കും ജീവൻ നഷ്ടപ്പെടും. എന്നാൽ ഇവടെ ഉടമ അവസരോചിതമായി പ്രവർത്തിച്ചതുകൊണ്ട് മാത്രമാണ് അപകടങ്ങൾ ഒഴിവായത്. 

അനേക ജീവിവർഗങ്ങൾ ഇട തിങ്ങി പാർക്കുന്ന ആഫ്രിക്കയിലെ അപകടകാരിയായ പാമ്പാണ് ബ്ലാക്ക് മാംബ. രാജവെമ്പാല കഴിഞ്ഞാൽ ലോകത്തെ ഏറ്റവും നീളമുള്ള വിഷപ്പാമ്പാണ്. മരണത്തിന്റെ ചുംബനം എന്നാണ് ബ്ലാക്ക് മാംബയുടെ കടി ആഫ്രിക്കയിൽ അറിയപ്പെടുന്നത്. അത്ര മാരകമായ വിഷമാണ് ഈ പാമ്പിനുള്ളത്. ന്യൂറോ, കാർഡിയോ ടോക്സിനുകൾ അടങ്ങിയതാണ് ഇവയുടെ മാരക വിഷം. തെക്കൻ ആഫ്രിക്കയിൽ ആളുകൾക്ക് ഏൽക്കുന്ന പാമ്പുകടികളിൽ ഏറിയ പങ്കും ഈ പാമ്പിൽ നിന്നാണ്. ഒട്ടേറെ മരണങ്ങളും ഇതുണ്ടാക്കാറുണ്ട്.

ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പല്ല ബ്ലാക്ക് മാംബ, പക്ഷേ വിഷം ഏൽപിക്കുന്ന രീതിയിലെ മികവ് ഇതിനെ, ഓസ്ട്രേലിയയിലെ കോസ്റ്റൽ ടൈപാനൊപ്പം ലോകത്തെ ഏറ്റവും അപകടകാരിയായ പാമ്പാക്കുന്നു. ഇന്ന് ബ്ലാക്ക് മാംബയുടെ വിഷത്തെ പ്രതിരോധിക്കുന്നതിനുള്ള മറുവിഷങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. എങ്കിലും കടിയേറ്റ ശേഷം ചികിത്സ വൈകിയാൽ ജീവനഷ്ടത്തിനുള്ള സാധ്യത വളരെക്കൂടുതലാണ്. എന്നാൽ കഥകളിൽ പറയുന്നതു പോലെ മനുഷ്യരെ ഓടിച്ചിട്ടു പിടിച്ച് ആക്രമിക്കുന്ന പാമ്പല്ല ബ്ലാക്ക് മാംബയെന്ന് ഗവേഷകർ പറയുന്നു. പരമാവധി നാലു മീറ്റർ വരെയൊക്കെ നീളം വയ്ക്കുന്ന ഇവ കഴിയുന്നതും മനുഷ്യരെ ഒഴിവാക്കാൻ നോക്കാറുണ്ട്. എന്നാ‍ പല പാമ്പുകളെയും പോലെ സ്വയം പ്രതിരോധത്തിനായാണ് ഇവ കടിക്കുന്നത്. 

കടിക്കുമ്പോൾ ഒറ്റത്തവണയല്ല, ഓരോ തവണയും വലിയ അളവിൽ മാരകമായ വിഷം കടിയേൽക്കുന്നയാളുടെ ശരീരത്തിലേക്കു പ്രവഹിക്കും. ബ്ലാക്ക് മാംബ എന്നാണ് അറിയപ്പെടുന്നതെങ്കിലും ബ്രൗൺ നിറത്തിന്റെ വിവിധ വകഭേദങ്ങളിലാണു ബ്ലാക്ക് മാംബ കാണപ്പെടുന്നത്. ഇവയുടെ വായയുടെ ഉൾവശം കറുത്തതാണ്. അതുകൊണ്ടാണ് ഇവയെ ബ്ലാക്ക് മാംബയെന്നു വിളിക്കുന്നത്.

ആഫ്രിക്കയുടെ തെക്കൻ, കിഴക്കൻ മേഖലകളിലെ പുൽമേടുകളിലും മലമ്പ്രദേശങ്ങളിലുമൊക്കെയാണ് ഇവ കൂടുതലായി കാണപ്പെടുന്നത്.എലികൾ, അണ്ണാനുകൾ, ചില പക്ഷികൾ എന്നിവയൊക്കെയാണു ബ്ലാക്ക് മാംബകളുടെ ഇരമൃഗങ്ങൾ.കഥകളിൽ പറയുന്നതു പോലെ കുതിരയുടെ വേഗത്തിൽ ഓടാനുള്ള കഴിവ് ഇല്ലെങ്കിലും മണിക്കൂറിൽ 20 കിലോമീറ്റർ വരെയൊക്കെ വേഗം ഇവയ്ക്കു കൈവരിക്കാം. ലോകത്ത് ഏറ്റവും വേഗത്തിൽ ചലിക്കുന്ന പാമ്പാണു ബ്ലാക്ക് മാംബ.

മൂർഖന്റെ കുടുംബത്തിൽ ഉൾപ്പെടുന്ന ബ്ലാക്ക് മാംബയുടെ പേര് സുലു ഭാഷയിലെ ഇംമാംബ എന്ന പദത്തിൽ നിന്നാണു ലഭിച്ചത്. വേസ്റ്റൺ മാംബ, ഗ്രീൻ മാംബ, ജേസൺസ് മാംബ എന്നിങ്ങനെ മാംബയെന്നു പേരുള്ള മൂന്ന് പാമ്പിനങ്ങൾ കൂടി ആഫ്രിക്കയിലുണ്ട്. ഇവയുടെ ശരീരനിറം പച്ചയാണ്. ബ്ലാക്ക് മാംബയ്ക്ക് ആഫ്രിക്കയിൽ അധികം വേട്ടക്കാരില്ല. ചില കഴുകൻമാരാണ് ഇവയെ പ്രധാനമായും വേട്ടയാടുന്നത്. പൂർണ വളർച്ചയെത്താത്ത മാംബകളെ കീരികൾ, ഹണി ബാഡ്ജർ എന്ന ജീവികൾ, ചില വേഴാമ്പലുകൾ എന്നിവ വേട്ടയാടാറുണ്ട്.

English Summary: Dog's Warning Saves Owner From Black Mamba Hidden Behind Couch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com