പക്ഷിയുടെ ചിറകിൽ കടിച്ചുവലിച്ച് പാമ്പ്; നടന്നത് വാശിയേറിയ പോരാട്ടം- വിഡിയോ
Mail This Article
വ്യത്യസ്ത ഇനത്തിൽപ്പെട്ട ജീവികൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾ എപ്പോഴും കാഴ്ചക്കാർക്ക് കൗതുകമുണർത്തുന്നതാണ്. വലുപ്പത്തിലും രൂപത്തിലുമെല്ലാം തികച്ചും വ്യത്യസ്തത പുലർത്തുന്ന ജീവികൾ ഏറ്റുമുട്ടിയാൽ അവയിൽ ആരു ജയിക്കും എന്നത് പ്രവചനാതീതവുമാണ്. അത്തരത്തിലൊരു ഏറ്റുമുട്ടലിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വെള്ളത്തിൽ വച്ച് പരസ്പരം പോരാടുന്ന ഒരു പക്ഷിയും പാമ്പുമാണ് വിഡിയോയിൽ.
ജലത്തിൽ വസിക്കുന്ന ഇനത്തിൽപ്പെട്ട പാമ്പ് വെളുത്ത നിറത്തിലുള്ള ഒരു പക്ഷിയെയാണ് ആക്രമിക്കുന്നത്. വെള്ളത്തിലൂടെ നീങ്ങുകയായിരുന്ന പക്ഷിയുടെ ചിറകിൽ തന്നെ പാമ്പ് കടിച്ചുവലിച്ചു. എന്നാൽ പെട്ടെന്നുള്ള ആക്രമണത്തിൽ പതറാതെ അപ്പോൾ തന്നെ നീണ്ട കൊക്കുപയോഗിച്ച് പക്ഷി പാമ്പിന്റെ തലയിൽ കൊത്തിപ്പിടിക്കുന്നതും കാണാം. അതുകൊണ്ടൊന്നും പക്ഷിയുടെ മേലുള്ള പിടിവിടാൻ പാമ്പ് തയാറായിരുന്നില്ല. അത് ശക്തിയോടെ പക്ഷിയെ വെള്ളത്തിലേക്ക് വലിച്ചുകൊണ്ടു പോകാൻ ശ്രമിക്കുകയാണ്.
വിട്ടുകൊടുക്കാൻ തയാറാകാതെ പക്ഷി പല ആവർത്തി പാമ്പിന്റെ തലയിൽ ശക്തിയായി കൊക്കുകൾകൊണ്ട് ആക്രമിക്കുന്നുണ്ട്. ഇതിനിടെ പക്ഷിയുടെ തൂവലുകളിൽ നിന്ന് ചോര പൊടിയുകയും ചെയ്തു. എന്നാൽ എത്രയൊക്കെ ശ്രമിച്ചിട്ടും പക്ഷിയെ ഇരയാക്കാൻ പാമ്പിനു സാധിച്ചില്ല. ഏറെ നേരം പരസ്പരം പോരാടിയെങ്കിലും ഒടുവിൽ രണ്ടുപേരും പിന്മാറി. അല്പസമയത്തിനുശേഷം പക്ഷിയും പാമ്പും തടാകത്തിന്റെ കരയിലേക്ക് മടങ്ങുന്നതും വിഡിയോയിലുണ്ട്. ജീവഹാനി സംഭവിച്ചില്ലെങ്കിലും ശരിയായ വിധം നടക്കാനാവാത്ത നിലയിലായിരുന്നു പക്ഷി.
സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ വിഡിയോ വളരെ വേഗത്തിൽ ജനശ്രദ്ധ നേടി. പക്ഷിയുടെ സ്ഥിതി കണ്ട് സഹതാപം തോന്നുന്നു എന്നാണ് ഭൂരിഭാഗം പേരും കമന്റായി കുറിക്കുന്നത്. ഇരയുടെ വലുപ്പം അറിയാതെ പിടികൂടാൻ ശ്രമിച്ചതാണ് പാമ്പിനുപറ്റിയ അബദ്ധമെന്ന് മറ്റുചിലർ പറയുന്നു. ജലത്തിൽ വസിക്കുന്ന പാമ്പുകൾക്ക് പൊതുവേ വിഷം കുറവാണെന്നും ഒറ്റക്കടിയിൽ ഇരയെ ബോധം കെടുത്താനുള്ള ശക്തി അവയ്ക്കില്ലെന്നും പ്രതികരണങ്ങളുണ്ട്. പക്ഷി എത്രയും വേഗത്തിൽ സുഖം പ്രാപിക്കുമെന്ന പ്രത്യാശ പ്രകടിപ്പിക്കുന്നവരും കുറവല്ല.
Engliish Summary: Snake And Bird Involved In Ferocious Fight; Internet Can't Predict a Winner