മേട്ടുപ്പാളയം കാരമടയില്‍ വനാതിര്‍ത്തിയിലെ കൃഷിയിടത്തില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തിയ കാട്ടാനയ്ക്ക് ചികില്‍സ നല്‍കിത്തുടങ്ങി. മയക്കുവെടിയുതിര്‍ത്ത് നിയന്ത്രിച്ച ശേഷം കുങ്കിയാനയുടെ സഹായത്തോടെയാണ് തമിഴ്നാട് വനംവകുപ്പിന്റെ ചികില്‍സ. ഒരാഴ്ചയിലേറെയായി ഭക്ഷണം പോലും കഴിക്കാനാവാതെ കാട്ടാന പ്രദേശത്ത് തുടരുകയായിരുന്നു.
ഒരാഴ്ച മുന്‍പാണ് കഴുത്തില്‍ മുറിവേറ്റ നിലയില്‍ ആനയെ വനാതിര്‍ത്തിയില്‍ നാട്ടുകാര്‍ കണ്ടത്. കൃഷിയിടത്തിലിറങ്ങുന്നത് പതിവാക്കിയതോടെ കര്‍ഷകര്‍ വനംവകുപ്പിനെ വിവരമറിയിച്ചു. ഭക്ഷണം ഉള്‍പ്പെടെ നല്‍കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്നാണ് മയക്കുവെടിയുതിര്‍ക്കാന്‍ തീരുമാനിച്ചത്. വിദഗ്ധസംഘം മുത്തുക്കല്ലൂര്‍ മേഖലയില്‍ വച്ച് ആനയെ മയക്കുവെടിയുതിര്‍ത്ത് നിയന്ത്രിച്ചു.
സഹായത്തിനായി ചിന്നത്തമ്പിയെന്ന കുങ്കി ആനയെയും സ്ഥലത്ത് എത്തിച്ചിരുന്നു. ആനയുടെ ക്ഷീണം മാറ്റാന്‍ ഗ്ലൂക്കോസും മരുന്നും നല്‍കി. പരുക്കേറ്റ ഭാഗത്ത് മരുന്ന് കെട്ടി സുരക്ഷിതമാക്കി. ഒരാഴ്ച ആനയ്ക്ക് വിദദ്ധ പരിചരണം നല്‍കും. ആരോഗ്യസ്ഥിതി മെച്ചപ്പെടാത്ത സാഹചര്യമെന്ന് കണ്ടാല്‍ കോയമ്പത്തൂരിലെ ആന പരിചരണ കേന്ദ്രത്തിലേക്ക് മാറ്റാനും വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ആനയെ നിരീക്ഷിക്കുന്നതിനായി ഇരുപത്തി നാല് മണിക്കൂറും പ്രത്യേക വനപാലകരും വെറ്ററിനറി ഡോക്ടര്‍മാരും സ്ഥലത്ത് തുടരും. മികച്ച കുങ്കിയാനകളിലൊന്നായ ചിന്നത്തമ്പിയും സ്ഥലത്ത് തുടരുമെന്ന് വനപാലകസംഘം അറിയിച്ചു.
English Summary: Forest Dept. begins treatment for tusker