പുണെ നഗരത്തിൽ പുലിയിറങ്ങി; വീട്ടിലെത്തി വളർത്തുനായയെ കടിച്ചുകൊന്നു

Leopard spotted in Pune, mauls dog to death; shocking video surface
Grab Image from video shared on Twitter by Aman Sayyad/@journo_aman/ ANI
SHARE

മുംബൈയിലെ ദന്തോഷി മേഖലയിൽ കണ്ടെത്തിയ പുലിയെ പിടികൂടിയതിന് പിന്നാലെ പുണെ നഗരത്തിൽ മറ്റൊരു പുലിയെ കണ്ടതായി റിപ്പോർട്ട്. രാത്രി സമയത്ത് പുലി ഒരു നായയെ ആക്രമിച്ചു കൊല്ലുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പ്രദേശത്ത് പുലിയുടെ സാന്നിധ്യമുള്ളതായി തിരിച്ചറിഞ്ഞത്. ഹിഞ്ച്വാഡി മേഖലയിൽ ജീവിക്കുന്ന ഒരു കർഷകന്റെ വളർത്തു നായയെയാണ് പുലി കൊലപ്പെടുത്തിയത്. സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടി.

വീടിന്റെ മുൻ ഭാഗത്തുള്ള വരാന്തയിൽ തുടലിൽ കെട്ടിയിട്ട നിലയിൽ ഉറങ്ങുകയായിരുന്നു നായ.  ഈ സമയത്ത് മുറ്റത്ത് നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനങ്ങൾക്കിടയിൽ നിന്നും വളരെ സാവധാനത്തിൽ പുള്ളിപ്പുലി നായയെ ലക്ഷ്യമാക്കിയെത്തുന്നത് വിഡിയോയിൽ കാണാം. പുലി തൊട്ടരികിൽ എത്തുന്നത് വരെ നായ അതിനെ കണ്ടിരുന്നില്ല. പുലിയെ കണ്ടതും നായ കുരച്ചുകൊണ്ട് ഞെട്ടിയെഴുന്നേറ്റു. എന്നാൽ അപ്പോഴേക്കും ഏറെ വൈകി പോയിരുന്നു. നായയുടെ കഴുത്തിൽ തന്നെ കടിച്ചായിരുന്നു പുലിയുടെ ആക്രമണം. തുടലിൽ കിടന്ന അവസ്ഥയിൽ നായയ്ക്ക് രക്ഷപ്പെടാനും സാധിച്ചില്ല. 

കൈകാലുകളിട്ടടിച്ച് ചെറുത്തുനിൽക്കാൻ നായ ശ്രമിച്ചെങ്കിലും ഏതാനും മിനിറ്റുകൾക്കുള്ളിൽ പുലിയുടെ ആക്രമണത്തിൽ ജീവനറ്റു. തുടലിൽ കിടന്ന നിലയിൽ ആദ്യം നായയെ ഭക്ഷിക്കാൻ ശ്രമിച്ച പുലി പിന്നീട് അതിനെ വലിച്ചുകൊണ്ടു പോകാനുള്ള ശ്രമമായിരുന്നു. ഒന്ന് രണ്ട് തവണ ശ്രമിച്ചതോടെ തുടലിൽ നിന്നും നായയുടെ ജഡം പുലിക്ക് വേർപെടുത്താനായി. നായയെയും കടിച്ചു വലിച്ചുകൊണ്ട് പുലി ഇരുട്ടിലേക്ക് മറയുകയും ചെയ്തു.

ദൃശ്യങ്ങൾ കണ്ട് ഏറെ ഭയത്തോടെയാണ് ഭൂരിഭാഗം ആളുകളും പ്രതികരണങ്ങൾ അറിയിക്കുന്നത്. രാത്രിസമയത്ത് നായയെ ബന്ധിച്ചിടേണ്ടിയിരുന്നില്ല എന്ന് ചിലർ കുറിക്കുന്നു. അതേസമയം പുലി ജനവാസ മേഖലയിലേക്ക് ഇറങ്ങി എന്ന് പറയുന്നതിനേക്കാൾ മനുഷ്യർ അവയുടെ ആവാസ വ്യവസ്ഥ കൈയടക്കിയതും മൂലം നിവൃത്തിയില്ലാതെ  പുലി കാടിറങ്ങി വന്നു എന്ന് പറയുന്നതാണ് ശരിയെന്ന് മറ്റൊരാൾ ചൂണ്ടി കാണിക്കുന്നു. പുലി ആക്രമിക്കാൻ എത്തുന്നത് കണ്ട് നായ ബഹളം വച്ചിട്ടും ശബ്ദം കേട്ട് ഉടമസ്ഥർ പുറത്തേക്ക് വരാഞ്ഞത് എന്താണെന്നാണ് മറ്റു ചിലരുടെ സംശയം. എന്തായാലും ജനവാസ മേഖലകളിൽ പുലിയിറങ്ങുന്നത് നിത്യസംഭവമായതോടെ ജനങ്ങൾ പരിഭ്രാന്തിയിലാണ്.

English Summary: Leopard spotted in Pune, mauls dog to death; shocking video surface

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS
FROM ONMANORAMA