പാമ്പ് എന്ന് കേൾക്കുന്നത് തന്നെ ഭയമാണ്. അപ്പോൾ അതേ പാമ്പ് ആക്രമിക്കാനെത്തിയാലോ? പറഞ്ഞു വരുന്നത് പാമ്പിനെ തുരത്തിയ പൂച്ചയെക്കുറിച്ചാണ്. ഈ ദൃശ്യമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. പൂച്ചകൾക്ക് പാമ്പുകളെ അത്ര ഭയമൊന്നുമില്ല. പാമ്പിനെ കണ്ടാൽ അങ്ങനെയങ്ങ് വിട്ടുകളയാനും പൂച്ചകൾ ശ്രമിക്കാറില്ല. ഇത്തരത്തിൽ തന്നെ ആക്രമിക്കാനെത്തിയ പാമ്പിൽ നിന്ന് അതിവിദഗ്ധമായി രക്ഷപ്പെടുന്ന പൂച്ചയുടെ ദൃശ്യമാണിത്.
പൂച്ചയും പാമ്പും തമ്മിലുള്ള പോരാട്ടത്തില്‍ ആര് ജയിക്കും എന്ന് ദൃശ്യം കാണുന്ന ആർക്കും സംശയം തോന്നാം. വിഷപ്പാമ്പിനോട് മല്ലിടാന്‍ പൂച്ചയ്ക്കാകുമോ? അതിനുള്ള ഉത്തരമാണ് ഈ വിഡിയോ. രണ്ട് പൂച്ചകളുടെ അരികിലേക്ക് ഇഴഞ്ഞെത്തുകയായിരുന്നു പാമ്പ്. അതിൽ ഒരു പൂച്ചയുടെ അടുത്തേക്ക് പതുങ്ങിയെത്തിയ പാമ്പ് അതിന്റെ മുഖത്തിനു സമീപത്തേക്കുയർന്ന് കടിക്കാനായി വായ തുറന്നു. പാമ്പ് പൂച്ചയെ ആക്രമിക്കുമെന്ന് കാഴ്ചക്കാർ കരുതി. എന്നാല്‍ ഞൊടിയിടയിൽ പകച്ചു നിൽക്കാതെ പാമ്പിന്റെ മുഖത്ത് തന്നെ കൈവീശി ആഞ്ഞടിക്കുന്ന പൂച്ചയെ ദൃശ്യത്തിൽ കാണാം. പാമ്പ് ഉടന്‍ തന്നെ താഴേക്ക് പതിച്ചു. പൂച്ചയുടെ പ്രതികരണം കണ്ട് അമ്പരന്നിരിക്കുകയായണ് കാഴ്ചക്കാർ. പൂച്ചകളുടെ പ്രതികരണശേഷിയെക്കുറിച്ചാണ് അഭിപ്രായങ്ങളേറെയും ആളുകൾ പങ്കുവയ്ക്കുന്നത്. വയേഡ് ആൻഡ് ടെറിഫൈയിങ് എന്ന ട്വിറ്റർ പേജിലാണ് ദൃശ്യം പങ്കുവച്ചത്. ലക്ഷക്കണക്കിനാളുകൾ ഇപ്പോൾത്തന്നെ ദൃശ്യം കണ്ടുകഴിഞ്ഞു.
English Summary: Snake Attacks Cat Thinking It Would Be Easy Prey