ഉറങ്ങാനെത്തിയ യുവതി കണ്ടത് പുതപ്പിലൂടെ ഇഴയുന്ന ഉഗ്രവിഷമുള്ള വമ്പൻ പാമ്പിനെ

Australian Woman Finds Highly Venomous 6-Foot-Long Snake Slithering In Her Bed
Image Credit: Facebook/ Zachery's Snake and Reptile Relocation
SHARE

ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് മെത്തയും വിരിപ്പുകളും കട്ടിലുമെല്ലാം നന്നായി പരിശോധിച്ചില്ലെങ്കിൽ ചിലപ്പോൾ ജീവൻ തന്നെ നഷ്ടപ്പെട്ടെന്ന് വരാം. കാരണം പുതപ്പിനടിയിലും തലയിണ കവറിലുമൊക്കെയായി ചിലപ്പോൾ ഉഗ്രവിഷമുള്ള ജീവികളാവും മറഞ്ഞിരിക്കുന്നത്. ഇക്കാര്യം ഓർമിപിക്കുകയാണ് ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡ് സ്വദേശിനിയായ ഒരു യുവതിക്കുണ്ടായ അനുഭവം. ഉഗ്ര വിഷമുള്ള ഈസ്റ്റേൺ ബ്രൗൺ സ്നേക്ക് വിഭാഗത്തിൽപ്പെട്ട ആറടി നീളമുള്ള  പാമ്പാണ് ഇവരുടെ കിടക്കയിൽ പതുങ്ങിയിരുന്നത്. 

പാമ്പിനെ യഥാസമയത്ത് കണ്ടതുകൊണ്ട് മാത്രമാണ് വലിയ ദുരന്തം ഒഴിവായത്. പാമ്പിന്റെ വലുപ്പം കണ്ട് പരിഭ്രമിച്ചു പോയെങ്കിലും സംയമനം കൈവിടാതെ അവർ പെട്ടെന്നു തന്നെ മുറിയുടെ വാതിൽ അടച്ച് താഴെയുള്ള വിടവിൽ ടർക്കി തിരുകി പാമ്പ് പുറത്തേക്ക് ഇറങ്ങില്ലെന്ന് ഉറപ്പുവരുത്തി. അതിനുശേഷം സഖറിസ്  സ്നേക്ക് ആൻഡ് റെപ്ടൈൽ റീലൊക്കേഷൻ  എന്ന സംഘടനയുമായി ബന്ധപ്പെട്ട് സഹായം തേടുകയും ചെയ്തു. സ്ഥാപനത്തിന്റെ ഉടമയായ സഖറി റിച്ചാർഡ്സ് ഉടൻതന്നെ ഇവരുടെ വീട്ടിലേക്ക് എത്തുകയായിരുന്നു.

താൻ വീട്ടിലെത്തുന്ന സമയത്ത് ഉടമസ്ഥ വാതിലുകൾ അടച്ച ശേഷം പുറത്തു തന്നെ കാത്തു നിൽക്കുന്നുണ്ടായിരുന്നുവെന്ന്  സഖറി വിശദീകരിച്ചു. പാമ്പിന് രക്ഷപ്പെടാനാവാത്ത വിധം കൃത്യമായി വാതിൽ അടച്ച് ഉടമസ്ഥ സുരക്ഷ ഒരുക്കിയതാണ് ഗുണകരമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഖറി മുറിയിൽ പ്രവേശിക്കുന്ന സമയത്തും പാമ്പ് കിടക്കയിൽ തന്നെ തുടരുകയായിരുന്നു. പാമ്പിന് വഴുതി മാറാനാവും മുൻപുതന്നെ അതിനെ പിടികൂടി ബാഗിനുള്ളിലാക്കി ജനവാസ മേഖലയിൽ നിന്നും അകലെയുള്ള സ്ഥലത്തേക്ക് തുറന്നു വിടുകയും ചെയ്തു. സഖറി തന്നെയാണ് കട്ടിലിൽ കിടക്കുന്ന പാമ്പിന്റെ ചിത്രങ്ങൾ പുറത്തുവിട്ടത്.

ജനാല തുറന്നിട്ട നിലയിലായതിനാലാവാം പാമ്പ് എളുപ്പത്തിൽ വീടിനുള്ളിലേക്ക് കയറിയതെന്നാണ്നിഗമനം. ഏഴടി വരെ നീളത്തിൽ വളരുന്നവയാണ് ഈസ്റ്റേൺ ബ്രൗൺ പാമ്പുകൾ. വിഷത്തിന്റെ ശക്തിയുടെ കാര്യത്തിൽ ലോകത്ത് രണ്ടാം സ്ഥാനമാണ് ഇവയ്ക്കുള്ളത്. ഉഗ്രവിഷമുള്ള ഇനമാണെങ്കിലും ഓസ്ട്രേലിയയിൽ ഇവയെ കണ്ടെത്തുന്നത് അത്ര അപൂർവമല്ല. വളരെ വേഗത്തിൽ ഇഴഞ്ഞു നീങ്ങുന്നവയായതിനാൽ ഇവ വീടിനുള്ളിൽ കയറിയാൽ കണ്ടെത്തുന്നതും പിടികൂടുന്നതും ശ്രമകരമാണ്. അതിനാൽ വീടിനുള്ളിലാണ് അവയെ കണ്ടെത്തുന്നതെങ്കിൽ എത്രയും വേഗം മറ്റു ഭാഗങ്ങളിലേക്ക് ഇഴഞ്ഞു നീങ്ങാതെ ശ്രദ്ധിക്കണമെന്ന് പാമ്പുപിടുത്ത വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

English Summary: Australian Woman Finds Highly Venomous 6-Foot-Long Snake Slithering In Her Bed

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA