ചീറ്റകളുടെ വേഗം അദ്ഭുതപ്പെടുത്തുന്നതാണ്. ഈ ഓട്ടം വേട്ടയാടാനായി ആണെങ്കിലോ? മുന്നിലെത്തുന്ന ഇരയ്ക്ക് ഓടി രക്ഷപ്പെടാനാവില്ലെന്നുറപ്പ്. ഇപ്പോൾ അത്തരത്തിൽ രണ്ട് ചീറ്റകൾ ചേർന്ന് ഒരു ഇമ്പാലയെ വേട്ടയാടി കീഴടക്കുന്ന ദൃശ്യമാണ് പുറത്തുവരുന്നത്. ദക്ഷിണാഫ്രിക്കയിലെ പിലാനസ്ബർഗ് ഗെയിം റിസർവിൽ നിന്നുള്ളതാണ് ഈ ദൃശ്യം.
വനത്തിനുള്ളിലൂടെ സഞ്ചാരികളെയും വഹിച്ചുകൊണ്ടുപോകുന്ന ഒരു സഫാരി ജീപ്പിനു തൊട്ടുമുന്നിൽ വച്ചായിരുന്നു ചീറ്റകളുടെ ഈ വേട്ടയാടൽ. അനേകം ഇമ്പാലകൾ കൂട്ടമായി വനപാതയോട് ചേർന്ന് നിൽക്കുന്നത് വിഡിയോയിൽ കാണാം. എന്നാൽ പെട്ടെന്ന് അവ നാലുവശത്തേക്കും ചിതറിയോടാൻ തുടങ്ങി. അവയെ പിടികൂടാനായി ചീറ്റകൾ പാഞ്ഞെത്തുന്നത് കണ്ടായിരുന്നു പരിഭ്രമിച്ചുള്ള ഈ ഓട്ടം. ഇമ്പാലകളെ കണ്ട് വിഡിയോ പകർത്തുകയായിരുന്ന സഞ്ചാരികളുടെ ക്യാമറയിൽ ഈ കാഴ്ച പതിയുകയായിരുന്നു.
കാടിന് മറുവശത്തേക്ക് ഭയന്നോടിയ ഇമ്പാലകൾക്ക് പിന്നാലെ ഒരു ചീറ്റ പാഞ്ഞു. എന്നാൽ അവ മരക്കൂട്ടങ്ങൾക്കിടയിലേക്ക് മറഞ്ഞതിനാൽ രക്ഷപ്പെടാനായോ എന്നത് വ്യക്തമല്ല. എന്നാൽ അപ്പോഴാണ് മറ്റൊരു ചീറ്റ ജീപ്പിനു മുന്നിലേക്ക് ഓടിയെത്തി ഇമ്പാലകളിൽ ഒന്നിനെ പിടികൂടിയത്. കഴുത്തിൽ തന്നെ പിടിമുറുക്കിയതിനാൽ ഇമ്പാലയ്ക്ക് കുതറി നീങ്ങാനും സാധിച്ചില്ല. ഈ സമയം രണ്ടാമതൊരു ചീറ്റ കൂടി അവിടേക്കെത്തി.
അപ്പോഴേക്കും പിടിയിലായ ഇമ്പാലയുടെ ജീവൻ നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. തൊട്ടു പിന്നാലെ ഇരു ചീറ്റകളും ചേർന്ന് ഇരയെ കടിച്ചെടുത്ത് റോഡിന്റെ ഒരു വശത്തേക്ക് നീങ്ങി. ചീറ്റപ്പുലികൾ ഇമ്പാലയെ ഭക്ഷിക്കാൻ തുടങ്ങുന്നിടത്താണ് വിഡിയോ അവസാനിക്കുന്നത്. മൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ കാണുന്നതിന്റെ കൗതുകമുണ്ടെങ്കിലും ഈ ഇര പിടുത്തം കണ്ട് ഏറെ ഭയം തോന്നുന്നു എന്നാണ് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ കൂടുതൽ ആളുകളും പ്രതികരിക്കുന്നത്. ചീറ്റകളുടെ വേഗത അവിശ്വസനീയമെന്നും പലരും വിശേഷിപ്പിക്കുന്നു.
അതേസമയം സംഭവം കണ്ടുകൊണ്ടിരുന്ന സഫാരി ജീപ്പിലെ ആളുകൾ നിലവിളിച്ചത് ശരിയായില്ല എന്ന തരത്തിൽ പ്രതികരണങ്ങൾ അറിയിക്കുന്നവരുമുണ്ട്. സ്വാഭാവിക ആവാസ വ്യവസ്ഥയിൽ വിഹരിക്കുന്ന മൃഗങ്ങൾ മനുഷ്യരുടെ സാന്നിധ്യം അറിയുമ്പോൾ എത്തരത്തിൽ പെരുമാറും എന്ന് കൃത്യമായി പറയാനാവില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
English Summary: Video Of Two Cheetahs Hunting An Impala In The Middle Of The Road Goes Viral