ADVERTISEMENT

മൂർഖൻ പാമ്പുകൾ മനുഷ്യനടക്കം പല ജീവികൾക്കും പേടിസ്വപ്നമാണ്. എന്നാൽ അതു മാത്രമല്ല പാമ്പ് വർഗ്ഗത്തിൽ തന്നെ മൂർഖനെ ഭയന്ന് കഴിയുന്ന ധാരാളം ഇനങ്ങളുണ്ട്. അത്തരത്തിൽ ഒന്നിനെ കൂറ്റൻ ഒരു മൂർഖൻ പാമ്പ് വിഴുങ്ങുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്നത്. ദക്ഷിണാഫ്രിക്കയിലെ കിംബേർലി നഗരത്തിൽ നിന്നും പകർത്തിയ ദൃശ്യങ്ങളാണിത്. കേപ് കോബ്ര ഇനത്തിൽപ്പെട്ട മൂർഖനാണ് മോൾ സ്നേക്ക് ഇനത്തിൽപ്പെട്ട മറ്റൊരു പാമ്പിനെ അപ്പാടെ വിഴുങ്ങിയത്. 

 

മാരിക് സഫാരി എന്ന സ്ഥാപനത്തിന്റെ ഉടമയായ ട്രവർ ഡാറ്റ്നൗവാണ് ഭയപ്പെടുത്തുന്ന ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.  മരണത്തിനും ജീവിതത്തിനും ഇടയിലുള്ള അവസാന പോരാട്ടം എന്ന അടിക്കുറിപ്പാണ് അദ്ദേഹം ദൃശ്യത്തിന് നൽകിയിരിക്കുന്നത്. ട്രവർ ജോലിക്കായി പുറത്തുപോയിരുന്ന സമയത്താണ് അദ്ദേഹത്തിന്റെ വീടിന്റെ മുറ്റത്ത് രണ്ട് പാമ്പുകൾ ഏറ്റുമുട്ടുന്നതായി സമീപവാസികളിൽ ഒരാൾ വിളിച്ചറിയിച്ചത്. ഉടൻതന്നെ അദ്ദേഹം സ്ഥലത്തെത്തുകയും ചെയ്തു. വീടിന്റെ പരിസരത്തെത്തുന്ന പാമ്പുകളെ കൊല്ലുന്നത് തനിക്ക് ഇഷ്ടമല്ലെന്ന് അറിയാവുന്നതിനാൽ ഈ കാഴ്ച കണ്ടവർ അടുക്കാതെ മാറി നിൽക്കുകയായിരുന്നുവെന്ന് ട്രവർ പറയുന്നു.

 

സാധാരണഗതിയിൽ ആളനക്കം തിരിച്ചറിഞ്ഞാൽ ഏതിനത്തിൽപ്പെട്ട പാമ്പാണെങ്കിലും ഒളിക്കുകയാണ് പതിവ്. എന്നാൽ ഇവിടെ ഇരു പാമ്പുകളും ഏറ്റുമുട്ടലിലായിരുന്നതിനാൽ ചുറ്റും നടക്കുന്നതൊന്നും ശ്രദ്ധിച്ചിരുന്നില്ല. ജോലിക്കിടെ ധാരാളം പാമ്പുകളെ കണ്ടു ശീലിച്ചിട്ടുള്ളതിനാൽ ട്രവറിന് അവയെക്കണ്ട് ഭയവും തോന്നിയില്ല. മറ്റൊരു സാഹചര്യത്തിലായിരുന്നുവെങ്കിൽ   പാമ്പിനെ പിടികൂടി മാറ്റുകയാവും താൻ ചെയ്യുകയെന്ന് ട്രവർ വ്യക്തമാക്കി. എന്നാൽ ഇവിടെ അദ്ദേഹം സ്ഥലത്തെത്തുമ്പോഴേക്കും മൂർഖൻ പാമ്പ് എതിരാളിയെ പൂർണമായി കീഴടക്കിയ നിലയിലായിരുന്നു. 

 

ഇത് ഉറപ്പായതോടെയാണ് ട്രവർ ദൃശ്യങ്ങൾ പകർത്തി തുടങ്ങിയത്. ഇത് സമൂഹമാധ്യമങ്ങളിലെത്തിയതോടെ അദ്ഭുതത്തോടെയാണ് ആളുകൾ പ്രതികരണങ്ങൾ അറിയിക്കുന്നത്. വലിയ പാമ്പുകൾ ചെറിയവയെ ഭക്ഷിക്കാറുണ്ടെന്ന് കേട്ടറിവുണ്ടെങ്കിലും ഇത്തരം ഒരു കാഴ്ച കാണുന്നത് ഏറെ ഭയാനകമാണെന്നായിരുന്നു ഭൂരിഭാഗം ആളുകളുടെയും പ്രതികരണം. ഇരയാക്കപ്പെട്ട പാമ്പിന്റെ വലുപ്പം കണ്ടാണ് പലരും അമ്പരന്നത്. മൂർഖൻ പാമ്പിനും ഏതാണ്ട് രണ്ട് മീറ്ററിനടുത്ത് വലുപ്പമാണ് ഉണ്ടായിരുന്നത്. ഇത്രയും നീളമുള്ള ഒരു ഇരയായിട്ടുകൂടി മൂർഖൻ അതിവേഗത്തിൽ എങ്ങനെ രണ്ടാമത്തെ പാമ്പിനെ ഭക്ഷിച്ചു എന്ന് അദ്ഭുതപ്പെടുന്നവരും കുറവല്ല. അതേസമയം ഉഗ്രവിഷമുള്ള  മൂർഖൻ പാമ്പിനെ കണ്ടാൽ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കാതെ സ്വയരക്ഷ ഉറപ്പാക്കണമെന്ന് ഓർമപ്പെടുത്തുകയാണ് മറ്റു ചിലർ.

 

പാമ്പുകടിയേറ്റുള്ള മരണങ്ങളിൽ മുൻപന്തിയിലാണ് ആഫ്രിക്ക. പ്രതിവർഷം ഇരുപതിനായിരത്തോളം ആളുകൾ പാമ്പുകടിയേറ്റ് ഇവിടെ മരണപ്പെടുന്നുണ്ടെന്നാണ് കണക്ക്. എന്നാൽ ഇവയിലേറെയും പ്രതിവിഷം ലഭ്യമല്ലാത്തതു മൂലമുണ്ടാകുന്ന മരണങ്ങളുമാണ്. എന്നാൽ ദക്ഷിണാഫ്രിക്കയിൽ പാമ്പുകടിയേറ്റുള്ള മരണങ്ങൾ താരതമ്യേന കുറവാണ്. ഇവിടെ കണ്ടുവരുന്ന പാമ്പിനങ്ങളിൽ ഏറ്റവും മാരകമായ വിഷമുള്ള ഒന്നാണ് കേപ് കോബ്രകൾ.

 

English Summary: Deadly 7-Foot Cobra Eats Snake in Wild Video: 'Hunter Becomes the Hunted'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com