ലോക്കൽ ട്രെയിനിലെ പതിവ് യാത്രക്കാരൻ; നായയുടെ യാത്ര അന്ധേരിയിലേക്ക്

Dog Takes Mumbai Local Train Everyday For Commute, Internet Reacts
Grab image from video shared on Instagram by India Cultural Hub
SHARE

ലോക്കൽ ട്രെയിനുകൾ മുംബൈ നഗരത്തിന്റെ മുഖമുദ്രയാണ്. തിരക്ക് നിറഞ്ഞ നഗരത്തിൽ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് ട്രാഫിക്കിൽ പെടാതെ എത്താൻ മുംബൈക്കാർ മുഴുവനും ഇവയെയാണ് ആശ്രയിക്കുന്നത്. എന്നാൽ മനുഷ്യർ മാത്രമല്ല മുംബൈയിലെ മൃഗങ്ങൾക്കും ഇവിടുത്തെ ലോക്കൽ ട്രെയിനുകൾ ഒരു അനുഗ്രഹമാണെന്ന് തെളിയിക്കുകയാണ് ഇപ്പോൾ പുറത്തുവരുന്ന ദൃശ്യം. പതിവായി ലോക്കൽ ട്രെയിനിൽ കയറുന്ന ഒരു നായയാണ് താരം. ടിക്കറ്റില്ലാത്ത ഈ പതിവ് യാത്രക്കാരൻ ഇപ്പോൾ യാത്രക്കാർക്ക് തങ്ങളിൽ ഒരാളാണ്.

ഇന്ത്യൻ കൾച്ചറൽ ഹബ് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് നായയുടെ ദൃശ്യം പുറത്തുവന്നിരിക്കുന്നത്. മറ്റേതൊരു യാത്രക്കാരനെയും പോലെ യാതൊരു സങ്കോചവുമില്ലാതെ മെട്രോ ട്രെയിനിൽ തെരുവുനായ കയറുന്നതാണ് വിഡിയോയുടെ തുടക്കം. ബൊറിവാലി എന്ന സ്റ്റേഷനിൽ നിന്നാണ് പതിവായി നായ ട്രെയിനിൽ കയറുന്നത്. കയറിയ പാടെ വാതിലിന് സമീപത്ത് തന്നെ ചുറ്റിത്തിരിഞ്ഞ് കിടക്കാനുള്ള ഇടം കണ്ടെത്തുകയും ചെയ്യും. ഇടയ്ക്കിടെ ഓരോ സ്റ്റേഷനിൽ  എത്തുമ്പോഴും വെളിയിലേക്ക് നോക്കിയും യാത്രക്കാരെ സൂക്ഷ്മമായി നിരീക്ഷിച്ചുമെല്ലാമാണ് ട്രെയിനിൽ നായ സമയം ചെലവിടുന്നത്.

സാധാരണഗതിയിൽ ട്രെയിനിന്റെ വാതിലിനരികിൽ ഒരു നായ നിന്നാൽ കയറാനെത്തുന്നവർ ഒന്ന് ഭയപ്പെടും. എന്നാൽ ഈ റൂട്ടിലെ സ്ഥിരം യാത്രക്കാർക്ക് ഇപ്പോൾ നായയെ ഭയമേയില്ല. പുതിയ യാത്രക്കാരാവട്ടെ ആദ്യം നായയെ കണ്ട് ഒന്ന് ഭയക്കുമെങ്കിലും അത് ഉപദ്രവകാരിയല്ലെന്ന് പെട്ടെന്ന് തന്നെ മനസ്സിലാക്കി പലപ്പോഴും ചിരിച്ചുകൊണ്ടാണ് അകത്തേക്ക് കയറുന്നത്. മനുഷ്യരെ ഭയപ്പെടുത്താനോ ആക്രമിക്കാനോ നായ മുതിരാറുമില്ല. അന്ധേരിയിലേക്കാണ് നായയുടെ ഈ സഞ്ചാരം. പതിവായി ഇവിടെയാണ് നായ ഇറങ്ങുന്നതും.

പകൽസമയം മുഴുവൻ നായ അന്ധേരിയിൽ തന്നെ കറങ്ങും. എന്നാൽ ഇരുട്ട് വീണു കഴിഞ്ഞാൽ അടുത്ത ട്രെയിൻ പിടിച്ച് സ്വന്തം നാട്ടിലേക്ക് മടങ്ങുകയും ചെയ്യും. അതായത് വീടിനു സമീപത്തുള്ള റെയിൽവേ സ്റ്റേഷനിൽ നിന്ന് പതിവായി ജോലിക്ക് പോകുന്ന മനുഷ്യരെ പോലെ തന്നെയാണ് നായയുടെ രീതികൾ. മുംബൈ ട്രെയിനിലെ പതിവു യാത്രക്കാരനെ പരിചയപ്പെടാം എന്ന അടിക്കുറിപ്പോടെയാണ് ദൃശ്യം പുറത്തുവന്നിരിക്കുന്നത്. ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് വിഡിയോ കണ്ടത്.

നായകളെ ഇഷ്ടപ്പെടുന്ന ധാരാളം ആളുകൾ ഈ വിഡിയോ മനസ്സുനിറയ്ക്കുന്നതായി പ്രതികരിക്കുന്നുണ്ട്. ട്രെയിനിന്റെ സമയം കൃത്യമായി അറിയാൻ ആഗ്രഹമുണ്ടെന്നും അതറിഞ്ഞാൽ നായയെ കാണാൻ തീർച്ചയായും എത്തുമെന്നും ഒരാൾ കുറിക്കുന്നു. മനുഷ്യർക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന ചിന്തയിൽ സ്വന്തം കാര്യം നോക്കി കഴിയുന്ന നായയോട് അങ്ങേയറ്റം സ്നേഹം തോന്നുന്നു എന്നാണ് മറ്റൊരു കുറിപ്പ്. അതേസമയം ഇത് മൃഗങ്ങളുടെ കൂടി ലോകമാണെന്നും മനുഷ്യർക്കാണ് ഇവിടെ ആധിപത്യം എന്ന ചിന്തകൊണ്ടാണ് ഇതൊരു അദ്ഭുതമായി തോന്നുന്നതെന്നും പ്രതികരിക്കുന്നവരുമുണ്ട്. എന്നാൽ അന്ധേരിയിലേക്കെത്താൻ വേഗമുള്ള മറ്റേതെങ്കിലും ഒരു ട്രെയിനിനെക്കുറിച്ച് നായയ്ക്ക് ആരെങ്കിലും പറഞ്ഞു കൊടുത്തിരുന്നെങ്കിൽ എന്ന തരത്തിൽ രസകരമായ കമന്റുകളും കുറവല്ല.

English Summary: Dog Takes Mumbai Local Train Everyday For Commute, Internet Reacts

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS