കൂട്ടം തെറ്റി പോയതിനെ തുടർന്ന് തനിച്ചായ പുലിക്കുഞ്ഞിന് ഒടുവിൽ വന്യജീവി സംരക്ഷണ ഉദ്യോഗസ്ഥരുടെ പരിശ്രമത്തിന്റെ ഭാഗമായി പുതുജീവിതം. ഗുജറാത്തിലെ വഡോദര ജില്ലയിലെ ജഫർപുര ഗ്രാമത്തിലാണ് സംഭവം. ഒറ്റപ്പെട്ട പോയ പുള്ളിപ്പുലിക്കുഞ്ഞിനെ ഗ്രാമവാസികൾ തന്നെയാണ് ആദ്യം കണ്ടെത്തിയത്. പിന്നീടിങ്ങോട്ട് നീണ്ട നാല് ദിവസങ്ങളും അതിനെ കൂട്ടത്തിനൊപ്പം തിരികെയെത്തിക്കാനുള്ള ശ്രമങ്ങളായിരുന്നു.
20 ദിവസങ്ങൾ മാത്രം പ്രായം ചെന്ന പുലിക്കുഞ്ഞാണ് അമ്മയിൽ നിന്ന് വേർപെട്ടത്. സമീപമുള്ള മേഖലയിൽ റോഡ് വികസനവുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങൾ നടന്നു വരികയായിരുന്നു. ഇക്കാരണംകൊണ്ട് പുലികൾ അവയുടെ ആവാസ വ്യവസ്ഥയിൽ നിന്നും മറ്റൊരിടത്തേക്ക് നീങ്ങിയിരിക്കാം എന്നാണ് വനം വകുപ്പുദ്യോഗസ്ഥരുടെ നിഗമനം. ഈ യാത്രയ്ക്കിടെയാണ് പുലിക്കുഞ്ഞ് ഒറ്റപ്പെട്ടു പോയത്. ജഫർപുര ഗ്രാമത്തിലൂടെ ഒഴുകുന്ന ദേവ് നദിക്ക് സമീപത്തായിരുന്നു പുലികളുടെ ആദ്യ വാസസ്ഥലം.
വന്യജീവി സംരക്ഷണ വോളണ്ടിയറായ ഹേമന്ത് വദ്വാന, വഗോഡിയ റെയിഞ്ച് ഫോറസ്റ്റ് ഓഫിസറായ ചന്ദ്രിക ചൗധരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പുലിക്കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമങ്ങളാരംഭിച്ചത്. പുലിക്കുഞ്ഞിനെ കണ്ടെത്തിയ അതേ സ്ഥലത്ത് തന്നെ ഒരു ബാസ്കറ്റിനുള്ളിലാക്കി അതിനെ കിടത്തിയായിരുന്നു ആദ്യ ശ്രമം. അമ്മപ്പുലി കുഞ്ഞിനെ തിരക്കി വരുന്നത് വരെ ആപത്ത് കൂടാതെ സംരക്ഷിക്കാനാണ് ബാസ്ക്കറ്റിനുള്ളിൽ കിടത്തിയത്. അമ്മപ്പുലി എത്തുന്നത് നിരീക്ഷിക്കാനായി സമീപമുള്ള മേഖലകളിലെല്ലാം കാമറയും സ്ഥാപിച്ചിരുന്നു.
ഈ മൂന്നു ദിവസങ്ങളിലും കുഞ്ഞിനെ തേടി അമ്മ പുലി ഇവിടെ എത്തിയിരുന്നു. എന്നാൽ കുഞ്ഞിനെ കിടത്തിയിരുന്ന ബാസ്ക്കറ്റിന് അരികിലേക്കെത്താൻ അത് മടി കാണിച്ചു. മനുഷ്യ സാന്നിധ്യംതിരിച്ചറിഞ്ഞതിനാലാവാം പുലിക്കുഞ്ഞിനെ എടുക്കാൻ മടിച്ചത്. നാലാം ദിവസം രാത്രി കുഞ്ഞിനെ ഉദ്യോഗസ്ഥർ ബാസ്കറ്റിന് പുറത്തുതന്നെ കുഞ്ഞിനെ കിടത്തി. രാത്രി ഇവിടെയെത്തിയ പുലി അപകട ഭീഷണിയില്ലെന്ന് ഉറപ്പാക്കി കുഞ്ഞിനെ എടുത്തുകൊണ്ട് പോവുകയും ചെയ്തു. പുള്ളിപ്പുലികളുടെ പൊതുസ്വഭാവം ഇതാണെന്ന് ഹേമന്ത് പറയുന്നു. കുഞ്ഞുങ്ങളെ നഷ്ടമാകുന്ന ഇടത്തേക്ക് അടുത്ത അഞ്ചോ ആറോ ദിവസങ്ങളിൽ അമ്മപ്പുലിയെത്തും. കുഞ്ഞിനെ നഷ്ടമായി എന്നോ കൊലചെയ്യപ്പെട്ടു എന്നോ ഉറപ്പായ ശേഷം മാത്രമേ ഈ യാത്ര അവസാനിപ്പിക്കൂ.
വന്യ ജീവികളുടെ സാന്നിധ്യമുള്ള മേഖലയായതിനാൽ സംഘർഷങ്ങളില്ലാതെ അവയുമായി ഇഴുകി ചേർന്ന് ജീവിക്കേണ്ടത് എങ്ങനെയാണെന്നത് സംബന്ധിച്ച് ഗ്രാമവാസികൾക്ക് ഉദ്യോഗസ്ഥർ ബോധവൽക്കരണം നൽകിയിട്ടുണ്ട്. ഇന്നോളം ഈ മേഖലയിൽ മനുഷ്യരും പുലികളും തമ്മിലുള്ള ഏറ്റുമുട്ടലുകൾ ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നുമാത്രമല്ല പുലികളുടെ സാന്നിധ്യമുള്ളത് മൂലം കാട്ടുപന്നികൾ അടക്കമുള്ള മറ്റ് വന്യജീവികൾ ഇവിടുത്തെ കൃഷിയിടങ്ങളിൽ നാശം വിതയ്ക്കാനെത്താറുമില്ല.
English Summary: Cub reunites with leopardess after four-day-long effort by rescuers