ഉടലാകെ വെളുത്ത നിറത്തിൽ ഭീമൻ പാണ്ട; അപൂർവ കണ്ടെത്തൽ ചൈനയിൽ

Rare albino giant panda spotted again at China’s Wolong natural reserve
Image Credit:Twitter/ MiniTrueArchive/ South China Morning Post
SHARE

ചൈനയിലെ സെഷ്വാൻ പ്രവിശ്യയിലെ വോലോങ് നാഷണൽ നേച്ചർ റിസർവിൽ  നിന്നും പുറത്തുവന്ന ചില ദൃശ്യങ്ങൾ ഇപ്പോൾ ജന്തുശാസ്ത്ര ലോകത്തെ അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്. അപൂർവമായി മാത്രം കാണാനാവുന്ന ആൽബിനോ  പാണ്ടയുടെ ദൃശ്യമാണിത്. സാധാരണ പാണ്ടകളെപ്പോലെ കൈകാലുകളിലും കണ്ണിലും ചെവിയിലും കറുപ്പ് നിറമില്ലാതെ പൂർണമായും വെളുത്ത രോമങ്ങളാണ് ഈ പാണ്ടയ്ക്കുള്ളത്. ഇത്തരത്തിലൊന്ന് ലോകത്തിൽ തന്നെ വേറെയുണ്ടാകില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

വനത്തിനുള്ളിൽ സ്ഥാപിച്ച ക്യാമറയിലാണ് അപൂർവ പാണ്ടയുടെ ദൃശ്യം പതിഞ്ഞത്. അഞ്ചോ ആറോ വയസ്സായിരിക്കും ഇതിന്റെ പ്രായമെന്നാണ് ഗവേഷകരുടെ നിഗമനം. കാഴ്ചയിൽ മറ്റു പാണ്ടകളിൽ നിന്നും വ്യത്യാസങ്ങളുണ്ടെങ്കിലും ആൽബിനോ പാണ്ടയുടെ ആരോഗ്യനിലയിൽ കാര്യമായ പ്രശ്നങ്ങളൊന്നുമില്ലെന്നും ഗവേഷകർ വിലയിരുത്തുന്നു. വന്യജീവി സങ്കേതത്തിനുള്ളിലെ ക്യാമറയിൽ 2019 ലാണ് ആദ്യമായി ഈ പാണ്ടയുടെ ചിത്രങ്ങൾ പതിഞ്ഞത്. 

അതിനുശേഷം പാണ്ടയെ നിരീക്ഷിക്കാനായി മാത്രം അധികം ക്യാമറകൾ  സ്ഥാപിക്കുകയും പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു. പാണ്ടയുടെ പെരുമാറ്റവും ചലനങ്ങളുമെല്ലാം നിരീക്ഷിക്കാനുള്ള സംവിധാനങ്ങളോടെയായിരുന്നു സംഘം ചുമതലയേറ്റത്. നിലവിൽ നിരീക്ഷകർ പുറത്തുവിട്ടിരിക്കുന്ന ദൃശ്യത്തിൽ സാധാരണ പാണ്ടകളുമായി ആൽബിനോ പാണ്ട അടുത്തിടപഴകുന്നത് കാണാം. ലോകത്തിൽ തന്നെ ഇത്രയും അപൂർവതകളുള്ള മറ്റൊരു പാണ്ടയുണ്ടോയെന്ന് സംശയമുള്ളതിനാൽ അതിന്റെ ജനിതകപരമായ പ്രത്യേകതകൾ മനസ്സിലാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പെക്കിങ് സർവകലാശാലയിലെ സ്കൂൾ ഓഫ് ലൈഫ് സയൻസസിലെ ഗവേഷകനായ ലി ഷെങ് പറയുന്നു.

ജനിതകപരമായ ഈ സവിശേഷത ഒരു തലമുറയിൽ നിന്നും മറ്റൊന്നിലേക്ക് കൈമാറ്റം ചെയ്യപ്പെടുമോയെന്നത് സംബന്ധിച്ചും പ്രത്യേക ഗവേഷണങ്ങൾ നടത്തേണ്ടത് ആവശ്യമാണ്. ലോകത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് അപൂർവതകളുള്ള പാണ്ടകളെ കണ്ടെത്തുന്നതിൽ ചൈന മുൻപന്തിയിലാണ്. 1985നും 2021നുമിടയിൽ തവിട്ടു നിറമുള്ള 10 ഭീമൻ പാണ്ടകളെ ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു. ചൈനയിലെ ജൈവവൈവിധ്യത്തിലേക്കും അവിടുത്തെ ജീവജാലങ്ങളുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിലെ സവിശേഷതകളിലേക്കുമെല്ലാമാണ് ഈ കണ്ടെത്തലുകൾ വിരൽ ചൂണ്ടുന്നത്. 

ആൽബിനോ പാണ്ടയെയും മറ്റ് സാധാരാണ പാണ്ടകളെയും സംരക്ഷിക്കാനും അവയുടെ വംശം നിലനിർത്താനുമുള്ള ഊർജിതമായ ശ്രമങ്ങൾ നടന്നുവരികയാണ്. കൂടുതൽ നിരീക്ഷണങ്ങളിലൂടെയും ഗവേഷണങ്ങളിലൂടെയും പാണ്ടകളെക്കുറിച്ചും അവയുടെ ജനിതകപരമായ പ്രത്യേകതകളെ കുറിച്ചും മനസ്സിലാക്കാനുള്ള ശ്രമത്തിലാണ് ജന്തുശാസ്ത്രജ്ഞർ.

English Summary: Rare albino giant panda spotted again at China’s Wolong natural reserve

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS