ADVERTISEMENT

അരിസോണയിലെ പ്രസ്കോട്ട് നഗരത്തിന്റെ സമീപമേഖലകളിൽ അടുത്തിടെ വളർത്തു മൃഗങ്ങൾ വന്യജീവികളുടെ ആക്രമണത്തിൽ കൊലചെയ്യപ്പെടുന്നത് പതിവായിരുന്നു. തുടക്കത്തിൽ ഇത് ഏതു ജീവികളാണെന്ന് തിരിച്ചറിയാൻ സാധിച്ചിരുന്നില്ലെങ്കിലും പിന്നീട് ആക്രമണത്തിന് പിന്നിൽ മൗണ്ടൻ ലയണുകളാണെന്ന് തിരിച്ചറിയുകയും ചെയ്തു. തുടർന്ന് പ്രദേശത്ത് കണ്ടെത്തിയ മൂന്ന് മൗണ്ടൻ ലയണുകളെ അധികൃതർ കൊലപ്പെടുത്തി. സംഭവം സ്ഥിരീകരിച്ചുകൊണ്ട് അരിസോണ ഗെയിം ആൻഡ് ഫിഷ് വിഭാഗം പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്.

 

ആകെ നാല് മൗണ്ടൻ ലയണുകളാണ് വളർത്തുമൃഗങ്ങളെ ആക്രമിക്കാനെത്തിയതെന്നാണ് നിഗമനം. നാലാമത്തെ മൗണ്ടൻ ലയണിനെ ഇനിയും കണ്ടെത്താനായിട്ടില്ല. പ്രദേശത്തെ മൃഗങ്ങൾക്ക് നേരെ മാത്രമല്ല മനുഷ്യരെയും ഇവ ആക്രമിക്കാനുള്ള പ്രവണത കാണിച്ചിരുന്നതായി പരിസരവാസികൾ പറയുന്നു. ഏറ്റവും ഒടുവിൽ ഒരു നഗരവാസിയുടെ വളർത്തുനായയെ മൗണ്ടൻ ലയണുകൾ കൊലപ്പെടുത്തുകയും അവയെ തുരത്താൻ ശ്രമിച്ച ഉടമയെ  ആക്രമിക്കാൻ മുതിരുകയും ചെയ്തിരുന്നു. ഈ സംഭവം പുറത്തുവന്നതോടെയാണ് മൗണ്ടൻ ലയണുകളെ കൊല്ലാൻ തീരുമാനമായത്.

 

അരിസോണിലെ മലനിരകളിൽ ഏകദേശം 2700 മൗണ്ടൻ ലയണുകളുള്ളത്. ഇവ മനുഷ്യരെ ഇരയാക്കാൻ മുതിരാറില്ലെങ്കിലും ആക്രമണ മനോഭാവത്തോടെ പെരുമാറാറുണ്ട്. ജന ജീവിതത്തിന് ഭീഷണിയാണെന്നു തോന്നിയാൽ അവയെ ജനവാസ മേഖലയിൽ നിന്നു നീക്കം ചെയ്യുകയല്ലാതെ അധികൃതർക്ക് മറ്റു പോംവഴികളില്ല. കൊലചെയ്യപ്പെട്ട മൗണ്ടൻ ലയണുകൾ വീടുകൾക്ക് സമീപമെത്തിയിരുന്നതിനാൽ അവയ്ക്ക് മനുഷ്യരെ ഭയമില്ലെന്ന് അധികൃതർ ഉറപ്പിച്ചിരുന്നു. കൂടുതൽ ആക്രമണങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് അവയെ എത്രയും വേഗം കൊല്ലാൻ തീരുമാനമായത്.

 

മെയ് 21നാണ് ആദ്യത്തെ മൗണ്ടൻ ലയണിനെ കൊന്നത്. അഞ്ചു വയസ്സിനു താഴെ പ്രായമുള്ള പെൺ വർഗത്തിൽപ്പെട്ട മൗണ്ടൻ ലയൺ ആയിരുന്നു ഇതെന്ന് അധികൃതർ വ്യക്തമാക്കി. മെയ് 23, 24 തീയതികളിലായി കൊലചെയ്യപ്പെട്ട മറ്റു രണ്ടു മൗണ്ടൻ ലയണുകൾ ഇതിന്റെ കുഞ്ഞുങ്ങളായിരുന്നുവെന്നാണ് നിഗമനം. ഇവയെ കൊല ചെയ്തെങ്കിലും നാലാമതൊരെണ്ണം കൂടി പരിസരത്തുണ്ടെന്ന് തിരിച്ചറിഞ്ഞതിനാൽ അതീവ ജാഗ്രതയോടെ തന്നെ തുടരണമെന്നാണ് ഉദ്യോഗസ്ഥർ ജനങ്ങൾക്ക് നൽകുന്ന നിർദ്ദേശം. 

 

ഇവയെ കൊല ചെയ്യുകയല്ലാതെ ഇവിടെ നിന്നും മറ്റൊരിടത്തേക്ക് മാറ്റുകയെന്നത് സാധ്യമായ മാർഗമല്ലെന്നും ഗെയിം ആൻഡ് ഫിഷ് വിഭാഗം അറിയിക്കുന്നു. വന്യജീവികളുടെ സംരക്ഷണവും പരിപാലനവുമാണ് ലക്ഷ്യമെന്നിരിക്കെ അങ്ങേയറ്റം നിവൃത്തിയില്ലാത്ത സാഹചര്യത്തിൽ മാത്രമേ ജീവികളെ കൊലപ്പെടുത്താൻ അധികൃതർ തീരുമാനമെടുക്കാറുള്ളൂ.  അതേസമയം മൗണ്ടൻ ലയണുകൾ ഇത്തരത്തിൽ ആക്രമകാരികളായി പെരുമാറാനുള്ള യഥാർഥ കാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. എന്നിരുന്നാലും മനുഷ്യർ തീറ്റ നൽകി ശീലിപ്പിക്കുന്നത് മൂലമാവാം ജനവാസ മേഖലയിലേക്ക് അവ ഭയമില്ലാതെയിറങ്ങുന്നതെന്നാണ് നിഗമനം.

 

English Summary: Arizona Game and Fish officials shoot, kill mountain lion after dog attacked in Prescott

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com