കൂർത്ത പല്ലുകൾ ഉപയോഗിച്ച് നിമിഷങ്ങൾക്കുള്ളിൽ ഏതു ജീവിയെയും കൊന്നു തിന്നുന്ന പിരാന മത്സ്യങ്ങൾ മനുഷ്യർക്ക് പോലും പേടിസ്വപ്നമായ ഭീകരജീവികളാണ്. ഇപ്പോഴിതാ ഒരുകൂട്ടം പിരാന മത്സ്യങ്ങൾ ചേർന്ന് വിനോദസഞ്ചാരികളെ ആക്രമിച്ച സംഭവമാണ് ബ്രസീലിലെ മെനോസിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇവിടുത്തെ ഒരു ബീച്ച് റിസോർട്ടിലെത്തിയ എട്ടുപേർക്കു നേരെയായിരുന്നു പിരാനക്കൂട്ടത്തിന്റെ ആക്രമണം. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ആക്രമണം നടന്നത്.
ഉപ്പൂറ്റിയിൽ ഷോക്കടിക്കുന്നതുപോലെ ഒരു അനുഭവം ഉണ്ടായതിനെ തുടർന്നാണ് അഡ്യാനി മെണ്ടേയ്റോ എന്ന വിദ്യാർത്ഥിനി വെള്ളത്തിൽ നിന്നു കരയിൽ കയറിയത്. ഇലക്ട്രിക് ഈലായിരിക്കും ഇതിന് കാരണം എന്നാണ് ഇവർ ആദ്യം കരുതിയത്. എന്നാൽ സമീപത്തുണ്ടായിരുന്ന ചിലർ പിരാനകളുടെ ആക്രമണത്തെക്കുറിച്ചും കടിയേറ്റതിനെക്കുറിച്ചുമെല്ലാം സംസാരിക്കുന്നത് കേട്ട് കാലിൽ ഒന്നുകൂടി ശ്രദ്ധിച്ചപ്പോഴാണ് കടിയേറ്റ പാട് കണ്ടത്. സമാനമായ രീതിയിൽ കടിയേറ്റവർക്കെല്ലാം ചെറിയ മുറിവുകളെ ഉണ്ടായിട്ടുള്ളൂ.
ഭീകരജീവികളായാണ് പലരും പിരാനകളെ കാണുന്നതെങ്കിലും മനുഷ്യരെ മനപ്പൂർവമായി ഇവ ആക്രമിക്കാറില്ലെന്നാണ് വിദഗ്ധരുടെ പക്ഷം. പ്രകോപനമുണ്ടായാൽ മാത്രമാണ് ഇവ മനുഷ്യനെ ആക്രമിക്കാൻ മുതിരുന്നത്. ബ്രസീലിലെ സംഭവം അവ മനുഷ്യരെ കണ്ട് പരിചിതമായതുമൂലം സംഭവിച്ചതാകാമെന്നാണ് വെസ്റ്റേൺ കെന്റുക്കി സർവകലാശാലയിലെ ബയോളജി പ്രൊഫസറായ സ്റ്റീവ് ഹസ്കേ പറയുന്നത്. എന്നാലിത് ആദ്യമായല്ല ബ്രസീലിൽ നിന്നു പിരാനകൾ മനുഷ്യരെ ആക്രമിച്ച സംഭവം പുറത്തുവരുന്നത്. 2007ൽ പൽമാസിൽ 190 പേർക്ക് പിരാനകളുടെ കടിയേറ്റതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഇവയെല്ലാം കാലിൽ ഓരോ കടിയേറ്റ സംഭവങ്ങളാണ്.

ഹോളിവുഡ് ചലച്ചിത്രങ്ങളിലേതു പോലെ അവയുടെ ആക്രമണം അത്ര ഭീതിജനകമല്ലെങ്കിലും മനുഷ്യർക്ക് ജീവഹാനിയുണ്ടായ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആക്രമിക്കാൻ തുനിഞ്ഞാൽ ഇരയുടെ മാംസം വളരെ വേഗം ഭക്ഷിച്ചു തീർക്കുന്നതാണ് പിരാനകളുടെ രീതി. 2011ൽ ബൊളീവിയയിൽ പതിനെട്ടുകാരനായ യുവാവും 2015ൽ ബ്രസീലിൽ ആറു വയസ്സുകാരിയായ പെൺകുട്ടിയും ഇത്തരത്തിൽ പിരാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
അറുപതോളം പിരാന ഇനങ്ങൾ ഉണ്ടെന്നാണ് ഏകദേശം കണക്ക്. ഇവയിൽ തന്നെ റെഡ് ബെല്ലിഡ് പിരാനകളാണ് ഏറ്റവും വലുതും അപകടകാരികളും. 20 ഇഞ്ച് നീളത്തിൽ വരെ ഇവ വളരും. ബ്ലാക്ക് പിരാനകൾക്കാവട്ടെ അവയുടെ ശരീര ഭാരത്തിന്റെ മൂന്നിരട്ടിയിലധികം പ്രഹര ശേഷിയുമുണ്ട്. പിരാനകളുടെ ആക്രമണമേറ്റാൽ എത്രയും വേഗം വൈദ്യസഹായം തേടണമെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
English Summary: Piranha Attack Injures 8 People at Beach Resort