പട്ടാള സുരക്ഷയിൽ നടുംഗമുവ രാജ, പെയിന്റർ റൂബി, ബ്രിട്ടന്റെ പ്രിയ ജംബോ; ലോകപ്രശസ്ത ആനകളെ അറിയാം
Mail This Article
ആനകളിൽ ചിലത് ലോകചരിത്രവുമായി തന്നെ ബന്ധപ്പെട്ടു കിടക്കുന്നവയാണ്. ഹാനിബാളിനെ ആഫ്രിക്കയിൽ നിന്ന് യൂറോപ്പിലെത്തിച്ച സൂരൂസ്, ശ്രീലങ്കയെ ഏകീകരിക്കാൻ ഡുതുഗമുനു രാജാവിനെ സഹായിച്ച കാൻഡുല തുടങ്ങി അനേകം. ചരിത്രത്തിൽ ഇടംപിടിച്ച ചില പ്രശസ്തരായ ആനകളെ പരിചയപ്പെടാം.
∙ ജംബോയെന്ന സങ്കടം
രാജ്യാന്തരതലത്തിൽ ഏറ്റവും പ്രശസ്തനായ ആനയാണ് ജംബോ (Jumbo Elephant). ആഫ്രിക്കയിൽ സുഡാൻ– ഇത്യോപ്യ അതിർത്തിയിൽ 1861ൽ ജനിച്ച ജംബോയ്ക്ക് രണ്ടു വയസ്സ് തികയും മുൻപ് തന്നെ അവന്റെ അമ്മ വേട്ടക്കാരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അഞ്ചാം വയസ്സിനുള്ളിൽ ജംബോയെ യൂറോപ്പിലെത്തിച്ചു. അവിടെ ലണ്ടൻ മൃഗശാലയിൽ പാർപ്പിച്ചു.
ബ്രിട്ടിഷുകാരുടെ പ്രിയപ്പെട്ട ആനക്കുട്ടനായി താമസിയാതെ ജംബോ മാറി. വിക്ടോറിയ മഹാറാണി, തിയഡോർ റൂസ്‌വെൽറ്റ്, വിൻസ്റ്റൺ ചർച്ചിൽ തുടങ്ങിയ പ്രമുഖരൊക്കെ ജംബോയുടെ പുറത്ത് സഫാരി നടത്തിയിട്ടുണ്ട്. ബ്രിട്ടനിൽ തരക്കേടില്ലാതെ ജീവിച്ചുവന്ന ജംബോയെ ഇതിനിടെ അമേരിക്കയിലെ ബാർണം ആൻഡ് ബെയിലി എന്ന സർക്കസ് കമ്പനിയുടെ ഉടമ പി.ടി.ബാർണത്തിന് വിറ്റു. ജംബോയ്ക്ക് 30,000 യുഎസ് ഡോളറാണു വിലയായി നൽകിയത്. താമസിയാതെ ജംബോയെ കപ്പലിലേറ്റി അമേരിക്കയിലെത്തിച്ചു. പതിനായിരക്കണക്കിന് ആളുകളാണ് ജംബോയുടെ വരവ് കാത്ത് ന്യൂയോർക്ക് തുറമുഖത്ത് കാത്തുനിന്നത്. തടിക്കൂട്ടിന്റെ വാതിൽ തുറന്ന് ജംബോ ആദ്യമായി പുറത്തെത്തിയപ്പോൾ ജനക്കൂട്ടം ആർത്തു വിളിച്ചു.
മൂന്നു വർഷം ബാർണം ആൻഡ് ബെയിൽ സർക്കസ് കമ്പനിയുടെ പ്രധാനതാരമായി ജംബോ ശോഭിച്ചു. അമേരിക്കയിലും അയൽരാജ്യങ്ങളിലുമെല്ലാം നിരവധി സർക്കസ് പ്രദർശനങ്ങളിൽ അവൻ പങ്കെടുത്തു. 1885 സെപ്റ്റംബർ 12 ന് കാനഡയിലെ ഒന്റാരിയോയിൽ ഒരു പ്രദർശനത്തിനു ശേഷം റെയിൽവേസ്റ്റേഷനിൽ എത്തിച്ചതായിരുന്നു ജംബോയെയും ടോം തമ്പ് എന്ന കുട്ടിയാനയെയും. ട്രെയിനിൽ ഇവരെ അടുത്ത സ്ഥലത്തെത്തിക്കാനായിരുന്നു നീക്കം. ടോം തമ്പ് ഇതിനിടെ ട്രാക്കിലേക്കു കടന്നുകയറി. എന്നാൽ ഒരു ഗുഡ്സ് ട്രെയിൻ അവരുടെ സമീപത്തേക്ക് ഇരച്ചെത്തിയത് അപ്പോഴായിരുന്നു. ടോം തമ്പിനെ രക്ഷിക്കാൻ ജംബോ ആവുന്നത്ര ശ്രമിച്ചു. ശ്രമം വിജയിച്ചു. ടോം തമ്പിന്റെ ഒരു കാൽ ഒടിയുക മാത്രമാണ് ചെയ്തത്. എന്നാൽ ജംബോ മരിച്ചു.
∙ ഗജചക്രവർത്തി നടുംഗമുവ രാജ
നടുംഗമുവ വിജയ രാജ (Nadungamuwa Raja), ശ്രീലങ്കയിലെ ആനകളുടെ മൊത്തം രാജയായിരുന്നു. അകമ്പടിക്ക് പൊലീസ്, പട്ടാള വാഹനങ്ങൾ, തോക്കുകളുമായി പ്രത്യേക കമാൻഡോ സംഘങ്ങൾ എന്നിവ ഈ ഗജവീരനുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും പൊക്കമുള്ള ഏഷ്യൻ ആനകളിലൊന്നായിരുന്നു 67 വയസ്സുകാരനായ രാജ. 12 അടി ഉയരമുണ്ട്. ശ്രീലങ്കയിലെ ഇസല പെരിഹാര ഉത്സവത്തിൽ ശ്രീബുദ്ധന്റെ ദന്തങ്ങളെ പ്രതിനിധീകരിച്ചുള്ള പെട്ടി കുറച്ചു വർഷങ്ങളിൽ വഹിച്ചത് രാജയാണ്.
കാൻഡിയിൽ നിന്നു 100 കിലോമീറ്റർ അകലെ ശ്രീലങ്കയിലെ നടുംഗമുവയിലായിരുന്നു രാജയുടെ താമസം ഈ ഗജചക്രവർത്തിയുടെ ജന്മസ്ഥലം ഇന്ത്യയാണ്. കർണാടകയിലെ മൈസൂരുവിൽ 1953ൽ ആണ് രാജ ജനിച്ചത്. അക്കാലത്ത് രാജകുടുംബത്തിൽ പെട്ട വ്യക്തിയുടെ ഉടമസ്ഥതയിലായിരുന്നു രാജ. പിൽക്കാലത്ത് രാജകുടുംബാംഗത്തിന്റെ രോഗം മാറ്റിയ ഒരു ശ്രീലങ്കൻ നാട്ടുവൈദ്യനു സമ്മാനമായി രാജ നൽകപ്പെട്ടു.അങ്ങനെയാണു മൂന്നുവയസ്സുള്ളപ്പോൾ രാജ ശ്രീലങ്കയിലെത്തിയത്.
∙ പെയിന്റർ റൂബി
യുഎസിലെ ഫീനിക്സിലുള്ള മൃഗശാലയിൽ ജീവിച്ചിരുന്ന ഏഷ്യൻ പെണ്ണാനയായിരുന്നു റൂബി (Ruby Elephant). വിചിത്രമായ ഒരു കഴിവ് റൂബിക്കുണ്ടായിരുന്നു. അവൾ നന്നായി പെയിന്റ് ചെയ്യുമായിരുന്നു. ഒരിക്കൽ റൂബിയുടെ പെയിന്റിങ് 18.54 ലക്ഷം രൂപയ്ക്ക് വിറ്റുപോയി.
തായ്‌ലൻഡിൽ ജനിച്ച റൂബിയാനയുടെ ഭാരം 4500 കിലോയായിരുന്നു. 1998ൽ പ്രസവത്തെത്തുടർന്നുണ്ടായ അണുബാധ മൂലം റൂബി മരിച്ചു.
∙ വമ്പൻ സത്താവോ
ആഫ്രിക്കയിലെ ഏറ്റവും വലിയ ആനകളിലൊന്നായ സത്താവോ (Satao Elephant) കെനിയയിലാണ് ജീവിച്ചത്. ഈ ആനയുടെ കൊമ്പുകൾക്ക് രണ്ട് മീറ്ററോളം നീളമുണ്ടായിരുന്നു. കെനിയയുടെ ചിഹ്നങ്ങളിലൊന്നായി മാറിയ ഈ ആന 2014ൽ വേട്ടക്കാരുടെ വിഷ അമ്പേറ്റു മരിച്ചു.
English Summary: World's Famous Elephants