‘അരിക്കൊമ്പൻ ചരിഞ്ഞിട്ടില്ല, ഇതാ പുതിയ വിഡിയോയും ചിത്രവും’; കോതയാറിൽ സുഖജീവിതമെന്ന് തമിഴ്നാട്
Mail This Article
‘അരിക്കൊമ്പൻ ചത്തു, തമിഴ്നാട് കൊന്നു, ആന മെലിഞ്ഞു...’ തുടങ്ങി നിരവധി വിമർശനമാണ് ആനപ്രേമികളുടെ ഭാഗത്ത് നിന്ന് ഉയരുന്നത്. അരിക്കൊമ്പന്റെ ആരോഗ്യവിവരം പുറത്തുവിടാത്തതിനെ തുടർന്ന് തമിഴ്നാട് വനംവകുപ്പിനെതിരെ രൂക്ഷവിമർശനവും ഉയർന്നിരുന്നു. എന്നാലിപ്പോൾ അരിക്കൊമ്പന്റെ പുതിയ വിഡിയോ പുറത്തുവിട്ട് വിമർശകരുടെ വായടപ്പിച്ചിരിക്കുകയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ. ജൂലൈ 15ന് ഫീൽഡ് ഉദ്യോഗസ്ഥർ പകർത്തിയ ദൃശ്യങ്ങളാണ് ഔദ്യോഗികമായി പുറത്തുവിട്ടത്.
തമിഴ്നാട് വനംവകുപ്പ് കളക്കാട് മുണ്ടന്തുറൈ ഫീൽഡ് ഡയറക്ടർ കെഎംടിആർ നേതൃത്വത്തിൽ മെഡിക്കൽ വിദഗ്ധർ ഉൾപ്പെടെയുള്ളവരാണ് അരിക്കൊമ്പനെ നിരീക്ഷിക്കുന്നത്. ആന പൂർണ ആരോഗ്യവാനും ഭക്ഷണവും വെള്ളവും സാധാരണ നിലയിൽ കഴിക്കുന്നുണ്ടെന്നും പുതിയ ആവാസ വ്യവസ്ഥയുമായി ചേർന്നുവെന്നും വനംവകുപ്പ് വിലയിരുത്തി.
ആന അതിന്റെ പുതിയ ആവാസ വ്യവസ്ഥയായ അപ്പർ കോതയാറിൽ സുഖമായി ജീവിക്കുന്നുവെന്ന് സുപ്രീംകോടതി അഭിഭാഷകൻ ശ്രീജിത്ത് പെരുമന ഫെയ്സ്ബുക്കിൽ വിഡിയോ പങ്കുവച്ച് കുറിച്ചിട്ടുണ്ട്. "അരിക്കൊമ്പൻ പൂർണ്ണ ആരോഗ്യവാനാണെന്നും, ആനക്കൂട്ടങ്ങൾക്കൊപ്പം ചേർന്നു എന്നുമുള്ള തൊക്കെ വെറും തള്ളുകൾ മാത്രം. വീണ്ടും മെലിഞ്ഞു പോയി എന്നാണ് വിവരം. വെള്ളം കുടിക്കാം. എന്നാൽ കാര്യമായി തീറ്റയൊന്നും ഉണ്ടാവാൻ സാധ്യതയില്ലാത്ത ഒരു പ്രദേശത്ത് ഒതുക്കി നിർത്തിയിരിക്കുകയാണ്. ഒരു ഗേറ്റും സ്ഥാപിച്ചിട്ട് നിരീക്ഷണ സംഘത്തെയും നൈസായിട്ട് പിൻവലിച്ചിട്ടുണ്ട്. ഡ്രോൺ വഴിയാണ് ഇപ്പോൾ നിരീക്ഷണം" എന്നൊക്കെ പ്രചരിപ്പിച്ച് നിരവധി സംഘങ്ങൾ വ്യാപക പണപ്പിരിവും തട്ടിപ്പും നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ വ്യാജവാർത്ത പ്രചരിച്ചവർക്കെതിരെയും അരികൊമ്പൻ ഗ്രൂപ്പുകൾക്കെതിരെയും പരാതി നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
Read Also: തൊലിപ്പുറത്തെ പുഴുക്കൾ ചീറ്റകളുടെ ശരീരത്തിനകത്ത് കയറി; കഴുത്തിലെ ‘റേഡിയോ കോളർ’ വിനയായോ?
ചിന്നക്കനാലിനെ വിറപ്പിച്ചു, പിന്നെ കമ്പം മേഖലയെയും
കുട്ടിക്കൊമ്പൻ എന്നായിരുന്നു 35 വയസുള്ള അരിക്കൊമ്പന്റെ ആദ്യ പേര്. ആനകളുടെ സ്ഥിരം ഭക്ഷണം ഉപേക്ഷിച്ച് അരി ഭക്ഷണമാക്കിയതോടെയാണ് നാട്ടുകാർ ആനയ്ക്ക് അരിക്കൊമ്പൻ എന്നുപേരിട്ടത്. അരി എവിടെയുണ്ടോ അവിടെ അരിക്കൊമ്പനെ കാണാം. പന്നിയാർ, ആനയിറങ്കൽ എന്നിവിടങ്ങളിലെ റേഷൻകടകളാണ് കൊമ്പന്റെ ഇഷ്ടസ്ഥലം. പന്നിയാറിലെ ആന്റണി പി.എൽ നടത്തുന്ന റേഷൻകടയിൽ മാത്രം പത്ത് തവണയാണ് അരിക്കൊമ്പൻ എത്തിയത്. 7 പേരെ കൊന്നിട്ടുണ്ടെന്നും 75ലേറെ കെട്ടിടങ്ങൾ തകർത്തതായുമാണ് വനംവകുപ്പിന്റെ കണക്കിൽ പറയുന്നത്. എന്നാൽ അരിക്കൊമ്പൻ 12 പേരെ കൊല്ലുകയും 180ലേറെ കെട്ടിടങ്ങൾ തകർക്കുകയും ചെയ്തെന്നാണ് നാട്ടുകാർ പറയുന്നത്. ഏക്കർ കണക്കിന് കൃഷിസ്ഥലങ്ങളും നശിപ്പിച്ചിട്ടുണ്ട്.
2017ലാണ് അരിക്കൊമ്പനെതിരെ വ്യാപകമായ പരാതികൾ ഉയർന്നത്. മയക്കുവെടിവച്ച് പിടിക്കാന്‍ വനംവകുപ്പ് തീരുമാനിച്ചെങ്കിലും ദൗത്യം പരാജയപ്പെട്ടു. 2018ൽ കാട്ടാനയെ പിടികൂടാൻ വീണ്ടും ഉത്തരവ് വന്നെങ്കിലും നടന്നില്ല. പിന്നീട് ആക്രമണങ്ങള്‍ വ്യാപിച്ചതോടെയാണ് വീണ്ടും ദൗത്യം ആരംഭിച്ചത്. ഹൈക്കോടതി നിർദേശപ്രകാരം അരിക്കൊമ്പന് റേഡിയോ കോളർ ധരിപ്പിച്ച് പെരിയാർ വന്യജീവി സങ്കേതത്തിലെ ഉൾവനത്തിലേക്ക് വിട്ടത്. എന്നാൽ അതുവഴി അരിക്കൊമ്പൻ തമിഴ്നാട്ടിലേക്ക് കടന്നു. കമ്പം ജനവാസ മേഖലയിൽ ഇറങ്ങിയതോടെ തമിഴ്നാട് വനംവകുപ്പ് അരിക്കൊമ്പനെ പിടിച്ച് കളക്കാട് മുണ്ടുതുറൈ ഭാഗത്ത് വിടുകയായിരുന്നു.
English Summary: Arikomban New Video revealed