2018ൽ കോഴിക്കോട് പേരാമ്പ്രയിൽ നിപ്പ വൈറസ് സ്ഥിരീകരിച്ച സമയത്ത് ഇതിന്റെ ഉറവിടം സംബന്ധിച്ച് പല പരിശോധനകളും നടന്നിരുന്നു. എന്നാൽ കൃത്യമായ ഉത്തരം ലഭിച്ചിരുന്നില്ല. പഴംതീനി വവ്വാലുകളിൽ വൈറസ് കണ്ടെത്തിയെങ്കിലും അതെങ്ങനെ മനുഷ്യനിലേക്കെത്തിയെന്നത് ഇന്നും അവ്യക്തമാണ്. ഇപ്പോഴിതാ, വീണ്ടും നിപ്പ വൈറസ് കോഴിക്കോട് റിപ്പോർട്ട് ചെയ്തിരിക്കുന്നു. പഴംതീനി വവ്വാലുകളിൽനിന്നാണോ ഇത്തവണയും വൈറസ് പടർന്നതെന്ന് അന്വേഷണം നടക്കുകയാണ്. ആരാണ് ഈ പഴംതീനി വവ്വാലുകൾ?
പഴംതീനി വവ്വാലുകളാണ് നിപ്പ വൈറസിന്റെ മുഖ്യവാഹകരെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. വലിയ പഴംതീനി വവ്വാലുകളിലാണ് വൈറസ് കണ്ടെത്തിയിരിക്കുന്നത്. ടെറോപ്പസ് ജൈജാന്റസ്, ഇന്ത്യൻ ഫ്ലയിങ് ഫോക്സ് എന്നീ പേരിലും ഇവ അറിയപ്പെടുന്നു. ടെറോപ്പസ് മീഡിയസ് (Pteropus Medius) എന്നതാണ് ഇവയുടെ ശാസ്ത്രീയനാമം. ശരീരം ബ്രൗൺ, ഗ്രേ, കറുപ്പ് എന്നീ നിറങ്ങളിലും കഴുത്ത് മഞ്ഞനിറത്തിലുമാണ് കാണപ്പെടുക. 600 മുതൽ 1,600 ഗ്രാം വരെ തൂക്കമുണ്ടാകും.
ഇന്ത്യ, ചൈന, ഭൂട്ടാൻ, ബംഗ്ലദേശ് എന്നീ രാജ്യങ്ങളിലാണ് പഴംതീനി വവ്വാലുകൾ കൂടുതൽ ഉള്ളത്. ഇന്ത്യയിൽ കേരളം ഉൾപ്പെടെ മിക്ക സംസ്ഥാനങ്ങളിലും ഇവയെ കാണാം. ഭക്ഷണം തേടി 150 കിലോമീറ്റർ വരെ സഞ്ചരിക്കും. രാത്രിയിലാണ് ഇരതേടൽ. പേരയ്ക്ക, മാങ്ങ, ഞാവൽ എന്നിവയാണ് ഇഷ്ടഭക്ഷണങ്ങൾ. 140 മുതൽ 150 വരെ ദിവസമാണ് പ്രജനന കാലം. ജനിക്കുന്ന കുഞ്ഞുങ്ങൾ 11 ആഴ്ചയ്ക്കുള്ളിൽ പറക്കാൻ തുടങ്ങും. കശുമാങ്ങ, അടയ്ക്ക എന്നിയുടെ നീര് കുടിച്ചശേഷം വിത്ത് മരത്തിനു താഴെത്തന്നെ ഇടുന്നതിനാൽ ഇവരെക്കൊണ്ട് കർഷകർക്ക് ഗുണവുമുണ്ട്.

വൈറസ് വാഹകരായി പന്നികൾ
നിപ്പ വൈറസ് ആദ്യമായി കണ്ടെത്തിയത് മലേഷ്യയിലും സിംഗപ്പൂരിലുമായിരുന്നു. 1998 സെപ്റ്റംബർ മുതൽ 1999 മേയ് വരെ നിപ്പ ഭീതി തുടർന്നു. അന്ന് അണുബാധയേറ്റവർ പന്നികളെ വളർത്തുന്നവരും അവയുമായി അടുത്തിടപഴകുന്നവരുമായിരുന്നു. വവ്വാല്‍ കടിച്ച പഴങ്ങളും വവ്വാലിന്റെ മൂത്രംവീണ മലിനമായ ഭക്ഷണങ്ങളും കഴിച്ചതുമൂലം പന്നികളിൽ വൈറസ് കടന്നുകൂടുകയായിരുന്നു. രോഗബാധിതരായി മസ്തിഷ്കജ്വരത്തിന്റെ ലക്ഷണവുമായെത്തിയ 40 ശതമാനം പേരും മരണത്തിന് കീഴടങ്ങി. തുടർന്നു നടത്തിയ അന്വേഷണത്തിൽ, പഴംതീനി വിഭാഗത്തിൽപ്പെട്ട വവ്വാലുകളാണ് നിപ്പ വൈറസിന്റെ മൂലസ്രോതസ്സെന്ന് കണ്ടെത്തി.
മലേഷ്യയിൽ പന്നിയിലൂടെയും മനുഷ്യരിലേക്ക് വൈറസ് എത്തിയിട്ടുണ്ട്. എന്നാൽ കേരളത്തിൽ അത്തരമൊരു സാഹചര്യം ഉണ്ടായിട്ടില്ല. ഇവിടെ പ്രധാനമായും വവ്വാലിന്റെ ഉമിനീരിലൂടെയാണ് വൈറസ് പരക്കുന്നത്.
Content Highlights: Nipah | Fruit bats | Kozhikode