നെഞ്ചിൽ ഉള്ളി വച്ചാൽ ചുമ മാറുമോ! Fact Check

Mail This Article
ആരോഗ്യരംഗവുമായി ബന്ധപ്പെട്ട് നിരവധി പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റുകളിലെ പൊടിക്കൈകളാണ് രോഗനിവാരണത്തിനായി പലരും ഇപ്പോൾ നെഞ്ചിൽ ഉള്ളി വെച്ചാൽ ചുമയും ബ്രോങ്കൈറ്റിസും ഭേദമാകുമെന്ന് അവകാശപ്പെടുന്ന പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എന്നാൽ പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്തവമറിയാം.
∙ അന്വേഷണം
നെഞ്ചിൽ ഉള്ളി വച്ചാൽ തുടർച്ചയായ ചുമയും ബ്രോങ്കൈറ്റിസും മാറുമെന്ന് അവകാശപ്പെടുന്ന പോസ്റ്റിൽ ഒരു സിപ്‌ലോക് ബാഗിൽ ഉള്ളി രാത്രി മുഴുവൻ വയ്ക്കണമെന്നാണ് പരാമർശിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പ്രചരിക്കുന്ന പോസ്റ്റ് കാണാം.
പ്രഥമ കീവേഡ് പരിശോധനയിൽ ഉള്ളിയിൽ ആന്റിമൈക്രോബിയൽ ഗുണങ്ങളുണ്ടെന്ന് പഠങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ഗൃഹചികിത്സകളിൽ ആളുകൾ ഉള്ളി ഉപയോഗിക്കാറുമുണ്ട്. എന്നാൽ അത് പുറമെ പുരട്ടിയാൽ ശ്വാസകോശ രോഗങ്ങൾക്ക് മാറ്റമുണ്ടാകുമെന്ന് തെളിയിക്കുന്ന റിപ്പോർട്ടുകളൊന്നും തന്നെ ലഭ്യമായില്ല.
ഉള്ളി കഴിച്ചാൽ ചില ഗുണങ്ങളുണ്ടെന്ന് ഗവേഷണ പഠനങ്ങൾ സൂചിപ്പിക്കുന്നു. 2021 ലെ ഒരു പഠനത്തിൽ, ആസ്ത്മ, ശ്വാസകോശ അണുബാധകൾ, അലർജികൾ എന്നിവയിൽ ഉള്ളിയും അതിലെ ഘടകങ്ങളും, പ്രത്യേകിച്ച് ക്വെർസെറ്റിൻ (Qt),നെഞ്ചെരിച്ചിലിനും, ശ്വാസകോശ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് മൃഗങ്ങളിലും ലബോറട്ടറി പഠനങ്ങളിലും കണ്ടെത്തിയതായി വ്യക്തമാക്കുന്നുണ്ട്. വൈറസുകൾ, ബാക്ടീരിയകൾ, കോവിഡ് -19 പോലും എതിർക്കാൻ ഉള്ളിക്ക് കഴിവുണ്ടെന്ന് ഈ റിപ്പോർട്ടുകളിൽ പറയുന്നു എന്നാൽ ഈ കണ്ടെത്തലുകൾക്ക് കൂടുതൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ ആവശ്യമാണെന്നും ഇവർ വ്യക്തമാക്കുന്നുണ്ട്.
കൂടാതെ 2010 ലെ ഒരു പഠനത്തിൽ ഉള്ളിയെ ഔഷധ സസ്യമായും ഹൃദയാരോഗ്യം, ശ്വാസകോശ പ്രശ്നങ്ങൾ, പ്രമേഹം, അണുബാധകൾ എന്നിവയ്ക്ക് പ്രയോജനകരമായ ഗുണങ്ങൾ നൽകുന്നതായും സൂചിപ്പിക്കുന്നുണ്ട്. ഉള്ളിയിലെ ക്വെർസെറ്റിൻ, സൾഫർ എന്നിവ പോലുള്ള സംയുക്തങ്ങൾ നീര് കുറയ്ക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും ദീർഘകാല രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാനും സഹായിച്ചേക്കാം. എന്നിരുന്നാലും ഈ ഫലങ്ങൾ സ്ഥിരീകരിക്കാൻ കൂടുതൽ ഗവേഷണം ആവശ്യമാണെന്ന് ഈ പഠനവും പറയുന്നുണ്ട്.
“ശരീരത്തിൽ ഉള്ളി അല്ലെങ്കിൽ ഉരുളക്കിഴങ്ങ് പോലുള്ള അരിഞ്ഞെടുത്ത പച്ചക്കറികൾ വച്ചാൽ ശ്വാസകോശ രോഗങ്ങൾക്ക് മാറ്റം വരുമെന്ന വിശ്വാസത്തെ പിന്തുണയ്ക്കുന്ന ശാസ്ത്രീയ തെളിവുകളൊന്നുമില്ല. ഈ പച്ചക്കറികൾ കഴിച്ചാൽ ആരോഗ്യ ഗുണങ്ങളുണ്ടെങ്കിലും, അവ പുറമെ പുരട്ടിയാൽ ചുമ അല്ലെങ്കിൽ ബ്രോങ്കൈറ്റിസ് പോലുള്ള രോഗങ്ങളെ ശമിപ്പിക്കുമെന്നതിന് തെളിവില്ല.” ജനറൽ ഫിസിഷ്യനായ ഡോ. കശ്യപ് ദക്ഷിണി പറഞ്ഞു.
ഉള്ളിയിൽ ക്വെർസെറ്റിൻ, സൾഫർ എന്നിവ പോലുള്ള സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്, ഇവയ്ക്ക് ആന്റി ഇൻഫ്ലമേറ്ററിയും ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്. എന്നിരുന്നാലും, ഉള്ളി കഴിക്കുമ്പോഴാണ് ഈ ഗുണങ്ങൾ ആളുകൾക്ക് പ്രയോജനപ്പെടുന്നത്. ഉള്ളി പുറമെ പുരട്ടുന്നത് ശ്വാസകോശ വ്യവസ്ഥയെ നേരിട്ട് സ്വാധീനിച്ച് ചുമ ശമിപ്പിക്കുമെന്നോ വ്യക്തമാക്കുന്ന ശാസ്ത്രീയ തെളിവുകളൊന്നുമില്ല.
തുടർച്ചയായ ചുമയും ബ്രോങ്കൈറ്റിസും നേരിടാൻ ഏറ്റവും നല്ല മാർഗം അതിന്റെ അടിസ്ഥാന കാരണം കണ്ടെത്തുക എന്നതാണ്. വൈറൽ അണുബാധകളുടെ സാധാരണ ലക്ഷണങ്ങൾ നിയന്ത്രിക്കാൻ വിശ്രമവും കൃത്യമായ മരുന്നുകളും മതിയാകും.
ബാക്ടീരിയ ബ്രോങ്കൈറ്റിസിന് ആന്റിബയോട്ടിക്കുകൾ ഉപകാരപ്രദമായിരിക്കും.ദീർഘകാല ബ്രോങ്കൈറ്റിസിന്, ഇൻഹേലറുകൾ അല്ലെങ്കിൽ മറ്റ് നിർദ്ദേശിക്കപ്പെട്ട ചികിത്സകൾ ആവശ്യമായി വന്നേക്കാം.
ശ്വാസകോശ രോഗങ്ങളുടെ ശരിയായ രോഗനിർണയത്തിനും ചികിത്സയ്ക്കും സമയോചിതമായി കൃത്യമായ വൈദ്യ സഹായം തേടണം. ഉള്ളി പുരട്ടൽ പോലുള്ള അശാസ്ത്രിയമായ ചികിത്സകൾ ശരിയായ പരിചരണം വൈകിപ്പിക്കുകയും ലക്ഷണങ്ങൾ വഷളാക്കുകയും ചെയ്തേക്കാം.ഡോക്ടർമാർ വ്യക്തമാക്കുന്നു.
∙ വാസ്തവം
നെഞ്ചിൽ ഉള്ളി വച്ചാൽ ചുമയും ബ്രോങ്കൈറ്റിസും മാറുമെന്ന് അവകാശപ്പെടുന്ന പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്.
( വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി തിപ് മീഡിയ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)
English Summary:Placing onions on your chest doesn't cure coughs or bronchitis. Always seek professional medical advice for respiratory illnesses