കാൻസർ ഒരിക്കലും വരാതിരിക്കാൻ 100 രൂപയുടെ ഗുളികയോ? | Fact Check
.jpg?w=1120&h=583)
Mail This Article
കാൻസർ ഒരിക്കലും വരാതെ പ്രതിരോധിക്കാൻ നൂറ് രൂപയുടെ ഗുളിക മുംബൈയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്തുവെന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കൃശൽ മീഡിയയുടെ വാർത്താവിഡിയോയാണ് പ്രചരിക്കുന്നത്. ടാബ്‍ലറ്റ് രൂപത്തിലാണ് മരുന്ന് വികസിപ്പിച്ചിട്ടുള്ളതെന്നും കീമോ, റേഡിയേഷൻ എന്നീ ചികിത്സകളുടെ പാർശ്വഫലങ്ങള്‍ ഇല്ലാതാക്കാന്‍ ഇതിന് സാധിക്കുമെന്നും വിഡിയോയില്‍ പറയുന്നുണ്ട്. വസ്തുതാ പരിശോധനയ്ക്കായി മനോരമ ഓൺലൈൻ ഫാക്ട് ചെക്കിന്റെ ഹെൽപ്‌ലൈനില്‍ ലഭിച്ചതാണ് ഈ സന്ദേശം. വാസ്തവമറിയാ
∙ അന്വേഷണം
പരിശോധിച്ചപ്പോൾ, ഏതാനും നാളുകളായി പ്രചരിക്കുന്നതാണ് ഈ വിഡിയോ എന്ന് മനസ്സിലായി. ‘‘വെറും നൂറ് രൂപയുടെ; ഗുളിക കാൻസർ വരുന്നതു തടയാനാകും... കാൻസർ പ്രതിരോധത്തിന് വിപ്ലവം സൃഷ്ടിക്കുന്ന കണ്ടുപിടുത്തവുമായിട്ട് മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഇപ്പോൾ രംഗത്തുവന്നിരിക്കുകയാണ്. കാൻസർ വീണ്ടും വരാനുള്ള സാധ്യത ഇല്ലാതാക്കുന്ന മരുന്നിന്റെ പരീക്ഷണം വിജയത്തിലേക്കെത്തിയെന്ന പ്രഖ്യാപനം ഇപ്പോൾ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ തന്നെയാണ് നടത്തിയിരിക്കുന്നത്...’’ എന്നാണിതിൽ പറയുന്നത്. കീവേർഡ് സെർച്ച് ചെയ്തപ്പോൾ, 2024 മാര്‍ച്ച് 29നും ഏപ്രിൽ 17നും കൃശൽ മീഡിയ പങ്കുവച്ചിട്ടുള്ള വിഡിയോയിൽനിന്നുള്ള ഒരു ഭാഗമാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നു കണ്ടെത്തി.
ഇതിൽ പറയുന്നതുപോലെയുള്ള മരുന്ന് ടാറ്റാ വികസിപ്പിച്ചിട്ടുണ്ടോ എന്നാണ് പിന്നീട് പരിശോധിച്ചത്. രാജ്യത്തെ മുൻനിര കാൻസർ ചികിത്സാ ആശുപത്രിയായ മുംബൈ ടാറ്റാ മെമ്മോറിയൽ സെന്ററിലെ ഗവേഷകർ കാൻസറുമായി ബന്ധപ്പെട്ടു നടത്തിയ ഒരു ഗവേഷണത്തിന്റെ ഫലത്തെക്കുറിച്ചുള്ള ചില വാർത്തകൾ ലഭിച്ചു. എന്നാൽ, ചിലതിൽ ഇത് കാൻസർ വരാതെ സംരക്ഷിക്കുമെന്നും മറ്റു ചിലതിലിത് കാൻസർ അതിജീവിച്ചവർക്ക് വീണ്ടും രോഗം ബാധിക്കുന്നതു പ്രതിരോധിക്കാൻ കഴിവുള്ള മരുന്നുമായാണ് പറയുന്നത്.
തുടർന്നുള്ള അന്വേഷണത്തിൽ, ടാറ്റാ മെമോറിയൽ സെന്റർ അഡ്വാന്‍സ്ഡ് സെന്റർ ഫോർ ട്രീറ്റ്മെന്റ്, റിസർച്ച് ആൻഡ് എഡ്യുകേഷൻ ഇൻ കാൻസർ 2024 മാർച്ച് 1ന് പ്രസിദ്ധീകരിച്ച ഒരു വാർത്താക്കുറിപ്പ് കണ്ടെത്തി. ഇതിൽ പറയുന്ന ഗവേഷണത്തെക്കുറിച്ചാണ് പ്രചരിക്കുന്ന വിഡിയോയിലും വാർത്തകളിലുമുള്ളത്.
ഇവരുടെ ഗവേഷണ ഫലം ഇപ്രകാരമാണ്– കീമോതെറപ്പിയും റേഡിയോ തെറപ്പിയും ചെയ്യുമ്പോൾ കാൻസർ കോശങ്ങൾ നശിച്ച് ക്രൊമാറ്റിൻ കണികകളായി മാറുകയും അവ രക്തത്തിലൂടെ ശരീരത്തിന്റെ മറ്റിടങ്ങളിലെ ആരോഗ്യകരമായ കോശങ്ങളിൽ പ്രവേശിച്ച് കാൻസർ ആയി മാറുകയും ചെയ്യുന്നു. ഇത് ഒഴിവാക്കാൻ, ഇത്തരം ചികിത്സകൾ നടത്തുമ്പോൾ ക്രൊമാറ്റിൻ കണികകളെ നശിപ്പിക്കുന്ന മരുന്നുകൾ നൽകേണ്ടതുണ്ട്. അതിനു ഫലപ്രദമായ ഒരു ഫോർമുലേഷനാണ് റിസ്‌വെറാട്രോളും കോപ്പറും (resveratrol and copper) ചേർന്നത്.
ലഭ്യമായ വിവരങ്ങൾ പ്രകാരം, മനുഷ്യരിലെ കാൻസർ കോശങ്ങൾ എലികളിൽ കടത്തി വിട്ടായിരുന്നു ഇവർ ഇതിന്റെ പരീക്ഷണങ്ങൾ നടത്തിയത് (ആദ്യ ഘട്ടം). മനുഷ്യരിലെ പ്രാഥമിക പരീക്ഷണവും കഴിഞ്ഞു (രണ്ടാം ഘട്ടം). കീമോതെറപ്പിയുടെ പാർശ്വഫലങ്ങൾ കുറയുന്നതായും കണ്ടെത്തി. എന്നാല്‍, ഗവേഷണങ്ങളും ട്രയലുകളും ഇനിയും നടത്തേണ്ടതുണ്ട്. നിലവിലിതു പൂർണമായും ഫലപ്രദമാണെന്ന് സ്ഥിരീകരിക്കാനാവില്ല, പരീക്ഷണഘട്ടത്തിൽ തന്നെയാണെന്നാണ് ടാറ്റ അറിയിക്കുന്നത്. അതിനാൽ, മനുഷ്യരിൽ കാൻസറിന്റെ തിരിച്ചുവരവു തടയുന്നതിനുള്ള ചികിത്സയ്ക്ക് ഇത് ഉപയോഗിക്കാൻ ഏതാനും വർഷങ്ങള്‍ കൂടി കാത്തിരിക്കേണ്ടിവരും. ഇവർ വികസിപ്പിച്ചെടുക്കുന്ന മരുന്ന് നിലവിലുള്ള മറ്റു ചികിത്സാരീതികൾക്കു ബദലല്ലെന്നും ഇവരുടെ വാർത്താക്കുറിപ്പിൽ അടിവരയിടുന്നുണ്ട്.
പ്രസ് ഇൻഫർമേഷൻ ബ്യൂറോയും ഇത് സംബന്ധിച്ച വാർത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു.
∙ വാസ്തവം
ലഭ്യമായ വിവരങ്ങൾ പ്രകാരം, കാൻസർ ഒരിക്കലും വരാതിരിക്കാനുള്ള മരുന്നല്ല, മറിച്ച് ഒരു തവണ കാൻസർ ചികിത്സിച്ചു ഭേദമായവർക്ക് വീണ്ടും കാൻസർ വരാനുള്ള സാധ്യത കുറയ്ക്കുന്ന ഒരു മരുന്നാണ് ടാറ്റാ മെമോറിയൽ സെന്റർ അഡ്വാന്‍സ്ഡ് സെന്റർ ഫോർ ട്രീറ്റ്മെന്റ്, റിസർച്ച് ആൻഡ് എഡ്യുകേഷൻ ഇൻ കാൻസർ വികസിപ്പിക്കുന്നത്. ഇത് പരീക്ഷണ ഘട്ടത്തിലാണ്. കീമോതെറപ്പി മൂലമുള്ള പാര്‍ശ്വഫലങ്ങളും ഇവയ്ക്കു കുറയ്ക്കാൻ സാധിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.