രാജസ്ഥാനിൽ ജയിച്ച സിപിഎം സ്ഥാനാർഥി ബിജെപിയിലേക്കോ? വാസ്തവമിതാണ് | Fact Check

Mail This Article
പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ന്യൂസ്ചെക്കർ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്
തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തു വന്നതിന് പിന്നാലെ രാജസ്ഥാനിൽ ജയിച്ച സിപിഎം സ്ഥാനാർഥി ബിജെപിയിലേക്ക് എന്ന അവകാശവാദത്തോടെ ഒരു ഫോട്ടോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം.
∙ അന്വേഷണം
ഞങ്ങൾ വൈറൽ കാർഡ് റിവേഴ്‌സ് ഇമേജ് വഴി പരിസോധിച്ചപ്പോൾ ഒരു വാർത്താ മാധ്യമം 2024 ജൂൺ 4ന് അവരുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഒരു ചിത്രം ഞങ്ങൾക്ക് ലഭിച്ചു. ബിജെപി എന്ന് എഴുതിയ, താമരയുടെ ചിത്രമുള്ള, കാവി ഷോൾ ധരിച്ച വ്യക്തിയെ രണ്ടു പേർ അഭിനന്ദിക്കുന്നതായുള്ള വൈറൽ ചിത്രം തന്നെയാണ് ഇവിടെയും ലഭിച്ചത്.

“കോൺഗ്രസ് പരാജയം സമ്മതിച്ച മണ്ഡലത്തിൽ വഡോദരയിലെ കോൺഗ്രസ് സ്ഥാനാർത്ഥി ജഷ്പാൽ സിംങ് പധ്യാർ ബിജെപിയുടെ ഹേമാംഗ് ജോഷിക്കൊപ്പം വഡോദര പോളിങ് സ്റ്റേഷനിൽ. വോട്ടെണ്ണൽ പുരോഗമിക്കുമ്പോഴും 54,2084 വോട്ടുകളുടെ ലീഡ് നേടിയ ബിജെപി സ്ഥാനാർത്ഥിയെ അഭിനന്ദിക്കുന്ന വഡോദര സിറ്റി കോൺഗ്രസ് പ്രസിഡന്റ് രുത്വിജ് ജോഷിയാണ് വലതുവശത്ത്,” എന്നാണ് ചിത്രത്തിനൊപ്പമുള്ള അടിക്കുറിപ്പ്.
മൈ നേതാ ഇൻഫോയെന്ന പേജിൽ തിരഞ്ഞപ്പോഴും ഇതേ വ്യക്തിയുടെ ചിത്രമാണ് വഡോദരയിലെ ബിജെപി സ്ഥാനാർത്ഥി ഹേമാംഗ് ജോഷി എന്ന പേരിൽ നൽകിയിരിക്കുന്നതെന്ന് വ്യക്തമായി.

കീ വേർഡ് പരിശോധനയിൽ നിന്ന് സിക്കറിൽ നിന്ന് ജയിച്ച അമ്ര റാമാണ് രാജസ്ഥാനിൽ നിന്നും ജയിച്ച സിപിഎമ്മിന്റെ ഏക സ്ഥാനാർത്ഥിയെന്ന് മനസ്സിലായി.
2024 ജൂൺ 5ലെ എഎൻഐയുടെ എക്സ് പോസ്റ്റിൽ അമ്രാ റാമിന്റെ ഇന്റർവ്യൂവിന്റെ വിഡിയോ ഉണ്ട്. അതിൽ നിന്നും പ്രചരിക്കുന്ന ചിത്രത്തിലുള്ള വ്യക്തിയല്ല രാജസ്ഥാനിലെ സിക്കറിൽ നിന്നും ജയിച്ച അമ്ര റാമെന്ന് മനസ്സിലായി.
സിക്കറിൽ നിന്നുള്ള സിപിമ്മിന്റെ വിജയിച്ച സ്ഥാനാർത്ഥി അമ്രാ റാം പറയുന്നു, “ഇന്ത്യൻ സഖ്യത്തിന്റെ നേതാക്കൾക്കും വോട്ടർമാർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ തിരഞ്ഞെടുപ്പിൽ ജനങ്ങൾ പോരാടി. ഞാൻ പ്രതീക്ഷകൾക്കൊപ്പം ഉയർന്ന് പ്രവർത്തിക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകാൻ ആഗ്രഹിക്കുന്നു. ഞാൻ സംസ്ഥാന നിയമസഭയിൽ പോരാടിയതുപോലെ തെരുവിലും പാർലമെന്റിലും പോരാടും,”എന്ന വിവരണത്തോടെയാണ് പോസ്റ്റ്.
ജൂൺ 5ലെ തന്റെ എക്സ് പോസ്റ്റിൽ അമ്ര റാം, താനുൾപ്പെടെയുള്ള വിജയിച്ച, സിപിഎം സ്ഥാനാർത്ഥികളുടെ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ നിന്നും അമ്ര റാമല്ല പ്രചരിക്കുന്ന ചിത്രത്തിലുള്ളതെന്ന് വ്യക്തമായി. “ആലത്തൂരിൽ 20111 വോട്ടിന് കെ.രാധാകൃഷ്ണൻ വിജയിച്ചു. #മധുരയിൽ 209409 വോട്ടുകൾക്ക് സുവെങ്കിടേശൻ വിജയിച്ചു. #സിക്കറിൽ 72896 വോട്ടുകൾക്കാണ് അമ്ര റാം വിജയിച്ചത്. #ദിണ്ടിഗലിൽ 443821 വോട്ടുകൾക്ക് സച്ചിതാനന്ദം വിജയിച്ചു,” എന്നാണ് പോസ്റ്റിനൊപ്പമുള്ള വിവരണം. അദ്ദേഹം സിപിഎമ്മിൽ തന്നെയാണ് ഇപ്പോഴും എന്ന് അദ്ദേഹത്തിന്റെ എക്സ് പ്രൊഫൈൽ പരിശോധിച്ചാൽ മനസ്സിലാവും.
∙ വസ്തുത
രാജസ്ഥാനിൽ ജയിച്ച സിപിഎം സ്ഥാനാർഥി ബിജെപിയിലേക്ക് എന്ന പേരിൽ പ്രചരിക്കുന്ന ചിത്രത്തിലുള്ളത് വഡോദരയിൽ ജയിച്ച ബിജെപിയുടെ ഹേമാംഗ് ജോഷിയാണ്. സിക്കറിൽ നിന്നും ജയിച്ച അമ്ര റാമാണ് രാജസ്ഥാനിൽ നിന്നും ജയിച്ച സിപിഎമ്മിന്റെ ഏക സ്ഥാനാർത്ഥി. അദ്ദേഹം ഇപ്പോഴും സിപിഎമ്മിൽ തന്നെയാണ്.
English Summary :Hemang Joshi of BJP who won in Vadodara is in the picture circulating under the name CPM candidate who won in Rajasthan goes to BJP.