ADVERTISEMENT

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ന്യൂസ്‌മീറ്റർ  പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ  നിന്ന്

തലശ്ശേരിയിലെ മുസ്‌ലിം കുടുംബത്തിന്റെ പിന്തുണയാണ് തനിക്ക് ഹിന്ദു വോട്ടുകൾ നഷ്ടമാകാൻ കാരണമായതെന്ന് കെ.കെ.ശൈലജ പറഞ്ഞതായി അവകാശപ്പെടുന്ന ഒരു വാർത്താ കാർഡ് സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഏഷ്യാനെറ്റ് ന്യൂസിന്റെ ലോഗോയും കെ.കെ.ശൈലജയുടെ ചിത്രവുമായിട്ടാണ് ഈ കാർഡ് പ്രചരിക്കുന്നത്.

"തലശ്ശേരിയിലെ പ്രമുഖ മുസ്‌ലിം തറവാടിന്റെ പിന്തുണ ഹിന്ദു വോട്ടുകൾ അകലാൻ കാരണമായി - കെ.കെ ശൈലജ" എന്നെഴുതിയ കാർഡ് ഉൾപ്പെടുന്ന ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂർണ രൂപം കാണാം 

shyla5

എന്നാൽ പ്രചാരത്തിലുള്ള കാർഡ് വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇത്തരമൊരു പ്രസ്താവന കെ.കെ.ശൈലജ നടത്തിയിട്ടില്ല. ഏഷ്യാനെറ്റിന്റെ മറ്റൊരു വാർത്താ കാർഡ് എഡിറ്റ് ചെയ്ത് നിർമ്മിച്ചതാണിത്.

∙ അന്വേഷണം

പ്രചാരത്തിലുള്ള വാർത്താ കാർഡ് സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ഇതിൽ തീയതി രേഖപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമായി. തുടർന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ സമൂഹമാധ്യമ പേജുകളിൽ പരിശോധിച്ചെങ്കിലും ഇത്തരമൊരു കാർഡ് പങ്കിട്ടിട്ടുള്ളതായി കണ്ടെത്താൻ സാധിച്ചില്ല. എന്നാൽ, വൈറൽ കാർഡ് വ്യാജമാണെന്ന് വ്യക്തമാക്കി ഏഷ്യാനെറ്റ് ന്യൂസ് പങ്കുവച്ച ഫെയ്‌സ്ബുക് പോസ്റ്റ് ലഭ്യമായി. ഈ ഫെയ്‌സ്ബുക് പോസ്റ്റ് കാണാം

തുടർന്ന് റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ  പ്രചാരത്തിലുള്ള വാർത്താ കാർഡ് പരിശോധിച്ചപ്പോൾ സമാനമായ ഡിസൈനുള്ള മറ്റൊരു കാർഡ് കണ്ടെത്താനായി. "വടകര കൈവിടില്ല, തോൽക്കണമെങ്കിൽ അട്ടിമറി നടക്കണം" എന്ന കെ.കെ.ശൈലജയുടെ പ്രസ്താവന ഉൾപ്പെടുന്ന കാർഡ് 2024 ജൂൺ 3നാണ് പങ്കിട്ടിരിക്കുന്നത്. ഈ കാർഡിലെ തിയതിയും വാചകവും എഡിറ്റ് ചെയ്ത് മാറ്റിയാണ് വൈറൽ കാർഡ് നിർമ്മിച്ചിരിക്കുന്നതെന്ന് താരതമ്യം ചെയ്തതിലൂടെ വ്യക്തമായി. രണ്ട് കാർഡുകളും തമ്മിലുള്ള താരതമ്യം ചുവടെ കാണാം.

shyla1

തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം കെ.കെ.ശൈലജ നടത്തിയ പ്രസ്താവനകളും ഞങ്ങൾ പരിശോധിച്ചു. എവിടെയും മുസ്‌ലിം കുടുംബവുമായി ബന്ധപ്പെട്ടോ ഹിന്ദു വോട്ടുകൾ കിട്ടിയിട്ടില്ലെന്നോ ഉള്ള പരാമർശങ്ങൾ കെ.കെ.ശൈലജ നടത്തിയതായി കണ്ടെത്താനായില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ജൂൺ 4ന് കെ.കെ.ശൈലജ മാധ്യമങ്ങളോട് പറഞ്ഞത് തോൽവി സമ്മതിക്കുന്നുവെന്നും കോൺഗ്രസ് ട്രെന്റ് കാരണമാണ് പരാജയപ്പെട്ടതെന്നുമാണ്. ബിജെപിക്കെതിരെ കോൺഗ്രസ് എന്ന ചിന്തയാണ് കേരളത്തിൽ കോൺഗ്രസിന് അനുകൂലമായതെന്നൂം കേരളത്തിൽ മുഴുവൻ ഉണ്ടായ ട്രന്റാണ് വടകരയിലും കണ്ടതെന്നും കെ.കെ.ശൈലജ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് ഓൺമനോരമ പ്രസിദ്ധീകരിച്ച വാർത്ത ഇവിടെ വായിക്കാം 

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കെ.കെ.ശൈലജയ്ക്കായി പാട്ടുപാടിയ തലശ്ശേരിയിലെ മാളിയേക്കൽ കുടുംബത്തിനെതിരെ സൈബർ ആക്രമണം നടക്കുന്നതായി കഴിഞ്ഞ ദിവസം മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. മാളിയേക്കൽ കുടുംബം സൈബർ ലോകത്തെ അധിക്ഷേപങ്ങൾക്ക് പാട്ടിലൂടെ തന്നെ മറുപടി പറഞ്ഞുവെന്നും മനോരമ ന്യൂസ് റിപ്പോർട്ടിൽ പറയുന്നു. ഈ കുടുംബത്തെയാണ് വൈറലായ വാർത്താ കാർഡിലും പരാമർശിച്ചിരിക്കുന്നത്. മനോര ന്യൂസിന്റെ വാർത്ത വായിക്കാം

ലഭ്യമായ വിവരങ്ങളിൽ നിന്നും കെ.കെ.ശൈലജയുടെ പ്രസ്താവന എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്താ കാർഡ് വ്യാജമാണെന്ന് വ്യക്തമായി. ഏഷ്യാനെറ്റ് ന്യൂസിന്റെ മറ്റൊരു കാർഡ് എഡിറ്റ് ചെയ്താണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

∙ വസ്തുത

വടകരയിൽ എൽഡിഎഫിന് ഹിന്ദു വോട്ടുകൾ കുറഞ്ഞതിന് കാരണം തലശ്ശേരിയിലെ മുസ്‌ലിം തറവാടിന്റെ പിന്തുണയാണെന്നും കെ.കെ.ശൈലജ പറഞ്ഞതായി പ്രചരിക്കുന്ന വാർത്ത കാർഡ് വ്യാജമാണ്. കെ.കെ.ശൈലജ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും കാർഡ് എഡിറ്റ് ചെയ്തതാണെന്നും അന്വേഷണത്തിൽ സ്ഥിരീകരിച്ചു.

English Summary :The news card circulating as statement of KK Shailaja is fake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com