ADVERTISEMENT

പാലക്കാട് നിയമസഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന കള്ളപ്പണ വിവാദത്തിന് പിന്നാലെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിപക്ഷ നേതാവ് രംഗത്തെത്തിയതായി സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണം നടക്കുന്നുണ്ട്. വി.ഡി.സതീശന്റെ വാർത്താ സമ്മേളനത്തിലെ വിഡിയോ ഉപയോഗിച്ചാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. 'രാഹുൽ മാങ്കൂട്ടത്തിൽ സ്വയം പരിഹാസ്യനായി നിൽക്കുകയാണ്' എന്ന് പ്രതിപക്ഷനേതാവ് പറഞ്ഞതായാണ് സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള വിഡിയോയിലെ പ്രചാരണം.

എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രസ്താവന നടത്തിയിട്ടില്ലെന്നും വസ്തുത പരിശോധനയിൽ വ്യക്തമായി.

∙ അന്വേഷണം

പ്രചരിക്കുന്ന വിഡിയോയുടെ ആകെ ദൈർഘ്യം 12 സെക്കന്റാണ്. പ്രതിപക്ഷ നേതാവിന്റെ വാർത്താ സമ്മേളനത്തിലെ ഒരു വാക്യം മാത്രമാണ് വിഡിയോയിൽ. "രാഹുൽ മാങ്കൂട്ടത്തിൽ കൃത്യമായി മറുപടി പറഞ്ഞ്, സ്വയം പരിഹാസ്യനായി നിൽക്കുകയാണ്”എന്നാണ് എന്നാണ് ഈ വിഡിയോയിൽ വി ഡി സതീശൻ പറയുന്നത്. ആറ് സെക്കന്റ് മാത്രം ദൈർഘ്യമുള്ള ഈ ഭാഗം രണ്ടുതവണ ആവർത്തിച്ച് ഇതിനൊപ്പം രാഹുലിന്റെയും ഷാഫി പറമ്പിലിന്റെയും ചിത്രങ്ങൾ ചേർത്ത് എഡിറ്റ് ചെയ്ത വിഡിയോയാണ് പ്രചരിക്കുന്നത്.

യുഡിഎഫ് സ്ഥാനാർഥിയായ രാഹുൽ മാങ്കൂട്ടത്തിലിനെ പ്രതിപക്ഷനേതാവ് വിമർശിച്ചാൽ അത് വാർത്തയാകുമായിരുന്നു.എന്നാൽ ഒരു മാധ്യമത്തിലും ഇത്തരമൊരു റിപ്പോർട്ടും കണ്ടെത്താനായില്ല.

പ്രചരിക്കുന്ന വിഡിയോയിലെ വാർത്താ സമ്മേളനത്തിന്റെ ഭാഗം അപൂർണമായതിനാൽ ഇതിന്റെ പൂർണരൂപം കണ്ടത്താനാണ് ആദ്യം ശ്രമിച്ചത്. സ്ക്രീനിലെ തിയതിയും സമയവും പരിശോധിച്ചതിൽ നിന്ന് 24 ന്യൂസ് 2024 നവംബർ എട്ടിന് രാവിലെ പതിനൊന്നരയോടെ സംപ്രേഷണം ചെയ്ത തത്സമയ വാർത്താസമ്മേളനത്തിലെ ദൃശ്യങ്ങളാണിതെന്ന് വ്യക്തമായി. തുടർന്ന് ഈ സൂചന ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഇതിന്റെ എഡിറ്റ് ചെയ്‌ത ഭാഗം 24 ന്യൂസ് യൂട്യൂബിൽ പങ്കുവെച്ചതായി കണ്ടെത്തി.

ഇതിൽ ദിവ്യയുടെ ജാമ്യവുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് വി.ഡി.സതീശൻ ഉന്നയിക്കുന്നത്. ഇത് വിഡിയോയ്ക്ക് ചാനൽ നൽകിയ തലക്കെട്ടിൽ നിന്നും വ്യക്തമാണ്. 3 മിനുറ്റ് ദൈർഘ്യമുള്ള ഈ വിഡിയോയിൽ പ്രതിപക്ഷ നേതാവ് ഈ വിഷയം സംസാരിച്ചതിന് പിന്നാലെയാണ് മാധ്യമ പ്രവർത്തകർ പാലക്കാട്ടെ കള്ളപ്പണവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ ചോദ്യങ്ങൾ ഉന്നയിക്കുന്നത്. ഇതിന്റെ ഉള്ളടക്കം താഴെ വായിക്കാം:

മാധ്യമപ്രവർത്തകൻ: രാഹുൽ മാങ്കൂട്ടത്തിൽ നേരത്തെ പറഞ്ഞത് അദ്ദേഹം സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നാണ്, എന്നാൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ വ്യക്തമാകുന്നത് രാഹുൽ മാങ്കൂട്ടത്തിൽ ഈ സമയം അവിടെ ഉണ്ടായിരുന്നു എന്നാണ്.

വി.ഡി.സതീശൻ: ഇത് ഇന്ന് വീണ്ടും ഇത് ചർച്ചയാക്കാൻ വേണ്ടിയുള്ള ചോദ്യമാണ്. അതൊക്കെ രാഹുൽ മാങ്കൂട്ടത്തിൽ കൃത്യമായി മറുപടി പറഞ്ഞിട്ടുണ്ട്, രാഹുൽ മാങ്കൂട്ടത്തിലിന്റെ മറുപടിയെടുത്ത് നോക്കിയാൽ മതി.

മാധ്യമപ്രവർത്തകൻ: പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും മറ്റ് പ്രവർത്തകരുമൊക്കെ പരസ്പരവിരുദ്ധമായാണ് കാര്യങ്ങൾ പറയുന്നത് 

വി.ഡി.സതീശൻ: എന്ന് നിങ്ങൾക്ക് തോന്നിയതാണ്. ഞങ്ങൾക്കാർക്കും തോന്നിയില്ല. പരസ്പര വിരുദ്ധമായിട്ട് പറഞ്ഞതാരാ? പാർട്ടി ജില്ലാ സെക്രട്ടറിയും മന്ത്രിയും.. എംബി രാജേഷും പറഞ്ഞു ഇത് ഭയങ്കരമായി കള്ളപ്പണമാണ് അവിടെ ഒളിച്ചുവെച്ചിരിക്കുന്നത്... അതാണ്, പ്രശ്നമാണെന്ന് പറഞ്ഞു... അവിടുത്തെ സ്ഥാനാർത്ഥി പറഞ്ഞതെന്താ? സ്ഥാനാർഥി പറഞ്ഞത് ഷാഫി പറമ്പിൽ പൊലീസിനെ വിളിച്ച് പറഞ്ഞതാണ്, ഉടനെ നാടകമുണ്ടാക്കിയതാണെന്ന് പറഞ്ഞു. ആദ്യം അവിടുത്തെ പ്രശ്‌നം തീർത്തിട്ട് എന്നോട് ചോദിക്കാൻ വാ.

മാധ്യമപ്രവർത്തകൻ: സിസിടിവി ദൃശ്യവും ഇവർ പറയുന്നതും വൈരുധ്യമാണ് സർ.

വി.ഡി.സതീശൻ: അതിനെല്ലാമാണ് രാഹുൽ മാങ്കൂട്ടത്തിൽ കൃത്യമായി മറുപടി പറഞ്ഞ്... സ്വയം പരിഹാസ്യനായി നിൽക്കുകയാണ്. എന്തായാലും മന്ത്രി എംബി രാജേഷാണ് ഈ വനിതാ നേതാക്കന്മാരുടെ മുറി റെയ്ത് ചെയ്യാൻ എസ്‌പിയെ വിളിച്ച് പറഞ്ഞത്. ഒരു സംശയവും അക്കാര്യത്തിലില്ല. മന്ത്രിയും അളിയനും കൂടി ചേർന്നുണ്ടാക്കിയ തിരക്കഥയാണ്. നിങ്ങൾ എന്നോട് ചോദ്യം ചോദിക്കുന്നതിന് മുൻപ്...

ഇവിടെ വെച്ച് വാർത്താ അവതാരകൻ ഇടപെട്ട് വാർത്താ സമ്മേളനത്തിന്റെ തത്സമയ സംപ്രേഷണം ഉപസംഹരിക്കുന്നു. ഈ വാർത്താ സമ്മേളനത്തിൽ നിന്ന് പ്രതിപക്ഷനേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെ വിമർശിച്ചിട്ടില്ലെന്ന് വ്യക്തമാണ്. 'സ്വയം പരിഹാസ്യനായി നിൽക്കുന്നു' എന്ന് അദ്ദേഹം പറഞ്ഞത് പരസ്പരവിരുദ്ധമായ ആരോപണങ്ങളുന്നയിച്ച സിപിഐഎം ജില്ലാ സെക്രട്ടറിയെയും സ്ഥാനാർഥിയെയും മന്ത്രി എം.ബി.രാജേഷിനെയുമാണ്.

ചേലക്കരയിൽ നടത്തിയ ഈ വാർത്താ സമ്മേളനത്തിന്റ ദൈർഘ്യമേറിയ തത്സമയ പതിപ്പ് പ്രതിപക്ഷ നേതാവിന്റെ ഫെയ്‌സ്ബുക് പേജിൽ പങ്കുവെച്ചതായി കണ്ടെത്തി. ചാനലിൽ സംപ്രേഷണം ചെയ്‌തതിന് ശേഷമുള്ള ഭാഗങ്ങളും ഇതിൽ ലഭ്യമാണ്.

കുഴൽപ്പണ വിവാദം ബിജെപിയിൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ചതിന് പിന്നാലെ കെ.സുരേന്ദ്രനെ രക്ഷിക്കാനും കോൺഗ്രസിനെ ഉപയോഗിച്ച് ബാലൻസ് ചെയ്യാനും വേണ്ടി സിപിഐഎം ഉണ്ടാക്കിയ തിരക്കഥയാണിതെന്നും അത് അവർക്കു തന്നെ തിരിച്ചടിയായെന്നും വി.ഡി.സതീശൻ തുടർന്ന് ആരോപിക്കുന്നുണ്ട്. ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.

∙ വസ്തുത

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിനെ കള്ളപ്പണ വിവാദത്തിൽ പരസ്യമായി വിമർശിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വിഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. വാർത്താസമ്മേളനത്തിലെ ഒരു വാക്യം മാത്രം അടർത്തിമാറ്റിയാണ് പ്രചാരണമെന്നും പ്രതിപക്ഷനേതാവ് വിമർശിച്ചത് സിപിഐഎമ്മിനെയാണെന്നും അന്വേഷണത്തിൽ വ്യക്തമായി.

രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ന്യൂസ്‌മീറ്റർ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന് 

English Summary: The video circulating that opposition leader VD Satheesan publicly criticized Palakkad UDF candidate Rahul Mankoothil in the black money scandal is misleading

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com