ADVERTISEMENT

ചാനല്‍ ചര്‍ച്ചയ്ക്കിടെ വിദ്വേഷ പരാമര്‍ശം നടത്തിയതിന് മുന്‍ എംഎല്‍എ പി.സി.ജോര്‍ജിനെതിരെ കേസെടുത്തിരുന്നു. മുസ്‌ലിം യൂത്ത് ലീഗിന്റെ പരാതിയില്‍ കോട്ടയം ജില്ലാ പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. മുസ്‌ലിംകളെ ലക്ഷ്യം വച്ചുള്ള പരാമര്‍ശത്തില്‍ പി.സി.ജോര്‍ജ് പിന്നീട് പരസ്യമായി മാപ്പ് പറഞ്ഞിരുന്നു. അതിനിടെ പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്യാത്തതും മറ്റൊരു കേസില്‍ ഒരു മുസ്‌ലിം യുവതിയെ അറസ്റ്റു ചെയ്തതും താരതമ്യം ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം സജീവമാണ്. പി.സി.ജോര്‍ജ് മുസ്‌ലിം അല്ലാത്തതുകൊണ്ടാണ് ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തിട്ടും കുടുംബവുമായി സമാധാനമായി ഇരിക്കാന്‍ സാധിക്കുന്നതെന്ന രീതിയിലാണ് പ്രചാരണം.

എന്നാല്‍ പ്രചരിക്കുന്ന പോസ്റ്റിലുള്ളത് തിരൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിപിന്‍ വധക്കേസില്‍ ഗൂഢാലോചനാ കുറ്റം ആരോപിച്ച് 2017ല്‍ അറസ്റ്റ് ചെയ്ത എസ്‌ഡിപിഐ പ്രവര്‍ത്തക ഷഹീദയാണെന്ന്  അന്വേഷണത്തില്‍ കണ്ടെത്തി. പി.സി.ജോര്‍ജിനെ ജനുവരി 25വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദ്ദേശമുണ്ട്. പ്രചാരണത്തിന്റെ വാസ്തവമറിയാം. 

∙ അന്വേഷണം

"ചിത്രം 1 :- പ്രതിയെ കിട്ടാത്തത് കൊണ്ട് ഭാര്യയെ അറസ്റ്റ് ചെയ്ത് കൊണ്ട് പോവുന്നു

ചിത്രം 2 :- ജാമ്യമില്ലാ കേസ് ചുമത്തിയ പ്രതി ഭാര്യയുമായി കുശലം പറഞ്ഞ് വീട്ടില്‍ ഇരിക്കുന്നു. ഒരു പ്രത്യേക മതത്തിനും സങ്കികള്‍ക്കും ഇരട്ട നീതി കൊടുക്കുന്നത് കൊണ്ടായിരിക്കും ആഭ്യന്തര മന്ത്രിയെ നാട്ടുകാര്‍ ഇരട്ട ചങ്കന്‍ എന്ന് വിളിക്കുന്നത് " എന്ന ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം കാണാം 

untitled_design_56

പൊലീസ് സംഘത്തോടൊപ്പം നടന്നു നീങ്ങുന്ന പര്‍ദ്ദ ധരിച്ച സ്ത്രീയുടെ ചിത്രമാണ് ഞങ്ങള്‍ ആദ്യം പരിശോധിച്ചത്. ചിത്രം റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ തിരഞ്ഞപ്പോള്‍ മനോരമ ന്യൂസ് 2017-ല്‍ പ്രസിദ്ധീകരിച്ച ഒരു വിഡിയോ റിപ്പോര്‍ട്ടില്‍ ഇതേ ദൃശ്യങ്ങള്‍ കണ്ടെത്താന്‍ സാധിച്ചു.  റിപ്പോര്‍ട്ട് പ്രകാരം മലപ്പുറം തിരൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിപിന്‍ കൊല്ലപ്പെട്ട കേസില്‍ ഗൂഢാലോചന കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത എസ്‌ഡിപിഐ പ്രവര്‍ത്തക ഷാഹിദയാണ് ചിത്രത്തിലുള്ളത്. ബിപിന്‍ വധക്കേസിലെ മുഖ്യപ്രതിയായ അമ്പലത്തുവീട്ടില്‍ ലത്തീഫിന്റെ ഭാര്യയാണ് ഷാഹിദ. കൊലപാതകത്തെപ്പറ്റി മുന്‍കൂട്ടി അറിഞ്ഞിട്ടും മൗനം പാലിച്ചു, പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഷാഹിദയെ അറസ്റ്റ് ചെയ്തതെന്നും മനോരമ റിപ്പോര്‍ട്ടില്‍ പറയുന്നു. വിഡിയോയുടെ പൂര്‍ണരൂപം കാണാം.

ബിപിന്‍ വധക്കേസിലെ ഒന്നാം പ്രതിയുടെ ഭാര്യ ഗൂഢാലോചനാ കേസില്‍ അറസ്റ്റിലായതുമായി ബന്ധപ്പെട്ട് മാതൃഭൂമി ന്യൂസ് നല്‍കിയ വാര്‍ത്തയിലും സമാന ദൃശ്യമുണ്ട്. ഷാഹിദയുടെ അറസ്റ്റിനെപ്പറ്റിയുള്ള വാര്‍ത്ത മറ്റ് മാധ്യമങ്ങളും നല്‍കിയിരുന്നു. അറസ്റ്റിനെതിരെ മലപ്പുറം ഡിവൈഎസ്‌പി ഓഫിസിലേക്ക് എസ്‌ഡിപിഐ മാര്‍ച്ച് നടത്തിയതായി ദി ഹിന്ദു 2017 സെപ്റ്റംബര്‍ 17ന് നല്‍കിയ വാര്‍ത്തയില്‍ പറയുന്നു. 

കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതിയായിരുന്നു കൊല്ലപ്പെട്ട ബിപിന്‍. ജാമ്യത്തിലിറങ്ങിയ ബിപിനെ കൊലപ്പെടുത്തിയ കേസില്‍ ഷാഹിദയെ കൂടാതെ മറ്റ് 13 പ്രതികളും അറസ്റ്റിലായിരുന്നു.  ആകെ 16 പ്രതികള്‍ ഉള്‍പ്പെട്ട കേസില്‍ വിദേശത്തേക്ക് കടന്ന മൂന്ന് പ്രതികളില്‍ ഒരാളായ അബ്ദുള്‍ ലത്തീഫിനെ 2018 ജൂലൈ മൂന്നിന് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. കേസിലെ മുഖ്യ സൂത്രധാരനായിരുന്നു ലത്തീഫ് എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 

ഇതില്‍ നിന്ന് വൈറല്‍ പോസ്റ്റിലുള്ള ആദ്യ ചിത്രം ബിപിന്‍ വധക്കേസില്‍ ഗൂഢാലോചനാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത എസ്‌ഡിപിഐ പ്രവര്‍ത്തകയുടേതാണെന്ന് വ്യക്തമായി. ഇവരുടെ ഭര്‍ത്താവും കേസില്‍ പ്രതിയാണെങ്കിലും അയാളെ അറസ്റ്റ് ചെയ്യാന്‍ സാധിക്കാത്തതുകൊണ്ടല്ല ഷാഹിദയെ കസ്റ്റഡിയിലെടുത്തതതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പി.സി. ജോര്‍ജിനെതിരായ കേസ്

വൈറല്‍ പോസ്റ്റിലെ രണ്ടാമത്തെ ചിത്രമാണ് പിന്നീട് ഞങ്ങള്‍ പരിശോധിച്ചത്. പി.സി.ജോര്‍ജ് കുടുംബവും ഒന്നിച്ചുള്ള ഈ ചിത്രം റിവേഴ്‌സ് ഇമേജില്‍ തിരഞ്ഞപ്പോള്‍ 2014ല്‍ മീഡിയ വണ്‍ ടിവി പ്രസിദ്ധീകരിച്ച ഒരു അഭിമുഖ വിഡിയോയില്‍  നിന്നുള്ളതാണെന്ന് വ്യക്തമായി. 2014ലെ ക്രിസ്മസ് ദിന പ്രത്യേക പരിപാടിയുടെ ഭാഗമായാണ് അന്നത്തെ ചീഫ് വിപ്പായിരുന്ന പി.സി.ജോര്‍ജിന്റെ അഭിമുഖം മീഡിയ വണ്‍ പ്രസിദ്ധീകരിച്ചത്. 

പി.സി.ജോര്‍ജിനെതിരെ ഇപ്പോഴുള്ള വിദ്വേഷ പരാമര്‍ശ കേസിനെപ്പറ്റിയും ഞങ്ങള്‍ അന്വേഷിച്ചു. 2025 ജനുവരി 16ന് ഇടിവി ഭാരത് നല്‍കിയ വാര്‍ത്തയില്‍  പി.സി.ജോര്‍ജിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം ലഭിച്ചതായും 18വരെ അറസ്റ്റ് ചെയ്യരുതെന്നു കോടതി നിര്‍ദ്ദേശിച്ചതായും വ്യക്തമാക്കുന്നുണ്ട്. പി.സി.ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കേസ് 25ലേക്ക് മാറ്റിതായി മാതൃഭൂമി ന്യൂസ് ജനുവരി 18ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  അതുവരെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്.

പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്യരുതെന്ന കോടതി നിര്‍ദ്ദേശം നിലനില്‍ക്കുന്നുണ്ടെന്ന് ഇതോടെ വ്യക്തമായി. ലഭ്യമായ വിവരങ്ങളില്‍ നിന്ന് ബിപിന്‍ വധക്കേസില്‍ അറസ്റ്റിലായ എസ്‌ഡിപിഐ പ്രവര്‍ത്തക ഷാഹിദയുടെയും വിദ്വേഷ പരാമര്‍ശത്തില്‍ കേസെടുത്തിട്ടുള്ള പി.സി. ജോര്‍ജിന്റെയും ചിത്രങ്ങള്‍ താരതമ്യം ചെയ്തുകൊണ്ട് പ്രചരിപ്പിക്കുന്ന പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.  

∙ വാസ്‌തവം

ഭര്‍ത്താവ് ഒളിവില്‍ പോയതിനാല്‍ മുസ്‌ലിം യുവതിയെ അറസ്റ്റ് ചെയ്‌ത പൊലീസ്, ജാമ്യമില്ലാ കേസെടുത്തിട്ടും പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്യുന്നില്ലെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഭര്‍ത്താവ് ഒളിവില്‍ പോയതുകൊണ്ടല്ല, 2017ലെ ബിപിന്‍ വധക്കേസില്‍ ഗൂഢാലോചനാ കുറ്റം ചുമത്തിയതിനാലാണ് ഷാഹിദയെ അറസ്റ്റ് ചെയ്തത്. പി.സി.ജോര്‍ജിനെ ജനുവരി 25വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദ്ദേശമുണ്ട്.

( വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)

English Summary:Kerala Police arrested a Muslim woman, Shahida, for conspiracy in the 2017 Bipin murder case, not for her husband absconding. The ongoing PC George case is unrelated and subject to a court order

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com