കേജ്‍രിവാളിന് അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ സീറ്റ് നൽകുമെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞോ? | Fact Check

Mail This Article
ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ തോൽവി നേരിട്ട ആം ആദ്മി നേതാവ് അരവിന്ദ് കേജ്‍രിവാളിനെ കേരളത്തിലെ അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ സിപിഎം മത്സരിപ്പിക്കാൻ ഒരുങ്ങുന്നതായി ഒരു പ്രചാരണം സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. തിരഞ്ഞെടുപ്പിൽ കേജ്‍രിവാളിന് കണ്ണൂരിൽ പാർട്ടിയുടെ ശക്തികേന്ദ്രത്തിൽ സീറ്റ് നൽകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി .ഗോവിന്ദൻ പറഞ്ഞതായാണ് അവകാശവാദം. എന്നാൽ, ഈ പ്രചാരണം വ്യാജമാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. വാസ്തവമറിയാം.
∙ അന്വേഷണം
ടി 21 മീഡിയ എന്ന ഓൺലൈൻ മാധ്യമത്തിന്റെ ഒരു വാർത്താ കാർഡ് ഉൾപ്പെടെയാണ് പ്രചരിക്കുന്ന പോസ്റ്റുകളുള്ളത്. എം.വി .ഗോവിന്ദന്റെ വാക്കുകളായി 'കേജ്‍രിവാളിന് അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ പാർട്ടി ശക്തികേന്ദ്രത്തിൽ സീറ്റ് നൽകും' എന്നാണ് വൈറൽ കാർഡിൽ എഴുതിയിട്ടുള്ളത്.
ടി 21 മീഡിയയുടെ ഫെയ്‌സ്ബുക് പേജ് പരിശോധിച്ചതിൽ നിന്നും ഇങ്ങനെയൊരു വാർത്ത അവർ നൽകിയിട്ടില്ലെന്ന് കണ്ടെത്തി. പരസ്യമായി ഇങ്ങനെയൊരു പ്രഖ്യാപനം അദ്ദേഹം നടത്തിയിട്ടുണ്ടെങ്കിൽ മാധ്യമങ്ങൾ അത് വാർത്തയാക്കേണ്ടതാണ്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട വാർത്തകൾ കണ്ടെത്തിയില്ല. എം.വി .ഗോവിന്ദന്റെയോ സിപിഎമ്മിന്റെയോ ഔദ്യോഗിക സമൂഹമാധ്യമ ഹാൻഡിലുകളിലും ഇത്തരത്തിലൊരു തീരുമാനത്തെക്കുറിച്ചുള്ള പോസ്റ്റുകളില്ല.
തുടർന്നുള്ള അന്വേഷണത്തിൽ, ടി 21 മീഡിയ 2025 ജനുവരി 13ന് ഫേയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുള്ള വാർത്താ കാർഡിലെ വാക്കുകൾ എഡിറ്റ് ചെയ്താണ് ഇപ്പോൾ പ്രചരിപ്പിക്കുന്നതെന്ന് മനസ്സിലായി. ഇതിൽ നിന്നും പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിച്ചു.
∙ വാസ്തവം
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി നേതാവ് അരവിന്ദ് കേജ്‍രിവാളിന് സിപിഎം കണ്ണൂരിൽ അവരുടെ ശക്തികേന്ദ്രത്തിൽ സീറ്റ് നൽകുമെന്ന പ്രചാരണം വ്യാജമാണ്. ഇത്തരത്തിലൊരു തീരുമാനത്തെക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി .ഗോവിന്ദൻ പറഞ്ഞിട്ടില്ല. പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത ചിത്രമാണ്.