സജി ചെറിയാന്റെ ഈ ചിത്രത്തിന്റെ വാസ്തവമറിയാം | Fact Check
.jpg?w=1120&h=583)
Mail This Article
ആശ വര്‍ക്കർമാരുടെ സമരവുമായി ബന്ധപ്പെടുത്തി ഏതാനും ദിവസങ്ങളായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻറെ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ജീവിതശൈലി ആഡംബരം നിറഞ്ഞതാണെന്ന തരത്തിലായിരുന്നു പ്രചാരണം. നിറയെ ഭക്ഷണങ്ങളുള്ള ഒരു മേശപ്പുറത്ത് അദ്ദേഹം കഴിക്കാൻ ഇരിക്കുന്നൊരു ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ് പ്രചരിച്ചത്. എന്നാൽ, ഈ ചിത്രം വ്യാജ പ്രചാരണത്തിനായി എഡിറ്റ് ചെയ്ത് നിർമിച്ചതാണെന്ന തരത്തിലാണ് ഇപ്പോൾ മറ്റൊരു വിഭാഗം ആളുകള്‍ അവകാശപ്പെടുന്നത്. എന്താണിതിലെ വാസ്തവമെന്ന് പരിശോധിക്കാം.

∙ അന്വേഷണം
എഡിറ്റിങ് അറിയാത്ത ആരോ നിർമിച്ച ചിത്രമെന്ന തരത്തിലാണ് പ്രചാരണം. 'ഫോട്ടോ എഡിറ്റിങ് ഒരു കലയാണ്. പണി അറിയാവുന്നവർ ചെയ്താൽ അത് ആർക്കും മനസിലാകില്ല. പണി അറിയാത്ത ടീംസ് ചെയ്താലോ? കൈയ്യോടെ പൊക്കാൻ പറ്റും. ഇനി നിങ്ങൾ ഈ പിക് ഒന്ന് സേവ് ചെയ്തുവയ്ക്കുക. ഗ്യാലറിയിൽ നിങ്ങളുടെ ഫോണിലെ ഫോട്ടോ വ്യൂവറിൽ ഓപ്പൺ ആക്കുക. പടം മാക്സിമം സൂം ചെയ്യുക. കോളർ മുതൽ മേലേക്ക് നോക്കുക. നന്നായി കഴുത്തിന്റെ ഭാഗം blur ചെയ്തതായി കാണാം. പിടലി വെട്ടി ചേർത്തത്. വലത്തെ കൈ നോക്കുക. കൈ പത്തി. AI boat ഒക്കെ ഉള്ള കാലമല്ലേ? ഇതൊക്കെ ശ്രദ്ധിക്കേണ്ടെ അംബാനെ' എന്നാണ് ചിത്രത്തോടൊപ്പം പ്രചരിക്കുന്ന പോസ്റ്റുകളിലെ വിവരണം.
ഈ വിവരണത്തിൽ പറയുന്നതുപോലുള്ള അസ്വാഭാവികത ചിത്രത്തിൽ വ്യക്തമായില്ല. തുടർന്ന്, എഐ നിർമിതമോ എഡിറ്റ് ചെയ്ത ചിത്രമോ ആണോ എന്നറിയാൻ സൈറ്റ് എൻജിൻ എന്ന എഐ ഡിറ്റക്ഷൻ ടൂൾ ഉപയോഗിച്ച് ടെസ്റ്റ് ചെയ്തു. എഐ നിർമിതമാകാനുള്ള സാധ്യതയില്ല എന്നാണ് ലഭിച്ച ഫലം.

ശേഷം, സജി ചെറിയാന്‍ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുള്ള ചിത്രങ്ങൾ പരിശോധിച്ചു. ഇതിൽ നിന്നും പ്രചരിക്കുന്ന ചിത്രത്തിന്റെ യഥാർഥ പകർപ്പ് ലഭിച്ചു. 2024 ജനുവരി 10നാണ് അദ്ദേഹം ഈ ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്. വിഴിഞ്ഞത്ത് മത്സ്യഫെഡിന്റെ സീഫുഡ് റെസ്റ്റോറന്റായ 'കേരള സീഫുഡ് കഫേ'യുടെ ഉദ്ഘാടന ദിനത്തിൽ നിന്നുള്ള ചിത്രമാണിതെന്ന് കണ്ടെത്തി. യഥാർഥ ചിത്രത്തിന്റെ നാല് വശങ്ങളിൽ നിന്ന് ചുരുക്കിയിട്ടുണ്ടെന്നല്ലാതെ (ക്രോപ്പ്), മറ്റ് എഡിറ്റിങ്ങൊന്നും ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രത്തിലില്ല. അദ്ദേഹം ഒറ്റയ്ക്കല്ല, ഭക്ഷണം കഴിക്കാൻ വേറെയും ആളുകളുണ്ടായിരുന്നു. ഇതിൽ നിന്നും പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിച്ചു.
∙ വാസ്തവം
മന്ത്രി സജി ചെറിയാന്റെ ഭക്ഷണശൈലി എന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രം എഡിറ്റ് ചെയ്തതാണെന്ന പ്രചാരണം വ്യാജമാണ്. 2024ല്‍ 'കേരള സീഫുഡ് കഫേ'യുടെ ഉദ്ഘാടന ദിനത്തിൽ നിന്നുള്ള ചിത്രമാണ് പ്രചരിക്കുന്നത്.