ലീഗിന്റെ വഖഫ് ബിൽ സമരത്തിൽ മുഖ്യമന്ത്രിക്കെതിരെ അസഭ്യ മുദ്രാവാക്യമോ? | Fact Check

Mail This Article
മുസ്‌ലിം ലീഗ് വഖഫ് നിയമത്തിനെതിരെ നടത്തിയ പ്രതിഷേധ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അസഭ്യം കലർന്ന മുദ്രാവാക്യം വിളിച്ചുവെന്ന തരത്തിൽ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. . എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്തവമറിയാം
∙ അന്വേഷണം
വഖഫ് നിയമം പാർലമെന്റിൽ പാസാക്കിയത് നരേന്ദ്രമോദിസർക്കാർ.. കോഴിക്കോട് കടപ്പുറത്ത് റാലി നടത്തി ലീഗുകാർ തെറി വിളിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനെ..എന്ന് തുടങ്ങുന്നു പ്രചരിക്കുന്ന പോസ്റ്റിനൊപ്പമുള്ള കുറിപ്പ്. പോസ്റ്റ് കാണാം
വൈറൽ വിഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് തിരയലിൽ "ചെത്തുകാരൻ കോരന്റെ മകന് സ്ത്രീധനം കിട്ടിയതല്ല കേരളം” മുഖ്യമന്ത്രിക്കെതിരെ ലീഗ് മുദ്രാവാക്യം" എന്ന തലക്കെട്ടോടെ 2021 ഡിസംബർ 10ന് പങ്കുവച്ച വിഡിയോയുമായി ബന്ധപ്പെട്ട സമാന ദൃശ്യം ഉൾപ്പെടുന്ന ഒരു വാർത്താ റിപ്പോർട്ട് ലഭ്യമായി.
കോഴിക്കോട് നടന്ന ലീഗിന്റെ വഖഫ് സംരക്ഷണ റാലിയിലാണ് മുഖ്യമന്ത്രിക്കെതിരായി ജാതിയധിക്ഷേപം കലർന്ന മുദ്രാവാക്യം വിളിച്ചതെന്നും അതിനോടൊപ്പം നടന്ന സമ്മേളനത്തിൽ ലീഗ് സംസ്ഥാന സെക്രട്ടറി, മന്ത്രി മുഹമ്മദ് റിയാസിനെ വ്യക്തിപരമായി അധിക്ഷേപിച്ചതായും വ്യക്തമാക്കുന്നുണ്ട്. എന്നാൽ വഖഫ് സംരക്ഷണ റാലി സംഘടിപ്പിച്ചത് എന്തിന് വേണ്ടിയാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല.
കൂടുതൽ കീവേർഡുകളുടെ പരിശോധനയിൽ വഖഫ് നിയമനങ്ങൾ പിഎസ്‌സിക്ക് കൈമാറാനുള്ള എൽഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ 2021 ഡിസംബർ 9ന് കോഴിക്കോട് ബീച്ചിൽ മുസ്‌ലിം ലീഗ് വഖഫ് സംരക്ഷണ റാലി സംഘടിപ്പിച്ചെന്ന മാധ്യമ റിപ്പോർട്ടുകൾ ലഭിച്ചു.മനോരമ ഓൺലൈൻ നൽകിയ റിപ്പോർട്ട് കാണാം.
ഇടതുഭരണത്തിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കു നീതി ലഭിക്കാത്ത സാഹചര്യമുണ്ടെന്നും വഖഫ് നിയമനങ്ങൾ പിഎസ്‍സിക്കു വിട്ടതാണ് ഏറ്റവും ഒടുവിലുണ്ടായ നീതിനിഷേധമെന്നും ഈ സാഹചര്യത്തിലാണു സമരവുമായി മുന്നോട്ടു പോകുന്നതെന്നും ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞതായും ഈ റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നുണ്ട്.
ലഭ്യമായ വിവരങ്ങളിൽ നിന്ന് 2021 ഡിസംബർ 9ന്, സംസ്ഥാനത്തെ വഖഫ് നിയമനം പിഎസ്‌സിക്ക് വിടാനുള്ള എൽഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ നടന്ന പ്രതിഷേധത്തിന്റെ വിഡിയോയാണ് വൈറൽ വിഡിയോയിലുള്ളതെന്ന് വ്യക്തമായി.
∙ വസ്‌തുത
കേന്ദ്രസർക്കാരിന്റെ വഖഫ് നിയമത്തിനെതിരെ മുസ്‌ലിം ലീഗ് നടത്തിയ പ്രതിഷേധത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുദ്രാവാക്യം എന്ന തരത്തിൽ പ്രചരിക്കുന്നത് സംസ്ഥാനത്തെ വഖഫ് നിയമനം പിഎസ്‌സിക്ക് വിടാനുള്ള എൽഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ 2021 ഡിസംബർ 9ന് കോഴിക്കോട് നടന്ന പ്രതിഷേധത്തിന്റെ വിഡിയോയാണ്