ADVERTISEMENT

തുടർ പരിശോധനയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക് പോയ വാർത്തകൾക്കു പിന്നാലെ സമൂഹമാധ്യമങ്ങളിലെ ചർച്ച അദ്ദേഹത്തിന് എങ്ങനെ വീസ കിട്ടി എന്നത് സംബന്ധിച്ചാണ്. യുഎസ് വീസ അപേക്ഷയിൽ അപേക്ഷകൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയോ ടോട്ടാലിറ്റേറിയൻ പാർട്ടിയുടേയോ അംഗം അഥവാ ബന്ധം ഉള്ള ആളാണോ എന്ന ചോദ്യമുണ്ടെന്നും ഇതിന് പിണറായി വിജയൻ ‘നോ’ എന്നാണ് എഴുതി നൽകിയതെന്നുമാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം. എന്നാലിത് തെറ്റായ പ്രചാരണമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വാസ്തവമറിയാം.

Cover Image - 1
പ്രചരിക്കുന്ന ചിത്രം

∙ അന്വേഷണം

അമേരിക്കയിൽ കമ്യൂണിസ്റ്റുകാർക്ക് വിലക്കുണ്ടെന്നും അമേരിക്കൻ വീസയ്ക്കായി മുഖ്യമന്ത്രി കമ്യൂണിസത്തെ തള്ളിയെന്ന തരത്തിൽ വിമർശിച്ചും പരിഹസിച്ചുമാണ് സമൂഹമാധ്യമ പോസ്റ്റുകൾ. ‘അമേരിക്കയെ എതിർക്കുന്ന ചൈനയുടെ ഷീജിൻ പിങ് അമേരിക്കയിൽ ചികിത്സിക്കാൻ പോവാറില്ല. റഷ്യയുടെ പുടിൻ പോവാറില്ല. വടക്കൻ കൊറിയയിലെ കിംഗ് ജോങ് ഉൻ പോവാറില്ല. ഇവരേക്കാൾ ബല്യ കമ്മ്യൂണിസ്റ്റായ കാരണഭൂതം ദാ ഇത് പൂരിപ്പിച്ചിട്ട് കമ്മ്യൂണിസ്റ്റല്ല എന്ന് പറഞ്ഞിട്ടാണ് വലിഞ്ഞ് കേറി അമേരിക്കയിൽ പോകുന്നത്..!!’ എന്നാണ് പ്രചരിക്കുന്ന ഒരു ചിത്രത്തിലെ ഉള്ളടക്കം. ഇതോടൊപ്പം, പോസ്റ്റുകളിൽ പരാമർശിക്കുന്ന ചോദ്യത്തിന്റെ ചിത്രവും നൽകിയിട്ടുണ്ട്.

മുൻ വർഷങ്ങളിലും പ്രസ്തുത അവകാശവാദം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. കീവേർഡുകൾ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ, നിലവിൽ അമേരിക്ക സന്ദർശിക്കുന്നതിന് കമ്യൂണിസ്റ്റുകാർക്ക് വിലക്കില്ല എന്നാണ് വിവരം ലഭിച്ചത്. കമ്യൂണിസ്റ്റ് രാജ്യമായ ചൈനയുടെ പ്രസിഡന്റ് ഷി ചിൻപിങ് അമേരിക്ക സന്ദർശിച്ചിട്ടുണ്ട്. റഷ്യയുടെ വ്ലാഡ്മിർ പുടിനും മുൻപ് യുഎസ് സന്ദർശനം നടത്തിയിട്ടുള്ളതായി കണ്ടെത്തി.

രണ്ടു വിഭാഗം യുഎസ് വീസകളാണുള്ളത്. അമേരിക്കയിൽ സ്ഥിരമായി താമസിക്കാൻ ഉദ്ദേശിക്കുന്ന രു വിദേശ പൗരന്മാർക്കുള്ള ഇമിഗ്രന്റ് വീസയും ടൂറിസം, വൈദ്യചികിത്സ, ബിസിനസ്സ്, ജോലി, പഠനം അല്ലെങ്കിൽ മറ്റ് സമാനമായ കാരണങ്ങൾക്കായി താൽക്കാലികമായി പ്രവേശിക്കാൻ വിദേശ പൗരന്മാർക്കുള്ള നോൺ ഇമിഗ്രന്റ് വീസയും. യുഎസ് വീസയ്ക്ക് അപേക്ഷിക്കുമ്പോൾ പൂരിപ്പിക്കേണ്ട ഒരു ഫോമിൽ സെക്യൂരിറ്റി ആൻഡ് ബാക്ക്ഗ്രൗണ്ട് എന്നൊരു സെക്ഷനുണ്ട്. ഇതിൽ, അപേക്ഷിക്കുന്ന വ്യക്തി ഒരു ടോട്ടാലിറ്റേറിയൻ പാർട്ടിയിലേയോ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേയോ അംഗം അഥവാ ബന്ധം ഉള്ള ആളാണോ എന്ന ചോദ്യമുണ്ട് – ’Are you a member of or affiliated with the Communist or other totalitarian party?’. എന്നാൽ, കമ്യൂണിസ്റ്റ് ആണെന്ന കാരണത്താൽ സന്ദർശനം, ചികിത്സ, പഠനം തുടങ്ങിയ ഹ്രസ്വകാല യാത്രകൾക്കുള്ള നോൺ ഇമിഗ്രന്റ് വീസ നിഷേധിക്കപ്പെടില്ല. എന്നിരുന്നാലും രാജ്യ സുരക്ഷയ്ക്കു ഭീഷണിയില്ല, മറ്റു തടസ്സങ്ങളില്ല എന്ന് ബോധ്യമായാലേ വീസ ലഭിക്കൂ. ‘While nonimmigrant members of communist or totalitarian parties cannot be found inadmissible based on INA 212(a)(3)(D), they may be found inadmissible based on other grounds, if applicable’.

അമേരിക്കയിൽ സ്ഥിരതാമസത്തിനും പൗരന്മാരാകാന്‍ പിആർ എടുക്കുന്നതിനുമാണ് കമ്യൂണിസ്റ്റ് പാർട്ടി ബന്ധം തടസ്സം. എന്നാൽ, ഇതിലും പല ഇളവുകളുണ്ട്. ഒന്നാം ലോക മഹായുദ്ധക്കാലത്തോടെ കമ്മ്യൂണിസം ഉണ്ടാക്കിയേക്കാവുന്ന ഭീഷണികളെ കുറിച്ച് ആശങ്കാകുലരായ അമേരിക്കൻ സർക്കാർ രാജ്യ സുരക്ഷയ്ക്കായി കൊണ്ടുവന്ന ഇമിഗ്രേഷൻ ആന്റ് നാഷണാലിറ്റി ആക്ട് (1952) മുതലാണ് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളെ ഒഴിവാക്കുന്നത് അമേരിക്കയിലെ നിയമത്തിന്റെ ഭാഗമായത്. പിന്നീട് പുതിയ നയങ്ങളും ഭേദഗതികളും നടപ്പാക്കിയിട്ടുണ്ട്.

Cover Image - 1

ശേഷം, ഔദ്യോഗിക സ്ഥിരീകരണത്തിനായി മുഖ്യമന്ത്രിയുടെ ഓഫീസിൽ ബന്ധപ്പെട്ടപ്പോൾ, തുടർ പരിശോധനയ്ക്കായാണ് മുഖ്യമന്ത്രി അമേരിക്കയിലേക്കു പോയതെന്നും പ്രചരിക്കുന്ന അവകാശവാദത്തിൽ പറയുന്ന മാനദണ്ഡം യാത്രയെ ബാധിക്കുന്നതല്ല എന്നും അവർ വ്യക്തമാക്കി. 

∙ വാസ്തവം

അമേരിക്ക സന്ദർശിക്കാനുള്ള വീസയ്ക്ക് അപേക്ഷിക്കുന്ന ഫോമിൽ താൻ കമ്യൂണിസ്റ്റ് അല്ല എന്നെഴുതിക്കൊടുത്താണ് മുഖ്യമന്ത്രി പിണറായി വിജയൻ പോകുന്നതെന്ന പ്രചാരണം വ്യാജമാണ്.

English Summary:

False claims circulate that Kerala CM Pinarayi Vijayan denied his communist affiliation to get a US visa for medical treatment.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com