റഷ്യൻ പ്രസിഡന്റിന്റെ ഓഫിസിൽ അംബേദ്ക്കറുടെ ചിത്രം? സത്യമറിയാം | Fact Check

Mail This Article
ശക്തമായ ഒരു ചിത്രം മതി നിരവധി പേജുകളുള്ള ഒരു എഴുത്തിനു പകരമാകാൻ. എന്നാൽ ചിത്രങ്ങളിലുമുണ്ട് ആരെയും ഇളക്കി മറിക്കുന്ന സംഭവവികാസങ്ങളുണ്ടാക്കാൻ കഴിവുള്ള നല്ല ഒന്നാന്തരം വ്യാജന്മാർ. ബി.ആർ.അംബേദ്ക്കറുടെ ഇത്തരമൊരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചിത്രത്തിന്റെ യാഥാർത്ഥ്യമറിയാൻ മനോരമ ഒാൺലൈൻ ഫാക്ട് ചെക്ക് വിഭാഗം നടത്തിയ അന്വേഷണം.

റഷ്യൻ പ്രസിഡന്റിന്റെ ഓഫിസിൽ ബി.ആർ അംബേദ്കറുടെ ഛായാചിത്രം സ്ഥാപിച്ചുവെന്ന അവകാശവാദത്തോടൊപ്പം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ വട്ടമേശ സമ്മേളനം നടത്തുന്ന ചിത്രത്തിൽ പുടിന്റെ പുറകിലെ ചുവരിൽ അംബേദ്കറുടെ ഛായാചിത്രം സ്ഥാപിച്ച ഫോട്ടോയാണ് വ്യാപകമായി പ്രചരിക്കുന്നത്. ചിത്രം കാണാം.
‘റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഡോ. ബി.ആർ. അംബേദ്കറുടെ ഫോട്ടോ ഓഫിസിൽ പ്രദർശിപ്പിച്ചു. ഇന്ത്യയ്ക്ക് വലിയ ബഹുമതി’, – ഇതാണ് പോസ്റ്റിനൊപ്പം നൽകിയ വാചകം.
അന്വേഷണം

റിവേഴ്‌സ് ഇമേജ് സങ്കേതങ്ങൾ ഉപയോഗിച്ച് തിരഞ്ഞപ്പോൾ യഥാർത്ഥ ചിത്രം https://www.alamy.com ൽ ഞങ്ങൾ കണ്ടെത്തി. 2007 ഫെബ്രുവരി 15-ന് പോസ്റ്റ് ചെയ്ത ചിത്രത്തിന് Russian President Vladimir Putin holding conference on economic issues in the Kremlin From left to right Sergei Ignatyev എന്നാണ് വിവരണം നൽകിയിരിക്കുന്നത്.
മുകളിലെ ചിത്രത്തിൽ അംബേദ്കറുടെ ഛായാചിത്രം കാണിച്ച അതേ സ്ഥലത്ത് റഷ്യൻ ഫെഡറേഷന്റെ സർക്കാർ ചിഹ്നത്തിന്റെ ചിത്രമാണുള്ളത്.photofunia.com,fiverr.com എന്നീ ഇമേജ് എഡിറ്റിങ് സൈറ്റുകളിലും ഇതേ ചിത്രം പലരുടെയും മുഖങ്ങൾ ചേർത്ത് എഡിറ്റ് ചെയ്തതായി കണ്ടെത്തി.

വസ്തുത
പ്രചരിക്കുന്ന ചിത്രം മോർഫ് ചെയ്തതാണ്. യഥാർത്ഥ ചിത്രത്തിൽ അംബേദ്കറുടെ ഛായാചിത്രമല്ല, റഷ്യയുടെ ദേശീയ ചിഹ്നമാണുള്ളത്. സെക്യൂരിറ്റി കൗൺസിലിനുള്ളിലെ റഷ്യൻ ഫെഡറേഷന്റെ ഔദ്യോഗിക സ്റ്റേറ്റ് സീൽ എന്നും ഇത് അറിയപ്പെടുന്നു. തെറ്റിദ്ധാരണ പരത്തുന്നതാണ് പ്രചരിക്കുന്ന ചിത്രം.
English Summary : Fact Check on BR Ambedkar's portrait in Russian President's office