'കുഞ്ഞിന് ഗണേശരൂപം' സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം: സത്യമിതാണ് | Fact Check
Mail This Article
ഐതിഹ്യങ്ങളിൽ തിരഞ്ഞാൽ കണ്ടെത്താൻ കഴിയാത്ത ചില കഥാപാത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടും. ഇത്തരത്തിൽ ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ‘ഗണപതിയുടെ കുഞ്ഞ്’ എന്ന രീതിയിലാണ് ഈ ചിത്രം പ്രചരിക്കുന്നത്. പല പോസ്റ്റുകൾക്കും താഴെ ഭക്തരുടെ കമൻറുകളുടെ പ്രവാഹമാണ്. ചിത്രത്തിന്റെ യാഥാർത്ഥ്യം മനോരമ ഒാൺലൈൻ ഫാക്ട് ചെക്ക് വിഭാഗം അന്വേഷിക്കുന്നു.
അന്വേഷണം
സെർച്ച് ടൂളുകളുടെ സഹായത്താൽ ചിത്രം തിരഞ്ഞപ്പോൾ (Hifructose) എന്ന ആർട് മാഗസിനിൽ ഇത് സംബന്ധിച്ച് പ്രസിദ്ധീകരിച്ച റിപ്പോർട്ട് ലഭിച്ചു.
ലിങ്ക്
https://hifructose.com/2019/07/25/hyperrealistic-sculpture-focus-of-taipei-exhibition/
റിപ്പോര്‍ട്ടിലെ വിവരങ്ങളിൽ നിന്ന് തായ്‌വാനിലെ നാഷനൽ ചിയാങ് കൈഷെക് മെമ്മോറിയൽ ഹാളിൽ, പുനർരൂപപ്പെടുത്തിയ യാഥാർത്ഥ്യം: 50 വർഷത്തെ ഹൈപ്പർ റിയലിസ്റ്റിക് ശിൽപം എന്ന വിഷയത്തിൽ 2019–ൽ സംഘടിപ്പിച്ച പ്രദർശനത്തിൽ ഒാസ്ട്രേലിയയിലെ ആർടിസ്റ്റ് പട്രീഷ്യ പിചിനിനി നിർമ്മിച്ച് അവതരിപ്പിച്ച സിലിക്കൺ ശിൽപ്പമാണ് ഇത്തരത്തിൽ പ്രചരിക്കുന്നതെന്ന് കണ്ടെത്താനായി.
പട്രീഷ്യ ഇൻസ്റ്റഗ്രാം അക്കൗണ്ടിലും ഈ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇൻസ്റ്റഗ്രാം ലിങ്ക്
‘ന്യൂബോൺ 2010’ എന്ന് പേരിട്ട ചിത്രം 2019 നവംബർ 19നാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. ശില്പ നിർമ്മാണത്തിന് സിലിക്കൺ, ഫൈബർഗ്ലാസ്, തലമുടി തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ചതായി പോസ്റ്റിൽ പറയുന്നുണ്ട്.
വസ്തുത
പോസ്റ്റുകളില്‍ പ്രചരിക്കുന്നത് പോലെ ചിത്രത്തിലുള്ളത് ഗണപതിയുടെ കുഞ്ഞല്ല. ഒാസ്ട്രേലിയൻ ആർടിസ്റ്റ് പട്രീഷ്യ പിചിനിനി നിർമ്മിച്ച സിലിക്കൺ ശിൽപ്പമാണ്.