ADVERTISEMENT

കിണറിൽ പലപ്പോഴും വിഷപ്പാമ്പുകൾ അകപ്പെടാറുണ്ട്. പലർക്കും ഉണ്ടാകുന്ന സംശയമാണ് പിന്നീട് ആ വെള്ളം ഉപയോഗിക്കാമോ എന്നത്. ഇത്തരം സംശയങ്ങൾക്കിടയിൽ വടക്കൻ ബലൂചിസ്ഥാനിലെ,പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തിക്കും കാണ്ടഹാറിലേക്കുള്ള റോഡിനും സമീപത്ത് ക്വറ്റയിൽ ഒരേ കുടുംബത്തിലെ രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ  കിടക്കയിൽ മരിച്ചനിലയിൽ കണ്ടെത്തിയതായും അതിനു പിന്നിൽ പാലിൽ വീണ പാമ്പാണെന്നും ഒരു പോസ്റ്റ് ഫെയ്സ്ബുക്കിൽ പ്രചരിച്ചു.  ഇത് സംബന്ധിച്ച് മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് വിഭാഗം അന്വേഷണം നടത്തി. വാർത്തയുടെ സത്യമറിയാം.

അന്വേഷണം

‘കേരളത്തിലെ പാമ്പുകള്‍’ എന്ന 73, 800 അംഗങ്ങൾ ഉൾപ്പെടുന്ന ഫെയ്സ്‌ബുക്ക് പേജിലാണ് പോസ്റ്റ് പ്രചരിച്ചത്. പോസ്റ്റിനൊപ്പം  പാമ്പിന്റെ ചിത്രവുമുണ്ടായിരുന്നു. ക്വറ്റയിൽ, ഒരേ കുടുംബത്തിലെ രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ കിടക്കയിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്നായിരുന്നു പ്രചരണം. ഇവരുടെ മരണകാരണം അന്വേഷിച്ച ശേഷം ഭക്ഷണപാനീയങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ കുട്ടികൾ പുറത്തു നിന്ന് ഒന്നും കഴിച്ചില്ലെന്നും എന്നാൽ ഉറങ്ങുന്നതിന് മുൻപ് പതിവുപോലെ ഒരു ഗ്ലാസ് പാലാണ് നൽകിയതെന്നും കുട്ടികളുടെ അമ്മ പറഞ്ഞു. റഫ്രിജറേറ്ററിൽ പാലിന്റെ പാത്രം പരിശോധിച്ചപ്പോൾ പാത്രത്തിന്റെ അടിയിൽ 3/4 ഇഞ്ച് വിഷമുള്ള പാമ്പിനെ ചത്ത നിലയിൽ കണ്ടെത്തി. എങ്ങനെ ഈ പാമ്പ് ഫ്രിജിൽ എത്തി പാൽ പാത്രത്തിൽ വീണു എന്നായി അന്വേഷണം. അപ്പോഴാണ് പച്ചക്കറി ചന്തയിൽ നിന്ന് കൊണ്ടുവന്ന ചീര ഫ്രിജിൽ വെച്ചിരുന്നത് വീട്ടുകാർ ഓർത്തത്. ചീരയുടെ കെട്ടിൽ നിന്ന് ഇറങ്ങി പാൽ പാത്രത്തിൽ പാമ്പിൻകുഞ്ഞ് വീണതാകാം. ഈ കുടുംബത്തിന് രണ്ട് കുട്ടികളെ നഷ്ടപ്പെട്ടു.അതുകൊണ്ട് ഫ്രിജിൽ എന്ത് വയ്ക്കുമ്പോഴും പ്രത്യേകിച്ച് ഇലക്കറികളും മറ്റു പൊതിഞ്ഞ വസ്തുക്കളും വയ്ക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങളുടെ ഫ്രിജ് എപ്പോഴും വൃത്തിയായി സൂക്ഷിക്കുക, അടുക്കളയിൽ ഒരു ഭക്ഷണവും തുറന്നിടരുത്. ഈ അപകടത്തിൽ നിന്ന് പഠിക്കുക, ഈ സന്ദേശം വായിക്കുന്നതിൽ മാത്രം ഒതുങ്ങരുത്,ഷെയർ ചെയ്യുക. – ഇതായിരുന്നു പ്രചരിച്ച പോസ്റ്റ്.

പ്രചരിക്കുന്ന സംഭവം യഥാർഥത്തിൽ എവിടെയും സംഭവിച്ചതല്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. സ്ഥിരീകരണത്തിന് കീവേഡുകൾ ഉപയോഗിച്ച് ഗൂഗിൾ റിവേഴ്സ് ഇമേജ്സെർച്ചിൽ പരിശോധന നടത്തിയപ്പോൾ Check4Spam വെബ്സൈറ്റിൽ ഇത് സംബന്ധിച്ച് 2017 ഏപ്രിൽ 26ന് നൽകിയ റിപ്പോർട്ടാണ് ആദ്യം ലഭിച്ചത്. ഇതിൽ ഹരിയാനയിലെ ഗുഡ്ഗാവിൽ നടന്ന സംഭവം എന്ന തരത്തിലാണ് വാർത്ത പ്രചരിച്ചിരിക്കുന്നത്. 2021 ഒക്ടോബര്‍ 6ന് indusladies.com വെബ്സൈറ്റിൽ jayasala42  എന്ന പ്രൊഫൈലിൽ നിന്ന് ഡൽഹിയിൽ നടന്ന സംഭവമായും ഇക്കാര്യം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ നിന്ന് ഒരേ സംഭവം വിവിധ സ്ഥലങ്ങളിൽ പലരീതിയിൽ വ്യാജമായി പ്രചരിച്ചു എന്ന് വ്യക്തമായി.

newsnake

പോസ്റ്റിനോടൊപ്പം പ്രചരിച്ച പാമ്പിന്റെ ചിത്രത്തെക്കുറിച്ചായി പിന്നീടുള്ള അന്വേഷണം. ഇതിനായി പാമ്പിന്റെ ചിത്രം ഇമേജ്  സെർച്ച് ടൂളുകൾ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ വടക്കെ അമേരിക്കയിലും ആഫ്രിക്കയിലും ഏഷ്യയിലും കണ്ട് വരുന്ന പാമ്പു വർഗത്തിൽപ്പെട്ട കുഞ്ഞൻ ഇരട്ടത്തലയൻ പാമ്പ് അഥവാ ബാർബഡോസ് ത്രെഡ്സ്നേക്ക്  എന്ന ഇനമാണ് ചിത്രത്തിലുള്ളത്. ഇരുതലമൂരി, കുരുടി എന്നീ പേരുകളിലും ഇത് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ അറിയപ്പെടുന്നു. മണ്ണിനുള്ളിൽ കഴിയുന്ന, മണ്ണിരയോട് നല്ല സാമ്യമുള്ള വിഷമില്ലാത്ത പാമ്പുകളാണ് കുരുടി പാമ്പുകൾ. ഇത് വിഷമില്ലാത്ത പാമ്പിനങ്ങളിൽപ്പെട്ടതാണെന്ന് ചിത്രത്തിന്റെ പരിശോധനയിൽ വ്യക്തമായി.

പാമ്പിൻ വിഷം പാലിലൂടെയോ വെള്ളത്തിലൂടെയോ ഉള്ളിലെത്തുന്നത് മരണകാരണമാകുമോ എന്നറിയാൻ  പാമ്പ് വിദഗ്ധൻ വാവാ സുരേഷുമായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ പാമ്പിൻ വിഷം രക്തത്തിലൂടെയല്ലാതെ പാലിലൂടെയോ വെള്ളത്തിലൂടെയോ നേരിട്ടോ ഉള്ളിലെത്തുന്നത് ആന്തരികമായ മുറിവുകൾ ഒന്നുമില്ലെങ്കിൽ  തീര്‍ത്തും അപകടരഹിതമാണ്. തെറ്റായതും അടിസ്ഥാന രഹിതവുമായ വാർത്തയാണ് പ്രചരിക്കുന്നതെന്നും വാവാ സുരേഷ് പറഞ്ഞു.

വസ്തുത

ഈ പോസ്റ്റ് ശരിയാണെന്ന് സാക്ഷ്യപ്പെടുത്താൻ ആധികാരികമായ വാർത്തകളോ റിപ്പോർട്ടുകളോ കണ്ടെത്തിയിട്ടില്ല.‌ ഒരേ സംഭവം വ്യത്യസ്ത സ്ഥലങ്ങളിൽ നടന്നതായാണ് പ്രചരണം.അതിൽ നിന്ന് തന്നെ സംഭവം യഥാർത്ഥമല്ലെന്ന് തിരിച്ചറിയാം. പോസ്റ്റിനോടൊപ്പം പ്രചരിച്ച പാമ്പിന്റെ ചിത്രവും തെറ്റിദ്ധരിപ്പിക്കുന്നതാണ്. വിഷമില്ലാത്ത പാമ്പിന്റെ ചിത്രമാണ് പ്രചരിക്കുന്നത്. തെറ്റായതും അടിസ്ഥാനരഹിതവുമായ വാർത്തയാണ് പ്രചരിക്കുന്നത്. 

English Summary: Kids died after drinking milk contaminated with snake poison - FACT CHECK

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com