ഒരു തരം നിശാശലഭപ്പുഴുവിന്റെ കടിയേറ്റാൽ മരണം ഉറപ്പ്. ലിമകോഡിഡേ എന്ന നിശാശലഭപ്പുഴുവിന്റെ(കാറ്റർപില്ലർ) കടിയേറ്റ് ആളുകൾ മരിച്ചെന്ന വാർത്ത ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈ പുഴുവിന്റെ കടി വിഷമുള്ളതാണെന്നും കടിയേറ്റാൽ മിനിറ്റുകൾക്കുള്ളിൽ മരണം സംഭവിക്കുമെന്നുമാണ് അവകാശവാദം. ഈ ചിത്രത്തിന്റെ വസ്തുത മനോരമ ഓൺലൈൻ ഫാക്ട്‌ചെക്ക് വിഭാഗം പരിശോധിക്കുന്നു. പ്രചരിക്കുന്ന ചിത്രങ്ങൾ കാണാം
∙ അന്വേഷണം
സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു വോയ്‌സ് ക്ലിപ്പ് വഴിയും ഇത്തരമൊരു വാർത്ത പ്രചരിച്ചിരുന്നു. കുത്തേറ്റാൽ തൽക്ഷണം മനുഷ്യരെ കൊല്ലാൻ കഴിയുന്ന ഒരു പ്രാണിയാണ് കൃഷിസ്ഥലത്ത് കയറിയിരിക്കുന്നത്. കടികിട്ടിയാൽ അഞ്ച് മിനിറ്റിനുള്ളിൽ മരണം ഉറപ്പ്. കർണ്ണാടകയിലെ പരുത്തി തോട്ടത്തിലാണ് ഈ പുഴുവിനെ ആദ്യം കണ്ടത്. ഇവയ്ക്ക് പാമ്പിനെക്കാൾ വിഷമുണ്ട്. കേരളത്തിലും ഇത് വ്യാപകമായി വരുന്നു. കരിമ്പിൻ തോട്ടത്തിലാണ് ഇതിനെ ആദ്യമായി കണ്ടത്. മറ്റ് കൃഷിയിടങ്ങളിലും ഇത് വ്യാപകമാകുന്നുണ്ട്. ഇത് സർപ്പത്തെക്കാളും ദോഷകരമാണ്. ഇതിനെ കണ്ടാൽ തീവെച്ച് നശിപ്പിക്കുക. ഒരു കമ്പിൽ തുണിചുറ്റി അകലെ നിന്ന് അതിനെ തീവെച്ച് നശിപ്പിക്കണം. കാരണം അതിന്റെ ലാർവയോ മറ്റോ ഭൂമിയിലേക്ക് വരരുത്. ഇതിനെ കണ്ടാൽ കൈയിലെടുക്കാനോ സൗന്ദര്യം ആസ്വദിക്കാനോ ശ്രമിക്കണ്ട. വളരെ ഭീകരമാണിത്. അതുകൊണ്ട് എല്ലാവരും ശ്രദ്ധിക്കുക. – ഈ മുന്നറിയിപ്പുമായാണ് വോയിസ് ക്ലിപ്പ് അടക്കമുള്ള ചിത്രങ്ങൾ പ്രചരിക്കുന്നത്. കൃഷിയിടത്തിൽ ചിലരുടെ മൃതദേഹങ്ങളുടെ ചിത്രങ്ങളും ഒപ്പം ഫ്ലൂറസന്റ് പച്ച നിറത്തിലുളള ശലഭപ്പുഴുവിന്റെ ചിത്രങ്ങളുമാണ് പ്രചരിക്കുന്ന പോസ്റ്റിൽ.
റിവേഴ്സ് ഇമേജ് സെർച്ച് വഴിയും കീവേഡുകളുടെ സഹായത്തോടെയും ഈ ചിത്രം പരിശോധിച്ചപ്പോൾ മഹാരാഷ്ട്രയിലെ ചാലിസ്ഗാവിൽ ഇടിമിന്നലേറ്റ് മരിച്ച കർഷകനെയും മകനെയും കുറിച്ചുള്ള ഒരു റിപ്പോർട്ട് കണ്ടെത്തി. മിന്നലേറ്റ് ചാലിസ്ഗാവിൽ അച്ഛനും മകനും മരിച്ചു എന്നാണ് സെപ്റ്റംബർ 9 ന് യുട്യൂബിൽ പോസ്റ്റ് ചെയ്ത റിപ്പോർട്ടിന്റെ തലക്കെട്ട്. സെപ്തംബർ 9 ന് ഇടിമിന്നലിനിടെ മരത്തിനടിയിൽ അഭയം പ്രാപിച്ച 45 കാരനായ കർഷകനും 14 വയസ്സുള്ള മകനും ഇടിമിന്നലേറ്റ് മരിച്ചതായാണ് റിപ്പോർട്ടുകളിൽ വ്യക്തമാക്കിയിട്ടുള്ളത്. പ്രാദേശിക വാർത്താ ഏജൻസിയായ ‘സിഎൻഐ മഹാരാഷ്ട്ര’യും ദുരന്തത്തെക്കുറിച്ച് വിശദവിവരങ്ങൾ നൽകിയിട്ടുണ്ട്.
പ്രചരിക്കുന്ന ചിത്രത്തിലെ പുഴുവിനെക്കുറിച്ച് കൂടുതൽ തിരഞ്ഞപ്പോൾ ശലഭങ്ങളുടെയും മറ്റും മുട്ട വിരിഞ്ഞ് പുറത്തുവരുന്ന പുഴുക്കളാണ് ചിത്രത്തിൽ കാണുന്നത് എന്നത് വ്യക്തമായി. സസ്യഭാഗങ്ങളാണ് ഈ ശലഭപ്പുഴുക്കളുടെ ഇഷ്ട ഭക്ഷണം. വളർച്ചയുടെ ഘട്ടത്തിൽ പലതവണ ഇവ പടം പൊഴിച്ചുകളയുകയും രൂപം മാറുകയും ചെയ്യും. വളർച്ചയുടെ അവസാനഘട്ടത്തിലാണ് ചിത്രശലഭമായോ നിശാശലഭമായോ മാറുക. ചില ശലഭപ്പുഴുക്കളുടെ രോമം വിഷഗ്രന്ഥിയോട് ബന്ധിക്കപ്പെട്ടിട്ടുണ്ടാകും. ഇവയെ സ്പർശിക്കുന്നവരുടെ ശരീരത്തിൽ രോമം തറയ്ക്കുമ്പോൾ ചെറിയതോതിൽ ചൊറിച്ചിലിനും മറ്റും കാരണമാകുകയും ചെയ്യും. എന്നാൽ പാമ്പിൻ വിഷംപോലെ മനുഷ്യന്റെ ജീവനെടുക്കാനൊന്നും ശലഭപ്പുഴുവിന് കഴിയില്ല. അലർജി ഉണ്ടായാൽ ചിലപ്പോൾ ഡോക്ടറെ കാണേണ്ടിവന്നേക്കാം. രോമാവരണം ഇത്തരം ശലഭപ്പുഴുക്കൾക്ക് മറ്റുള്ളവരിൽ നിന്നും രക്ഷപ്പെടാനുള്ള ശരീരപ്രകൃതി മാത്രമാണ്.
വസ്തുത
ശലഭപ്പുഴുവിന്റെ കടി വിഷമുള്ളതാണെന്നും മിനിറ്റുകൾക്കുള്ളിൽ മരണം സംഭവിക്കുമെന്നും പ്രചരിക്കുന്നതിനെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നും തന്നെ ലഭ്യമല്ല. അവകാശവാദത്തോടൊപ്പം പ്രചരിക്കുന്ന ചിത്രവും തെറ്റിദ്ധരിപ്പിക്കുന്നതാണ്. ശലഭപ്പുഴുക്കൾ വിഷമുള്ളതല്ല, മനുഷ്യനെ കൊല്ലാൻ കഴിയില്ല എന്നതാണ് വസ്തുത. പ്രചരിക്കുന്ന സംഭവവും ചിത്രവും തീർത്തും വ്യാജമാണ്.
English Summary: Stinging Nettle Caterpillar Cause Death - Fact Check