കോടികൾ മതിക്കുന്ന നിധി അടങ്ങുന്ന നിലവറകള്‍ തുറന്നുപരിശോധിച്ചതോടെ ശ്രദ്ധാകേന്ദ്രമായ ശ്രീപത്മനാഭസ്വാമി ക്ഷേത്രം വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ അധികാരം കോടതി അംഗീകരിച്ച വിധി സംബന്ധിച്ച പ്രചാരണമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഇക്കഴിഞ്ഞ ദിവസമെത്തിയ കോടതി വിധി എന്ന തരത്തിലാണ് പ്രചാരണം കൊഴുക്കുന്നത്. ഇതിന്റെ വസ്തുതയറിയാൻ മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് വിഭാഗം നടത്തിയ പരിശോധന
∙ അന്വേഷണം
ഫെയ്സ്ബുക്കിലെ വിവിധ ഗ്രൂപ്പുകളിലാണ് ‘പത്മനാഭ സ്വാമി ക്ഷേത്രം കേരള കമ്മ്യൂണിസ്റ്റ് സർക്കാരിൽ നിന്ന് മോചിപ്പിക്കപ്പെട്ടു’ എന്ന കുറിപ്പോടെ ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച വിധിയുടേത് എന്ന തരത്തിൽ പോസ്റ്റുകൾ പ്രചരിക്കുന്നത്.
തിരുവിതാംകൂർ രാജകുടുംബാംഗങ്ങളുടെയും ക്ഷേത്രത്തിന്റെയും ചിത്രങ്ങളും ഉൾപ്പെടുത്തിയാണ് ഈ പോസ്റ്റുകൾ പ്രചരിക്കുന്നത്.

കീവേഡുകൾ ഉപയോഗിച്ച് പത്മനാഭ സ്വാമി ക്ഷേത്ര നടത്തിപ്പ് വിധിയെക്കുറിച്ച് തിരഞ്ഞപ്പോൾ 2020 ജൂലൈ 13ന് പുറത്തിറക്കിയ സുപ്രിം കോടതി വിധിയുടെ വിവരങ്ങള്‍ മാത്രമാണ് ഞങ്ങൾക്ക് ലഭിച്ചത്. ക്ഷേത്ര ഭരണം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ തിരുവിതാംകൂർ രാജകുടുംബത്തിലെ പ്രതിനിധികൾ നൽകിയ ഹർജിയിൽ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണം താൽക്കാലികമായി രൂപീകരിക്കുന്ന സമിതിക്കാണെന്ന സുപ്രീംകോടതി വിധിയാണ് അന്നു വന്നത്. നടത്തിപ്പ് അവകാശങ്ങളിൽ തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ അധികാരം കോടതി അംഗീകരിച്ചു. ജസ്റ്റിസുമാരായ യു.യു. ലളിത്, ഇന്ദു മൽഹോത്ര എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്. പുതിയ സമിതി വരുന്നതുവരെ ജില്ലാ ജഡ്ജി അധ്യക്ഷനായ സമിതിക്ക് ഇടക്കാല ഭരണം തുടരാം എന്നാണ് വിധിയിൽ വ്യക്തമാക്കിയിട്ടുള്ളത്. വിധി സംബന്ധിച്ച് അന്നു മനോരമ ഓൺലൈൻ നൽകിയ വാർത്ത കാണാം.
2020 ജൂലൈ 13–ന് പുറപ്പെടുവിച്ച സുപ്രിം കോടതി വിധിയുടെ പകർപ്പും ഇതോടൊപ്പം.
പോസ്റ്റിനൊപ്പമുള്ള ചിത്രം ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ചിൽ തിരഞ്ഞപ്പോൾ വിധി സംബന്ധിച്ച് രാഹുൽ ഈശ്വർ ടിറ്ററിൽ ഒരു ചിത്രത്തിനൊപ്പം പങ്കുവച്ച പോസ്റ്റും കണ്ടെത്തി. Tears of Joy for #Travancore Royal Family , and Sri Padmanabha Swamy devotees #Padmanabhaswamytemple
എന്ന വാചകത്തോടെയാണ് ഈ പോസ്റ്റ്. രാജകുടുംബാംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായിയും ആദിത്യ വർമയുമാണ് ചിത്രത്തിൽ.
∙ വസ്തുത
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ അധികാരം കോടതി അംഗീകരിച്ച വിധി ഇപ്പോൾ സുപ്രീം കോടതി പുറത്തിറക്കിയതാണന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് തെറ്റിദ്ധാരണാജനകമാണ്. 2020 ജുലൈ 13–നാണ് രാജകുടുംബത്തിന് ക്ഷേത്രഭരണം നൽകിക്കൊണ്ടുള്ള ഈ വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്.
English Summary: Old post circulating as new one on Supreme Court upholding management rights of former royal family - Fact Check