ADVERTISEMENT

വിദ്വേഷപരമോ വ്യാജമോ ആയ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നവരെ ജാമ്യമില്ലാ കുറ്റത്തിന് അറസ്റ്റ് ചെയ്യും എന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറയുന്ന വിഡിയോയ്ക്കൊപ്പം നിങ്ങളുടെ വാട്‍സാപ് സന്ദേശങ്ങൾ നിരീക്ഷപ്പെടുമെന്ന അവകാശവാദവുമായി ഒരു പോസ്റ്റ്  പ്രചരിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുന്ന  പോസ്റ്റുകളെല്ലാം പൊലീസിന്റെ നിരീക്ഷണത്തിലാണെന്നും വിഡിയോയിൽ പറയുന്നു. വാസ്തവമറിയാം.

അന്വേഷണം

 

പ്രചരിക്കുന്ന പോസ്റ്റ്
പ്രചരിക്കുന്ന പോസ്റ്റ്

പ്രചരിക്കുന്ന പോസ്റ്റ്

നാളെ മുതൽ വാട്സാപിലും വാട്സാപ് കോളുകൾക്കും നടപ്പിലാവുന്ന പുതിയ നിയമങ്ങൾ (വോയിസ്‌ ആൻഡ് വീഡിയോ കാൾ )  1. എല്ലാ കോളുകളും  റെക്കോർഡ് ചെയ്യും. 2. എല്ലാ കോളുകളും സേവ് ചെയ്യപ്പെടും. 3. വാട്സാപ്, ഫേയ്സ്ബുക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം എന്നിവ നിരീക്ഷിക്കപെടും. 4. ഫോൺ മിനിസ്ട്രി സിസ്റ്റത്തോട് കണക്ട് ചെയ്യപ്പെടും.  5. അനാവശ്യ മെസ്സേജുകൾ ആർക്കും സെന്റ് ചെയ്യരുത്. 6. സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ കുട്ടികളോടും മുതിർന്നവരോടും വീട്ടുകാരോടും ബന്ധുക്കളോടും ശ്രദ്ധിക്കാൻ പറയുക. 7. സർക്കാരിനോ, പ്രധാനമന്ത്രിക്കോ എതിരെയും രാഷ്ട്രീയപരമായ കാര്യങ്ങൾക്ക് എതിരെയും ഉള്ള പോസ്റ്റുകൾ ഷെയർ ചെയ്യുകയോ സോഷ്യൽ മീഡിയയിൽ ഇടുകയോ ചെയ്യാതിരിക്കുക. 8. രാഷ്ട്രീയമായ മതപരമായ ഉള്ള മെസ്സേജുകൾ അയയ്ക്കുന്നത് ശിക്ഷാകരമായ  പ്രവർത്തിയാണ്. വാറണ്ടില്ലാതെ നിങ്ങൾ  അറസ്റ്റ്  ചെയ്യപ്പെടാൻ ചാൻസുണ്ട്. 9. സീരിയസ് ആയിട്ടുള്ള സൈബർക്രൈം ഒഫൻസ് ആയി ഇത് കണക്കാക്കുന്നതാണ്. 10. എല്ലാ ഗ്രൂപ്പ് മെമ്പേഴ്സും മോഡറേറ്റർസും സീരിയസായി എടുക്കേണ്ടതാണ് 11. ആരും തെറ്റായ ഒരു മെസ്സേജും അയക്കരുത്. ഇത് എല്ലാവരെയും പരമാവധി അറിയിക്കുക എന്നാണ് സന്ദേശം.

 

പിആർഡിയുടെ പോസ്റ്റ്
പിആർഡിയുടെ പോസ്റ്റ്

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ DIOKSGD എന്ന വാട്ടർമാർക്ക് കണ്ടെത്തി. വാട്ടർമാർക്കിനെക്കുറിച്ചുള്ള അന്വേഷണത്തിൽ കാസർകോട് ജില്ലാ ഇൻഫർമേഷൻ ഒാഫീസിന്റേതാണ് വാട്ടർമാർക്ക് എന്ന് വ്യക്തമായി. കാസർകോട് ജില്ലാ ഇൻഫർമേഷൻ ഒാഫീസിന്റെ ഫേയ്സ്ബുക് പേജ് പരിശോധിച്ചപ്പോൾ ജൂലൈ 27ന് ജില്ലാ ഇൻഫർമേഷൻ ഒാഫീസ് വിഡിയോ പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. സ്ഥിരീകരണത്തിനായി കാസർകോട് ജില്ലാ ഇൻഫർമേഷൻ ഒാഫീസറെ സമീപിച്ചു. 

 

മുസ്‍ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി മണിപ്പുരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു നടത്തിയ റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന നടത്തിയ വാർത്താ സമ്മേളനത്തിന്റെ വിഡിയോയാണ് പ്രചരിക്കുന്നതെന്ന് കാസർകോട് ജില്ലാ ഇൻഫർമേഷൻ ഒാഫീസർ മധുസൂദനൻ വ്യക്തമാക്കി. സംഭവുമായി ബന്ധപ്പെട്ട് മനോരമ ഒാൺലൈൻ നൽകിയ വാർത്ത കാണാം. 

 

പ്രചരിക്കുന്ന തരത്തിൽ വിഡിയോയ്ക്ക്, വാട്സാപ് കോളുകൾക്ക് നടപ്പിലാക്കുന്ന നിയമമോ മറ്റ് മാർഗ നിർദേശങ്ങളുമായോ യാതൊരു തരത്തിലുമുള്ള ബന്ധവുമില്ല. വിഡിയോയിലെ പ്രസക്ത ഭാഗങ്ങൾ മാത്രം ചേർത്ത് തെറ്റായ പ്രചരണം നടത്തുകയാണെന്ന് അദ്ദേഹം മനോരമ ഒാൺലൈൻ ഫാക്ട് ചെക്കിനോട് പറഞ്ഞു. ഇതിൽ നിന്ന് സന്ദേശത്തിനൊപ്പം പ്രചരിക്കുന്ന വിഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഞങ്ങൾ കണ്ടെത്തി. ജില്ലാ ഇൻഫർമേഷൻ ഒാഫീസ് പോസ്റ്റ് ചെയ്ത വിഡിയോയ്ക്കൊപ്പമുള്ള യഥാർത്ഥ സന്ദേശം വായിക്കാം.

 

വിദ്വേഷ പ്രസംഗം ; സോഷ്യല്‍ മീഡിയ നിരീക്ഷണം ശക്തമാക്കി പൊലീസ്

 

കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന

 

കാഞ്ഞങ്ങാട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ചുവെന്ന പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ സോഷ്യല്‍ മീഡിയ നിരീക്ഷണം ശക്തമാക്കി പൊലീസ്. ഫേസ്ബുക്ക് , ഇന്‍സ്റ്റഗ്രാം വാട്‌സ് ആപ്, ടെലിഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ വിദ്വേഷ പ്രസംഗം , പ്രകോപനപരമായ സന്ദേശങ്ങള്‍, തെറ്റായ വാര്‍ത്തകള്‍ എന്നിവ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഐപിസി സെക്ഷന്‍ 153 പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന പറഞ്ഞു. സോഷ്യല്‍ മീഡിയ നിരീക്ഷണത്തിനായി പൊലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. എല്ലാ സോഷ്യല്‍ മീഡിയ പോസ്റ്റുകളും സംഘം നിരീക്ഷിക്കുകയാണ്. വാട്‌സ്ആപ് , ടെലിഗ്രാം ഗ്രൂപ്പുകളിലൂടെയുള്ള വിദ്വേഷ പ്രചരണത്തിന് ഗ്രൂപ്പ് അഡ്മിന്‍മാരെയും പ്രതിയാക്കും. ഇതുവരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ച് പേര്‍ റിമാന്‍ഡിലാണ്. ബാക്കിയുള്ളവരെ പിടികൂടാനായി തിരച്ചില്‍ ശ്ക്തമാക്കിയിട്ടുണ്ടെന്നും വൈഭവ് സക്‌സേന പറഞ്ഞു.

 

വിഡിയോയ്ക്കൊപ്പം പ്രചരിക്കുന്ന സന്ദേശത്തിന്റെ സത്യാവസ്ഥയെക്കുറിച്ചറിയാൻ പ്രസക്തമായ കീവേഡുകളുപയോഗിച്ച് തിരഞ്ഞപ്പോൾ ഇത്തരത്തിലുള്ള സമാന പോസ്റ്റുകൾ മുൻപും പ്രചരിച്ചിരുന്നതായി കണ്ടെത്തി. അത്തരം പോസ്റ്റുകൾ വ്യാജമാണെന്ന് കേരള പോലീസ് 2021ൽ തന്നെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടിലൂടെ വ്യക്തമാക്കിയതും ഞങ്ങൾക്ക് ലഭിച്ചു. കൂടാതെ സന്ദേശം വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയും  വ്യക്തമാക്കിയിട്ടുണ്ട്.

 

വസ്തുത

 

വാട്‍സാപ് സന്ദേശങ്ങൾ പൊലീസ് നിരീക്ഷണത്തിലാണെന്ന പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്. മുസ്‍ലിം ലീഗ് കാസര്‍കോട് നടത്തിയ റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തെ തുടർന്നു നടന്ന പൊലീസിന്റെ വാർത്താസമ്മേളന വിഡിയോയാണ് തെറ്റായി പ്രചരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com