മിത്ത് വിവാദത്തിൽ കേരളത്തിൽ ചർച്ചകൾ ചൂട് പിടിക്കുകയാണ്. വിവാദത്തിൽ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് എന്‍എസ്എസിന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നാമജപ പ്രതിഷേധ യാത്രയടക്കം എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു. മിത്തുകൾക്ക് പകരം ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കണം എന്ന നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ പരാമർശമാണ് വിവാദങ്ങൾക്ക് കാരണമായത്. ഇതിനിടെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ മകൻ ശാസ്ത്ര അവബോധത്തെ കുറിച്ച് സംസാരിക്കുന്നുവെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പോസ്റ്റിന്റെ വസ്തുത പരിശോധനക്കായി മനോരമ ഒാൺലൈൻ ഫാക്ട് ചെക്ക് വാട്സാപ്പ് നമ്പറിലും (8129100164) ഞങ്ങൾക്ക് സന്ദേശം ലഭിച്ചിരുന്നു. വിഡിയോയുടെ വാസ്തവമറിയാം.
അന്വേഷണം
സുകുമാരൻ നായരുടെ മകൻ വിശ്വാസത്തേക്കുറിച്ചും, ശാസ്ത്ര ബോധത്തെക്കുറിച്ചും ക്ലാസ്സ് എടുക്കുന്നു,കേൾക്കാൻ സമയം കണ്ടെത്തുക, മരുത്വാമല മറ്റേ പുള്ളി പൊക്കിക്കൊണ്ട് വന്നിരുന്നത് കണ്ടിട്ടില്ലേ, സുകുമാരൻ നായരുടെ മകൻ എന്നീ തലക്കെട്ടുകളോടെയാണ് നിരവധി പേർ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കീവേഡുകളുപയോഗിച്ച് നടത്തിയ തിരച്ചിലിൽ ഇതുമായി ബന്ധപ്പെട്ട നിരവധി പോസ്റ്റുകളാണ് കണ്ടെത്തിയത്.ഇക്കൂട്ടത്തിൽ സത്യനാരായണൻ തോട്ടക്കാട്ട് എന്ന വ്യക്തിയുടെ പോസ്റ്റിൽ പ്രചരിക്കുന്ന വിഡിയോ സംബന്ധിച്ച് വിശദീകരണം നൽകിയിരിക്കുന്നത് ഞങ്ങൾ കണ്ടെത്തി.
എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ മകൻ എന്ന പേരിൽ ഇങ്ങിനെയൊരു വിഡിയോ പ്രചരിക്കുന്നുണ്ട്. വിഡിയോയിലെ ഉള്ളടക്കം ഷെയർ ചെയ്യാവുന്നതാണെങ്കിലും എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ മകൻ എന്നത് തീർത്തും തെറ്റാണ് . ദയവായി ഈ വിശദീകരണത്തോടെ വിഡിയോ നമ്മൾ ഷെയർ ചെയ്യരുത്.
ഇത് ഡോ.രതീഷ് കൃഷ്ണൻ ആണ്. ശാസ്ത്രഗതി എഡിറ്ററും പരിഷത്ത് കേന്ദ്ര നിർവാഹകസമിതി അംഗവുമാണ്. ഇക്കഴിഞ്ഞ ദിവസം പ്രൊഫ.എം. മുരളീധരൻ സ്മാരക അധ്യാപക അവാർഡ് തൃശ്ശൂരിൽ വന്ന് സ്വീകരിച്ചിരുന്നു. പരിഷത്തിന്റെ അഭിമാനമാണ് എന്റെ സുഹൃത്ത് കൂടിയായ രതീഷ് എന്നാണ് പോസ്റ്റ്.

പോസ്റ്റിൽ സൂചിപ്പിച്ച രതീഷ് കൃഷ്ണനെക്കുറിച്ച് തിരഞ്ഞപ്പോൾ ആഗസ്റ്റ് 4ന് രതീഷ് കൃഷ്ണൻ തന്റെ സമൂഹമാധ്യമ പേജിൽ പോസ്റ്റ് ചെയ്ത വിവരങ്ങൾ ഞങ്ങൾക്ക് ലഭിച്ചു.
കഴിഞ്ഞ രണ്ടു ദിവസമായി എന്റെ ഒരു വിഡിയോശകലം പലരും ഷെയർ ചെയ്തിരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. വിഡിയോ എന്റെ തന്നെയാണ്. അതിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു.എന്നാൽ ആ വിഡിയോ ഷെയർ ചെയ്തിരിക്കുന്നവർ പറയുന്നതുപോലെ എനിക്ക് സുകുമാരൻ നായരുമായോ, അദ്ദേഹത്തിന്റെ കുടുംബവുമായോ യാതൊരു ബന്ധവുമില്ല. തെറ്റായ ഈ പരാമർശത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു. ഇപ്രകാരമാണ് പോസ്റ്റ്.

ഇതിൽ നിന്ന് രതീഷ് കൃഷ്ണനും സുകുമാരൻ നായരുമായി ബന്ധമില്ലെന്ന് വ്യക്തമായി.
പ്രചരിക്കുന്ന വിഡിയോയെ കുറിച്ചറിയാൻ വിഡിയോയിൽ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ, കേരള ശാസ്ത്ര സാഹിത്യ പരിഷത് അംഗമായ വ്യക്തിയുടെ സഹായം തേടിയപ്പോൾ 2023 ജനുവരി 24 ന് കേരളാ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ കിളിമാനൂർ ബിആർസി ഹാളിൽ സംഘടിപ്പിച്ച എസ്.തുളസീദാസൻ സ്മാരക പ്രഭാഷണത്തിൽ നിന്നും എടുത്ത ഒരു ഭാഗമാണിത്. മുഴുവൻ പ്രഭാഷണത്തിന്റെ യുട്യൂബ് ചാനൽ ലിങ്കും ഞങ്ങൾക്ക് ലഭിച്ചു.
കൂടുതൽ വ്യക്തതയ്ക്കായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ കുടുംബാഗങ്ങളെക്കുറിച്ചും ഞങ്ങൾ അന്വേഷിച്ചു.
എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ ഭാര്യ പരേതയായ കെ.കുമാരിദേവി. മക്കൾ എസ്.സുരേഷ് കുമാർ (കൊട്ടക് മഹീന്ദ്ര ബാങ്ക്, പെരുന്ന), ഡോ.എസ്.സുജാത (പ്രിൻസിപ്പൽ, എൻഎസ്എസ് ഹിന്ദു കോളേജ്, പെരുന്ന), എസ്.ശ്രീകുമാർ (എൻഎസ്എസ് ഹെഡ് ഓഫീസ്), ഉഷാറാണി (ധനലക്ഷ്മി ബാങ്ക്, പെരുന്ന), മരുമക്കൾ. അശോക് കുമാർ (ധനലക്ഷ്മി ബാങ്ക്, തിരുവല്ല), മരുമക്കൾ ശ്രീദേവി (അധ്യാപിക, എൻഎസ്എസ്ബിഎച്ച്എസ്, പെരുന്ന), രാജലക്ഷ്മി (എൻഎസ്എസ്,എച്ച്എസ്, കവിയൂർ) എന്നിവർ ഉൾപ്പെട്ടതാണ് സുകുമാരൻ നായരുടെ കുടുംബം.
വസ്തുത
എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ മകൻ എന്ന തരത്തിൽ, പ്രചരിക്കുന്ന വിഡിയോയിലുള്ള വ്യക്തി ശാസ്ത്രഗതി എഡിറ്ററും പരിഷത്ത് കേന്ദ്ര നിർവാഹകസമിതി അംഗവുമായ ഡോ.രതീഷ് കൃഷ്ണൻ ആണ്. ഇദ്ദേഹവും സുകുമാരൻ നായരുമായി ഒരു യാതൊരു ബന്ധവുമില്ല.
English Summary : profound scientific knowledge shared by the son of NSS General Secretary G. Sukumaran Nair- Fact Check