പഞ്ചായത്തുകളിൽ നിന്ന് പ്ലാസ്റ്റിക് ശേഖരിക്കാൻ നിരക്ക് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങൾ പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ തലപൊക്കാറുണ്ട്. പഞ്ചായത്തുകൾ നിയോഗിച്ചവർ വീടുകളിൽ വന്ന് പ്ലാസ്റ്റിക് ശേഖരിക്കുന്നതിന് ഇനി 50 രൂപ യൂസർ ഫീ കൊടുക്കേണ്ടതില്ല എന്ന തരത്തിൽ ഒരു പ്രചാരണം സമൂഹ മാധ്യമങ്ങളിൽ വ്യാപകമാകുന്നുണ്ട്. ഒരു പത്ര വാർത്തയായാണ് ഇത് പ്രചരിക്കുന്നത്. ഇതിന്റെ വാസ്തവമറിയാം.
∙ അന്വേഷണം
പ്രചരിക്കുന്ന വാർത്തയുടെ നിജസ്ഥിതി പരിശോധിക്കാൻ ആവശ്യപ്പെട്ട് ഞങ്ങളുടെ ഫാക്ട് ചെക്ക് നമ്പറായ 8129100164ലേക്ക് നിരവധി പേർ സന്ദേശമയച്ചിരുന്നു.
വാർത്തയുടെ യാഥാർത്ഥ്യമറിയാൻ ഞങ്ങൾ നടത്തിയ കീവേഡ് പരിശോധനയിൽ പ്രചരിക്കുന്ന വാർത്തയുമായി ബന്ധപ്പെട്ട നിരവധി സന്ദേശങ്ങൾ ഫെയ്സ്ബുക്കിലടക്കം വ്യാപകമായി ഷെയർ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. ജനുവരി മൂന്നിലെ ‘സുദിനം’ എന്ന പത്രത്തിലാണ് ഇത്തരമൊരു വാർത്ത വന്നത്.

ഇതു സംബന്ധിച്ച് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ് വിവരാവകാശ നിയമ പ്രകാരം പുറത്തിറങ്ങി എന്നാണ് വാർത്തയിൽ പറയുന്നത്. കൊല്ലം ആശ്രാമം സ്വദേശി ധനേഷ് ഇതിന്റെ നിജസ്ഥിതി അറിയാൻ വിവരാവകാശ കമ്മീഷനെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് മറുപടിയായി പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറുടെ ഉത്തരവിന്റെ പകർപ്പ് നൽകിയത് എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.
കൂടുതൽ വ്യക്തതയ്ക്കായി പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ ഉദ്യോഗസ്ഥനെ നേരിൽ കണ്ട് വിവരങ്ങൾ അന്വേഷിച്ചപ്പോൾ ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്ക് പ്രതിഫലമായി നിശ്ചിത യൂസര്‍ഫീ നല്‍കേണ്ടതില്ലെന്ന വ്യാപക പ്രചരണം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും വാർത്തയിൽ പറയുന്ന വിവരാവകാശരേഖയില്‍ ഹരിതകര്‍മ്മസേനയ്ക്ക് യൂസര്‍ഫീ നല്‍കേണ്ടതില്ല എന്ന പരാമര്‍ശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടി തെറ്റായി വ്യാഖ്യാനിച്ച് സമൂഹമാധ്യമങ്ങളിലൂടെയും പത്രമാധ്യമങ്ങളിലൂടെയും ഹരിത കര്‍മ്മ സേനയ്ക്ക് യൂസര്‍ഫീ നല്‍കേണ്ടതില്ലെന്ന തരത്തില്‍ നടക്കുന്ന പ്രചാരണമാണിതെന്നും അവർ പറഞ്ഞു. ഇത്തരമൊരു പ്രചരണം തെറ്റാണെന്ന് പി.ആർ.ഡി വഴി അറിയിപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഹരിത കര്‍മ്മസേനയ്ക്ക് യൂസര്‍ഫീ നല്‍കേണ്ടത് നിയമപരമായ ബാധ്യതയാണ്, മറിച്ചുള്ള പ്രചാരണം അടിസ്ഥാന രഹിതമാണ്. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഹരിതകര്‍മ്മസേന വഴി പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനും യൂസര്‍ഫീ ഈടാക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിയമപരമായ അധികാരം ഉണ്ടെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഈ അറിയിപ്പില്‍ പറയുന്നു.
ഭാരത സര്‍ക്കാര്‍ 2016 ല്‍ പുറപ്പെടുവിച്ച പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ചട്ടങ്ങളിലെ ചട്ടം 8(3) പ്രകാരം തദ്ദേശ സ്ഥാപനങ്ങള്‍ അംഗീകരിക്കുന്ന ബൈലോയിലൂടെ നിശ്ചയിക്കുന്ന യൂസര്‍ഫീ വീടുകളും സ്ഥാപനങ്ങളും നല്‍കാന്‍ ബാദ്ധ്യസ്ഥരാണ്. ഈ ചട്ടങ്ങള്‍ പ്രകാരമുള്ള ബൈലോ ജില്ലയിലെ ഗ്രാമ പഞ്ചായത്തുകള്‍ അംഗീകരിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. അതിന്റെ ഭാഗമായാണ് ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ബൈലോ അംഗീകരിച്ച് നടപ്പാക്കി വരുന്നത്. ഈ ബൈലോ പ്രകാരം വീടുകളില്‍ അല്ലെങ്കില്‍ സ്ഥാപനങ്ങളില്‍ ഉപയോഗിച്ചു കഴിഞ്ഞ പ്ലാസ്റ്റിക്കുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നിയോഗിച്ചിട്ടുള്ള ഹരിത കര്‍മ്മസേനയ്ക്ക് നല്‍കേണ്ടതും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിശ്ചയിച്ചിട്ടുള്ള യൂസര്‍ഫീ കൊടുക്കേണ്ടതുമാണ്.
കേരളസര്‍ക്കാരിന്റെ 2020 ഓഗസ്റ്റ് 12-ലെ ഉത്തരവ് (No. 1496/2020) പ്രകാരം ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് യൂസര്‍ഫീ നിര്‍ബന്ധമാക്കത്തക്ക നടപടികള്‍ തദ്ദേശ സ്ഥാപനം വഴി സ്വീകരിക്കുവാന്‍ നിര്‍ദ്ദേശമുണ്ട്.
ഇതിന്റെ ഭാഗമായാണ് തദ്ദേശസ്ഥാപനങ്ങള്‍ മാലിന്യ ശേഖരണത്തിന് യൂസര്‍ഫീ നിശ്ചയിക്കുകയും യൂസര്‍ഫി നല്‍കാത്തവര്‍ക്ക് സേവനങ്ങള്‍ നിഷേധിക്കുന്നതിനുള്ള തീരുമാനമെടുക്കുകയും ചെയ്തത്. ഇതു കൂടാതെ, പഞ്ചായത്തിലേക്ക് അല്ലെങ്കില്‍ മുന്‍സിപ്പാലിറ്റിയിലേക്ക് നല്‍കേണ്ട ഏതെങ്കിലും തുക നല്‍കാതിരുന്നാല്‍ അത് നല്‍കിയതിനു ശേഷം മാത്രം ലൈസന്‍സ് പോലുള്ള സേവനം കൊടുത്താല്‍ മതി എന്ന തീരുമാനമെടുക്കാന്‍ അതത് പഞ്ചായത്തിനും/നഗരസഭയ്ക്കും കേരള പഞ്ചായത്ത്- മുന്‍സിപ്പാലിറ്റി നിയമങ്ങള്‍ അധികാരം നല്‍കുന്നുണ്ടെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. (Section 236 (13) KP Act & Section 443 KM Act) പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതും കത്തിക്കുന്നതും ശിക്ഷാര്‍ഹമാണ്.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഹരിത കര്‍മ്മസേനയ്ക്കു കൈമാറാത്തവര്‍ക്കും യൂസര്‍ഫീ നല്‍കാത്തവര്‍ക്കും അലക്ഷ്യമായി വലിച്ചെറിയുന്നവര്‍ക്കും കത്തിക്കുന്നവര്‍ക്കുമെതിരെ 10,000 രൂപ മുതല്‍ 50,000 രൂപ വരെ പിഴ ചുമത്താന്‍ ബൈലോയിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരെ അധികാരപ്പെടുത്തി.
നിയമപരമായ നടപടി സ്വീകരിക്കും.വിവരാവകാശ നിയമപ്രകാരം ഈ ഓഫിസില്‍ നിന്നും നല്‍കിയ മറുപടിയെ തെറ്റായി വ്യാഖ്യാനിച്ച് സമൂഹ മാധ്യമങ്ങളിലൂടെയും പത്രമാധ്യമങ്ങളിലൂടെയും ഹരിത കര്‍മ്മ സേനയ്ക്ക് യൂസര്‍ഫീ നല്‍കേണ്ടതില്ലെന്ന തരത്തില്‍ നടക്കുന്ന പ്രചാരണങ്ങള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി.
പ്രചരിക്കുന്ന വാർത്തയിലേക്ക് നയിച്ച കാരണമെന്തെന്ന് വ്യക്തമാക്കി ജനുവരി അഞ്ചിന് മനോരമ ഒാൺലൈൻ വാർത്ത നൽകിയിരുന്നു.

ആലപ്പുഴ ജില്ലയിലെ ഒരു പഞ്ചായത്തിൽ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിന് പോയപ്പോൾ ഹരിത കർമ സേനയ്ക്ക് യൂസർ ഫീ കൊടുത്ത കടലാസ് വേണം എന്ന് പറഞ്ഞ സംഭവവുമായി ബന്ധപ്പെടുത്തിയാണ് വീടുകളിൽ നിന്ന് 50 രൂപ കൊടുക്കേണ്ടതില്ല എന്ന പ്രചരണം സമൂഹ മാധ്യമങ്ങളിൽ നടന്നതെന്ന് വാർത്തയിൽ വ്യക്തമാക്കുന്നുണ്ട്. വാർത്ത വ്യാജമാണെന്ന് വ്യക്തമാക്കി ശുചിത്വ മിഷനും ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.

ഹരിതകർമ്മ സേനയ്ക്ക് വീടുകളിൽ വന്ന് പ്ലാസ്റ്റിക് ശേഖരിക്കുന്നതിന് യൂസർ ഫീ ഈടാക്കാൻ അധികാരം ഉണ്ടെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.
∙ വാസ്തവം
വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഹരിതകര്‍മ്മസേന വഴി പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനും യൂസര്‍ഫീ ഈടാക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിയമപരമായ അധികാരം ഉണ്ടെന്ന് പഞ്ചായത്ത് അധികൃതർ തന്നെ വ്യക്തമാക്കി. മറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്.
English Summary: User Fee Collection by Haritha Karma Sena- Fact Check