ഒാണം, ക്രിസ്തുമസ്, വേനലവധി ഇവയെല്ലാം നാട്ടിൽ സാധാരണമാണ്. അവധിക്കാലം അടിച്ചുപൊളിക്കാൻ ആഗ്രഹിക്കാത്തവരുമില്ല. എന്നാൽ വിചിത്രമായൊരു അവധിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. അവധി എന്താണെന്നല്ലേ? സത്യമറിയാം
വാർത്തയുടെ നിജസ്ഥിതി പരിശോധിക്കാൻ ആവശ്യപ്പെട്ട് മനോരമ ഒാൺലൈൻ ഫാക്ട് ചെക്ക് നമ്പറായ 8129100164ലേക്ക് സന്ദേശം ലഭിച്ചിരുന്നു.
∙ അന്വേഷണം
'ജനന നിരക്ക് വർധിപ്പിക്കാൻ വിവിധ നയങ്ങളുമായി ചൈന, പ്രണയിക്കാൻ വിദ്യാർത്ഥികൾക്ക് ഒരാഴ്ച അവധി' എന്ന തലക്കെട്ടോടെയാണ് സമൂഹ മാധ്യമങ്ങളിൽ വാർത്തകൾ പ്രചരിക്കുന്നത്. പ്രചരിക്കുന്നതിന്റെ സത്യമറിയാൻ പ്രസക്തമായ കീവേഡുകളുപയോഗിച്ച് ഞങ്ങൾ തിരഞ്ഞപ്പോൾ വിവിധ മാധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട നിരവധി റിപ്പോർട്ടുകൾ ഞങ്ങൾ കണ്ടെത്തി. വാർത്ത അങ്ങ് ചൈനയിൽ നിന്നാണ്. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന തരത്തിൽ തന്നെയാണ് പല മാധ്യമങ്ങളും വാർത്ത നൽകിയിരിക്കുന്നതെന്ന് വ്യക്തമായി.

വാർത്തകളിൽ ലഭ്യമായ വിവരങ്ങളനുസരിച്ച്, ജനനതോത് വര്‍ധിപ്പിക്കാനുള്ള രാജ്യത്തെ നയങ്ങളുടെ ഭാഗമായാണ് ഇത്തരത്തിലൊരു അവധി ചൈനയിലെ ഒൻപതോളം കോളജുകൾ നൽകിയിരിക്കുന്നതെന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെടുത്തി കൂടുതൽ കീവേഡുകൾ ഉപയോഗിച്ചുള്ള പരിശോധനയിൽ ചില ചൈനീസ് മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ ഞങ്ങൾക്ക് ലഭിച്ചു.
ചൈനാ ഡെയ്‍ലി എന്ന മാധ്യമം പോസ്റ്റ് ചെയ്ത റിപ്പോർട്ടനുസരിച്ച് സിചുവാൻ സൗത്ത്‌വെസ്റ്റ് വൊക്കേഷനൽ കോളജ് ഓഫ് സിവിൽ ഏവിയേഷനിൽ നിന്നുള്ള ഏഴ് ദിവസത്തെ സ്പ്രിങ് ബ്രേക്കിനായുള്ള പ്രഖ്യാപനമാണിത്.
ഈ വർഷത്തെ സ്പ്രിങ് ബ്രേക്ക്, ഏപ്രിൽ 1 മുതൽ 7 വരെയാണ്. "പുഷ്പങ്ങൾ ആസ്വദിക്കുകയും ജീവിതത്തിന്റെ സ്നേഹം അനുഭവിക്കുകയും ചെയ്യുക" എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ അവധിയെന്ന് അറിയിപ്പിൽ പറയുന്നു.
കോളജിന്റെ അറിയിപ്പിൽ, ക്യാംപസിനു പുറത്തേക്കുപോകാനും പ്രകൃതിയെ ആശ്ലേഷിക്കാനും വസന്തത്തിന്റെയും പ്രണയത്തിന്റെയും സൗന്ദര്യം ആസ്വദിക്കാനും വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കാനാണ് സ്പ്രിങ് ബ്രേക്ക് ലക്ഷ്യമിടുന്നതെന്നു പറയുന്നു. സ്പ്രിങ് ബ്രേക്കിനെക്കുറിച്ച് അറിഞ്ഞ് ആവേശഭരിതരായ വിദ്യാർത്ഥികൾ യാത്രകൾക്കൊരുങ്ങുന്നുവെന്നും ഈ റിപ്പോർട്ടിലുണ്ട്.
2019-ൽ തന്നെ സിചുവാൻ സൗത്ത് വെസ്റ്റ് വൊക്കേഷവൽ കോളജ് ഓഫ് സിവിൽ ഏവിയേഷൻ നടത്തുന്ന പാൻമെറിറ്റ് എജ്യുക്കേഷൻ ഗ്രൂപ്പ്, സ്പ്രിങ് ബ്രേക്ക് അവധി ആരംഭിച്ചതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.
സ്പ്രിങ് ബ്രേക്ക് അധ്യാപന സമയത്തെ ബാധിക്കില്ല എന്നും വിദ്യാഭ്യാസ ഗ്രൂപ്പിന്റെ ബ്രാൻഡ് പബ്ലിസിറ്റി വിഭാഗം ഡയറക്ടർ ലിയു മിങ് പറയുന്നു. യാത്രാ രേഖകൾ, പ്രോഗ്രസ് റിപ്പോർട്ടുകൾ, കരകൗശല വസ്തുക്കൾ, വിഡിയോകൾ എന്നിവയുടെ രൂപത്തിൽ വിദ്യാർത്ഥികൾക്ക് സ്പ്രിങ് ബ്രേക്കുമായി ബന്ധപ്പെട്ട അസൈൻമെന്റുകൾ നൽകുമെന്നും കോളജ് വിദ്യാർഥികളുടെ കലാ അവതരണങ്ങൾക്ക് അവസരം നൽകുമെന്നും സിചുവാൻ സൗത്ത് വെസ്റ്റ് വൊക്കേഷനൽ കോളജ് ഓഫ് സിവിൽ ഏവിയേഷൻ അറിയിക്കുന്നതായി ഈ റിപ്പോർട്ടിലുണ്ട്.
പിന്നീട് ഞങ്ങൾ തിരഞ്ഞത് റിപ്പോർട്ടുകളിൽ പറയുന്ന, അവധി നൽകിയ വിദ്യാഭ്യാസ ഗ്രൂപ്പിനെ കുറിച്ചാണ്. ഇതിലൂടെ മിയാൻയാങ് ഫ്ലൈയിംഗ് വൊക്കേഷനൽ കോളജിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഞങ്ങൾ കണ്ടെത്തി.
ചൈനീസ് ഭാഷയിലുള്ള വിവരങ്ങളുടെ പരിഭാഷ പരിശോധിച്ചപ്പോൾ മിയാൻയാങ് ഫ്ലൈയിങ് വൊക്കേഷനൽ കോളജിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ "പാൻ-അമേരിക്കൻ സ്പ്രിങ് ബ്രേക്ക്" എന്ന അവധിക്കാല അറിയിപ്പ് അവർ പുറത്തിറക്കിയതായി വ്യക്തമായി. "പാൻ-അമേരിക്കൻ സ്പ്രിങ് ബ്രേക്ക്" ആരംഭിച്ചു എന്ന തലക്കെട്ടോടെയാണ് അറിയിപ്പ്.
ഏപ്രിൽ 1 മുതൽ 7 വരെയാണ് സ്പ്രിങ് ബ്രേക്ക്. ക്ലാസ് മുറിയിൽ നിന്നും ക്യാംപസിനു പുറത്തേക്ക് വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രകൃതിയുമായി സമ്പർക്കം പുലർത്തുക, വസന്തത്തിന്റെ സൗന്ദര്യം ഹൃദയത്തിൽ അനുഭവിക്കുക എന്നിവയൊക്കെയാണ് അവധി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് കോളജ് അധികൃതർ തന്നെ വ്യക്തമാക്കുന്നു. 2019-ൽ തന്നെ, കോളജ് ഉൾപ്പെടുന്ന പാൻ-അമേരിക്കൻ എജ്യുക്കേഷൻ ഗ്രൂപ്പ് സ്പ്രിങ് ബ്രേക്ക് ആരംഭിച്ചതായും വെബ്സൈറ്റിലുണ്ട്. വിദ്യാർത്ഥികൾക്ക് ക്യാംപസിൽ നിന്ന് പുറത്തിറങ്ങാനും പ്രകൃതിയോട് അടുക്കാനും നല്ല സമയം അനുവദിക്കുകയാണ്.

ഏറ്റവും സുന്ദരമായ ഏപ്രിൽ മാസത്തിലെ വസന്തത്തിന്റെ പൂർണ്ണത അനുഭവിക്കാൻ ഈ അവധി സഹായകമാകും. ഇത് വിദ്യാർഥികളുടെ ചക്രവാളങ്ങൾ വിശാലമാക്കുകയും അവരുടെ വികാരങ്ങൾ വളർത്തുകയും ചെയ്യുക മാത്രമല്ല, ക്ലാസ് മുറിയിലെ അധ്യാപന ഉള്ളടക്കത്തെ സമ്പന്നമാക്കുകയും ആഴത്തിലാക്കുകയും ചെയ്യുമെന്ന് മിയാൻയാങ് ഫ്ലയിങ് വൊക്കേഷനൽ കോളജിന്റെ ഡെപ്യൂട്ടി ഡീൻ ലിയാങ് ഗുവോഹുയിയും വ്യക്തമാക്കുന്നു.

മറ്റൊരു ചൈനീസ് മാധ്യമ റിപ്പോർട്ടിൽ വൈകാരിക വിദ്യാഭ്യാസവും സാമൂഹിക പരിശീലനവും ലക്ഷ്യമിട്ട്, വിദ്യാർഥികൾ പ്രകൃതിയെ സ്നേഹിക്കാനും ജീവിതത്തെ സ്നേഹിക്കാനും ആസ്വദിക്കാനും ജീവിത വിദ്യാഭ്യാസം, അച്ചടക്ക വിദ്യാഭ്യാസം എന്നിവ യഥാർത്ഥത്തിൽ നടപ്പിലാക്കാനും സാധിക്കുമെന്ന പ്രതീക്ഷയിലാണ് സ്‌കൂൾ സ്‌പ്രിങ് ബ്രേക്ക് സംവിധാനം നടപ്പിലാക്കുന്നതെന്ന് എടുത്ത് പറയുന്നുണ്ട്.
ജനന നിരക്ക് വര്‍ധിപ്പിക്കാന്‍ ചൈനയിലെ ചില പ്രവിശ്യകള്‍ നവദമ്പതികൾക്ക് 30 ദിവസം ശമ്പളത്തോടു കൂടിയ വിവാഹ അവധി പ്രഖ്യാപിച്ചതായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ പീപ്പിൾസ് ഡെയ്‌ലി ഹെല്‍ത്ത് റിപ്പോർട്ട് ചെയ്തതായുള്ള വാർത്തകളും ഞങ്ങൾക്ക് ലഭിച്ചു.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം ആറ് ദശകങ്ങള്‍ക്ക് ശേഷം ചൈനയുടെ ജനസംഖ്യ കഴിഞ്ഞ വര്‍ഷം കുത്തനെ ഇടിഞ്ഞു. ആയിരം പേര്‍ക്ക് 6.77 ശതമാനമെന്ന നിലയില്‍ കഴിഞ്ഞ വര്‍ഷം ചൈനയില്‍ ഏറ്റവും കുറഞ്ഞ ജനന നിരക്ക് രേഖപ്പെടുത്തുകയുണ്ടായി. ഇതുമായി ബന്ധപ്പെടുത്തിയാണ് ചില കോളജുകളിൽ അനുവദിച്ച ' സ്പ്രിങ ബ്രേക്കുമായി ബന്ധപ്പെട്ട്' ജനന നിരക്ക് വർധിപ്പിക്കാൻ വിവിധ നയങ്ങളുമായി ചൈന, പ്രണയിക്കാൻ വിദ്യാർത്ഥികൾക്ക് ഒരാഴ്ച അവധി എന്ന തരത്തിൽ വാർത്തകൾ വന്നത്.
∙ വസ്തുത
'ജനന നിരക്ക് വർധിപ്പിക്കാൻ വിവിധ നയങ്ങളുമായി ചൈന, പ്രണയിക്കാൻ വിദ്യാർത്ഥികൾക്ക് ഒരാഴ്ച അവധി' എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്. വസന്തകാലത്ത് പ്രകൃതിയുടെ സൗന്ദര്യം കണ്ടെത്തി ജീവിതത്തിന്റെ സ്നേഹം ആസ്വദിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് കോളജുകൾ അവധി നൽകിയിരിക്കുന്നത്.
English Summary: Chinese colleges give students love break- Fact Check