Manorama Online Manorama Online

അത് ധർമടം വില്ലേജ് ഓഫിസ് കെട്ടിടത്തിന്റെ ചിത്രമല്ല! സത്യം അറിയാം | Fact Check

darmadam
കടപ്പാട് : വാട്സാപ്
SHARE

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭരണപ്രതിപക്ഷങ്ങൾ വികസന അവികസന വിഷയങ്ങൾ ഉയർത്തുന്ന തിരക്കിലാണ്. മുൻ മുഖ്യമന്ത്രി അന്തരിച്ച ഉമ്മൻചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയിലെയും നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമടത്തെ വികസന കാഴ്ചകൾ പോലും ഇതിന്റെ ഭാഗമായി പ്രചരിപ്പിക്കപ്പെടുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ജനപ്രതിനിധിയായ കണ്ണൂരിലെ ധർമടം മണ്ഡലത്തിലെ വില്ലേജ് ഓഫിസിന്റെ ചിത്രം എന്ന നിലയിൽ ഒരു ചിത്രം വ്യാപകമായി സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നതും. ഇതിന്റെ സത്യമറിയാം.

അന്വേഷണം 

ധർമടം വില്ലേജ് ഓഫിസിന്റെ അവസ്ഥയെന്ന വാചകവുമായി ഷെയർ ചെയ്യപ്പെടുന്ന ചിത്രത്തിന്റെ നിജസ്ഥിതി തേടി നിരവധി പേരാണ് മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നമ്പറായ 8129100164 ലേക്ക് സന്ദേശം അയച്ചത്. ചിത്രത്തിന്റെ വാസ്തവം അറിയാൻ ഞങ്ങൾ ആദ്യം തന്നെ കീവേഡുകളുപയോഗിച്ച് തിരച്ചിൽ നടത്തി. പ്രചാരണവുമായി ബന്ധപ്പെട്ട നിരവധി സമൂഹമാധ്യമ പോസ്റ്റുകളും ഞങ്ങൾ കണ്ടെത്തി.

darmadampost

ധർമടം വില്ലേജ് ഓഫിസിന്റെ ശോചനീയമായ അവസ്ഥയെ പരിഹസിച്ചാണ് പോസ്റ്റുകളിൽ പലതും. ഇതിന്റെ വാസ്തവം അറിയാൻ ഞങ്ങൾ ധർമടം വില്ലേജ് ഓഫിസറുമായി നേരിട്ട്  ബന്ധപ്പെട്ടു. അദ്ദേഹം നൽകിയ വിവരങ്ങൾ അനുസരിച്ച് ചിത്രത്തിലുള്ളത്  നിലവിലെ ധർമടം വില്ലേജ് ഓഫിസ് കെട്ടിടം അല്ല. 2022 ജൂൺ ആറിന് ധർമടം സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്തത് ആ മണ്ഡലത്തിലെ ജനപ്രതിനിധി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം വ്യക്തമാക്കി. ശോചനീയമായ നിലയിൽ സ്ഥിതി ചെയ്തിരുന്ന പഴയ വില്ലേജ് ഓഫിസ് പൊളിച്ചാണ് അതേ സ്ഥലത്ത് പുതിയ സ്മാർട്ട് വില്ലേജ് ഓഫിസ് പണി പൂർത്തിയാക്കിയതും.

പ്രാദേശികമായി ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ മഴയിൽ ചോർച്ചയുണ്ടാകുമായിരുന്ന തരത്തിൽ പഴയ കെട്ടിടം ശോചനീയമായ അവസ്ഥയിലായിരുന്നു. ഇതിനാൽ വാടക കെട്ടിടത്തിലേക്ക് ആദ്യം വില്ലേജ് ഓഫിസ് മാറ്റി. മൂന്നു വർഷത്തോളം വാടക കെട്ടിടത്തിൽ പ്രവർത്തിച്ച ശേഷം വീണ്ടും അസൗകര്യം കാരണം തലശ്ശേരി റവന്യൂ കെട്ടിടത്തിലേക്ക് വില്ലേജ് ഓഫിസ് പ്രവർത്തനം മാറ്റുകയുണ്ടായി. പിന്നീട് ചിറകുന്നിലെ അബു ചാത്തുക്കുട്ടി മിനി സ്റ്റേഡിയത്തിലാണ് വില്ലേജ് ഓഫിസ് പ്രവർത്തനം തുടർന്നത്. ഇതിനിടയിൽ  20 വർഷത്തോളം പഴക്കമുള്ള പഴയ വില്ലേജ് ഓഫിസ് കെട്ടിടം പൊളിച്ചുമാറ്റി അതേ സ്ഥലത്ത് പുതിയ സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിടം പണിയുകയായിരുന്നു. 2022 ജൂൺ ആറിന് ബ്രണ്ണൻ കോളജ്  രജത ജൂബിലി ഹാളിൽ  മുഖ്യമന്ത്രി പിണറായി വിജയനാണ് സ്മാർട്ട് വില്ലേജ് നാടിന് സമർപ്പിച്ചത്.

റവന്യൂ വകുപ്പിന്റെ വെബ്സൈറ്റിലും പുതിയ വില്ലേജ് ഓഫിസിന്റെ ചിത്രം ലഭ്യമാണ്.

darmadamvillage

വസ്തുത

ശോച്യാവസ്ഥയിലായിരുന്ന ധർമടത്തെ  പഴയ വില്ലേജ് ഓഫിസ് കെട്ടിടത്തിന്റെ ചിത്രമാണ് വ്യാപകമായി പ്രചരിക്കുന്നത്. ഇത് തെറ്റിദ്ധാരണാജനകമാണ്.

English Summary: Image of Dharmadam Village Office Building shared widely on Social Media - Fact Check

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA