പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ വോട്ടിങ്ങിന് മണിക്കൂറുകൾ മാത്രമാണ് ബാക്കി. വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രതിപക്ഷവും ഭരണപക്ഷവും സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും കളം നിറയുകയാണ്. ഉമ്മൻ ചാണ്ടിയുടെയും ചാണ്ടി ഉമ്മന്റെയും ഇലക്‌ഷൻ പ്രചാരണ ചിത്രങ്ങൾ ചേർത്താണ് സോഷ്യൽ മീഡിയയിൽ പുതിയ പോര്. പ്രചരിക്കുന്ന ചിത്രത്തിന്റെ നിജസ്ഥിതി തേടി നിരവധി പേരാണ് മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നമ്പറായ 8129100164ലേക്ക് സന്ദേശം അയച്ചത്. ഇതിലെ വസ്തുതയറിയാം.
∙ അന്വേഷണം
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ചെളിക്കുളമായ ഒരു റോഡിന് വശത്ത് കൂടി വാഹനത്തിൽ സഞ്ചരിക്കുന്ന ചിത്രമാണ് ആദ്യത്തേത്. ചിത്രം സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ഉമ്മൻചാണ്ടിക്കൊപ്പം വാഹനത്തിൽ ഉള്ളത് എംഎൽഎ കെ.എസ്.ശബരിനാഥാണെന്ന് വ്യക്തമായി. കൂടാതെ ഇവർ സഞ്ചരിക്കുന്ന ജീപ്പിൽ ശബരിനാഥിനെ വിജയിപ്പിക്കുക എന്നെഴുതിയ ബാനറും കണ്ടെത്തി.
ലഭ്യമായ സൂചനകളിൽ വച്ച് കൂടുതൽ കീ വേഡുകൾ ഉപയോഗിച്ച് തിരഞ്ഞപ്പോൾ, തകർന്ന് ചെളിക്കുളമായ റോഡിലൂടെ മുഖ്യമന്ത്രി നടത്തിയ റോഡ് ഷോ ചിത്രീകരിച്ച മാധ്യമപ്രവർത്തകരെ കോൺഗ്രസുകാർ ക്രൂരമായി മർദ്ദിച്ചു എന്ന വിവരമടങ്ങിയ റിപ്പോർട്ടുകളും ഞങ്ങൾക്ക് ലഭിച്ചു. അരുവിക്കര ഇരുമ്പ- കുളത്തുകാൽ റോഡിലാണ് സംഭവം നടന്നത്. അറ്റകുറ്റപ്പണി നടത്താതെ കുളമായി മാറിയ റോഡിലൂടെ ഉമ്മൻചാണ്ടിയുടെയും അകമ്പടി വാഹനങ്ങളുടെയും തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രമാണ് പ്രചരിക്കുന്നത്. 2015 ജൂൺ 25നാണ് സംഭവം.
ഞങ്ങളുടെ പ്രാദേശിക റിപ്പോർട്ടറുമായി ബന്ധപ്പെട്ടപ്പോൾ വൈറലായ ചിത്രം അരുവിക്കര ഇരുമ്പ- കളത്തുകാൽ പ്രദേശമാണെന്നും നിലവിൽ റോഡ് അറ്റകുറ്റപ്പണികൾ നടത്തി സഞ്ചാരയോഗ്യമാണെന്നും വ്യക്തമായി.
രണ്ടാമത്തെ ചിത്രത്തെക്കുറിച്ച് തിരഞ്ഞപ്പോൾ ചാണ്ടി ഉമ്മന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിൽ പങ്കുവെച്ച പാമ്പാടി മണ്ഡലത്തിലൂടെയുള്ള വാഹന പ്രചാരണ യാത്രയുടെ വിഡിയോയുടെ സ്ക്രീൻഷോട്ടാണ് പ്രചരിക്കുന്നത് എന്ന് വ്യക്തമായി.
∙ വസ്തുത
അരുവിക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചിത്രമാണ് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ യാത്ര എന്ന തരത്തിൽ പ്രചരിക്കുന്നത്. ഈ ചിത്രം തെറ്റിദ്ധാരണജനകമാണ്.
English Summary: Oommen Chandy image related to Aruvikkara Election | Fact Check