റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുട്ടിൻ ബുദ്ധ സന്യാസിയുടെ വേഷത്തിൽ നിൽക്കുന്ന ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കുറച്ച് ദിവസത്തേക്ക് അദ്ദേഹം ബുദ്ധ സന്യാസിയായി മാറിയെന്നാണ് അവകാശവാദം. ചിത്രത്തിന്റെ വാസ്തവമറിയാൻ മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് ഹെൽപ്‌ലൈൻ നമ്പറായ 8129100164 ൽ ഞങ്ങൾക്ക് സന്ദേശം ലഭിച്ചു. ഇതിന്റെ സത്യമറിയാം.
∙ അന്വേഷണം
അവകാശവാദത്തിന്റെ ആധികാരികത പരിശോധിക്കാൻ ഞങ്ങൾ കീവേഡുകളുപയോഗിച്ച് തിരഞ്ഞു. ഈ തിരച്ചിലിൽ വിശ്വസനീയമായ വാർത്തകളോ അനുബന്ധ വാർത്തകളോ ലഭിച്ചില്ല.
വൈറൽ ചിത്രത്തെക്കുറിച്ച് കൂടുതലറിയാൻ ഞങ്ങൾ റിവേഴ്സ് ഇമേജ് തിരയൽ നടത്തി. Aistyle.art എന്ന ഓൺലൈൻ ഫോറത്തിൽ വൈറൽ ഫോട്ടോ കണ്ടെത്തി. ഈ ഫോട്ടോ 2023 മാർച്ച് 22-ന് അപ്‌ലോഡ് ചെയ്‌തതാണ്. ഒരു ഉപയോക്താവ് പുട്ടിന്റെയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെയും സന്യാസി വേഷത്തിലുള്ള മറ്റ് ചില ഫോട്ടോകൾക്കൊപ്പം ഈ ഫോട്ടോ പോസ്‌റ്റ് ചെയ്‌തതായാണ് കണ്ടെത്തിയത്. “സന്യാസിമാർ കള്ളം പറയില്ല” എന്നാണ് അടിക്കുറിപ്പ്. AI ചിത്രങ്ങളാണ് ഈ പേജിൽ ഉപയോക്താക്കൾ പങ്കിടുന്നത്.
മറ്റ് ചില ഫെയ‌്സ്ബുക് പേജുകളിലും ഞങ്ങൾ സമാന ചിത്രങ്ങൾ കണ്ടെത്തി. പല ചിത്രങ്ങളുടെയും കമന്റുകളിൽ ഇവ എഐ ചിത്രങ്ങളാണെന്ന് വ്യക്തമായി പരാമർശിച്ചിട്ടുണ്ട്. AI CREATIVES THAILAND എന്ന മറ്റൊരു ഫെയ‌്സ്ബുക് പേജിലും ഇതേ ചിത്രങ്ങൾ കണ്ടെത്തി. AI ടൂൾ ആയ Midjourney ഉപയോഗിച്ചാണ് ചിത്രങ്ങൾ സൃഷ്ടിച്ചതെന്ന് ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത ഉപയോക്താവ് വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. ഈ തെളിവുകൾ ഉപയോഗിച്ച്, വൈറൽ ചിത്രം യഥാർത്ഥമല്ല AIനിർമ്മിതമാണെന്ന് വ്യക്തമായി.
∙ വസ്തുത
ബുദ്ധമത സന്യാസിയുടെ വേഷത്തിലുള്ള റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുട്ടിന്റെ ചിത്രം ഒരു എഐ നിര്‍മിതമാണ്.പ്രചരിക്കുന്ന ചിത്രം വ്യാജമാണ്.
English Summary: Photo Of Russian President Vladimir Putin in the attire of a Buddhist Monk Ia AI Generated - Fact Check