ADVERTISEMENT

ഹിജാബ് ധരിച്ച് വിദ്യാർഥിനിയെ മർദ്ദിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമായ ദൃശ്യങ്ങളടങ്ങിയ ഒരു വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവം ഇന്ത്യയിൽ നടന്നതെന്ന തരത്തിലാണ് പ്രചാരണം. ഈ വിഡിയോയുടെ വസ്തുത പരിശോധിക്കാൻ മനോരമ ഒാൺലൈൻ ഫാക്ട്ചെക്ക് ഹെൽപ്പ് ലൈൻ നമ്പരായ 8129100164 നിരവധി സന്ദേശങ്ങൾ ഞങ്ങൾക്ക് ലഭിച്ചു. ഇതിന്റെ വാസ്തവമറിയാം.

∙ അന്വേഷണം

ഏതാനും ആൺകുട്ടികൾ ഹിജാബ് ധരിച്ച ഒരു വിദ്യാർഥിനിയെ ചവിട്ടുന്നതും വടികൊണ്ട് അടിക്കുന്നതും പെൺകുട്ടിയുടെ നേരെ സാധനങ്ങൾ വലിച്ചെറിയുന്നതും പ്രചരിക്കുന്ന വിഡിയോയിൽ കാണാം.

classhijab

ഈ വിഡിയോ ആരെയും വിറളി പിടിപ്പിക്കും. ശിരോവസ്ത്രം ധരിച്ച പെൺകുട്ടിയെ ഒരു കൂട്ടം ആൺകുട്ടികൾ അപമാനിക്കുന്നു. ഒരു ക്ലാസ് മുറിയിലാണ് ഇതെല്ലാം നടക്കുന്നത്. ഹിന്ദു ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് പഠിക്കുന്ന കോളേജാണിത്. സംഘി മാനസികാവസ്ഥയുള്ള ഈ ആൺകുട്ടികൾ ഹിജാബി പെൺകുട്ടികളോട് എങ്ങനെ പെരുമാറുന്നുവെന്ന് കാണുക. – ഇങ്ങനെയാണ് വിഡിയോയ്ക്കൊപ്പം പ്രചരിക്കുന്ന വാചകങ്ങൾ.

വിഡിയോയുടെ കീഫ്രെയിമുകൾ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് തിരയൽ ഒരു ട്വീറ്റിലേക്ക് ഞങ്ങളെ നയിച്ചു. ട്വീറ്റിൽ വൈറൽ വിഡിയോയും ഇന്തൊനീഷ്യൻ ഭാഷയിൽ ഒരു അടിക്കുറിപ്പും ഉണ്ടായിരുന്നു: ഇത് എപ്പോൾ, എവിടെയാണ് സംഭവിച്ചതെന്ന് വ്യക്തമല്ല. ഇതുപോലെയുള്ള എല്ലാത്തരം അക്രമങ്ങളും നിർത്തണം എന്നാണ് ഈ വിഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്. അതേ ട്വീറ്റിന് മറുപടിയായി സംഭവം 2020 മുതലുള്ളതാണെന്ന് സൂചിപ്പിച്ച് മറ്റൊരു ഉപയോക്താവ് ഒരു വാർത്താ ലേഖനത്തിന്റെ ലിങ്ക് കമന്റ് ചെയ്തിട്ടുണ്ട്.

വാർത്താ ലേഖനത്തിന്റെ ശീർഷകത്തിൽ നിന്നുള്ള കീവേഡുകൾ ഉപയോഗിച്ച് ഞങ്ങൾ വീണ്ടും ഒരു കീവേഡ് പരിശോധന നടത്തി. ഇത് വൈറൽ വിഡിയോയുമായി ബന്ധപ്പെട്ട നിരവധി റിപ്പോർട്ടുകളിലേക്ക് ഞങ്ങളെ നയിച്ചു.

ഇന്തൊനീഷ്യൻ വാർത്താ ഔട്ട്‌ലെറ്റ് TribunJabar.idയുടെ 2020 ഫെബ്രുവരിയിലെ ഒരു വാർത്താ റിപ്പോർട്ട് ഞങ്ങൾക്ക് ലഭിച്ചു. പർവോർജോയിൽ അതിക്രമത്തിന് ഇരയായ മിഡിൽ സ്കൂൾ വിദ്യാർത്ഥിയുടെ നിലവിലെ അവസ്ഥ. ഇന്തൊനീഷ്യയിലെ ജാവയിലെ ഒരു പട്ടണമായ പർവോർജോയിലെ ഒരു മിഡിൽ സ്കൂളിൽ ഹിജാബ്  ധരിച്ച ഒരു വിദ്യാർത്ഥിനി പീഡനത്തിന് ഇരയായതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.  മുഹമ്മദിയ്യ നീഡ് മിഡിൽ സ്കൂളിലാണ് സംഭവം നടന്നതെന്നും ഈ റിപ്പോർട്ടിൽ പരാമർശമുണ്ട്.

വിഡിയോയിൽ പെൺകുട്ടിയെ ആക്രമിച്ച വിദ്യാർഥികൾക്കെതിരെ സ്കൂൾ അധികൃതർ നിയമ നടപടി സ്വീകരിച്ചതായും പറയുന്നു.

school

മറ്റൊരു വാർത്താ റിപ്പോർട്ടിൽ പെൺകുട്ടിയെ ഉപദ്രവിച്ച മൂന്ന് ആൺകുട്ടികൾക്കെതിരെ ബാലാവകാശ സംരക്ഷണ നിയമപ്രകാരം കുറ്റം ചുമത്തുകയും മൂന്നര വർഷം ശിക്ഷ നൽകുകയും ചെയ്തതായി വ്യക്തമാക്കുന്നുണ്ട്. പീഡനത്തിന് ഇരയായത് പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർഥിയാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.

ഇന്തൊനീഷ്യയിൽ 2020-ൽ നടന്ന ഒരു സംഭവത്തിന്റെ വൈറൽ വിഡിയോയാണ് പ്രചരിക്കുന്നതെന്ന്  ഇത്തരത്തിൽ വ്യക്തമായി. 

∙ വാസ്തവം

ലഭ്യമായ വിവരങ്ങൾ പ്രകാരം വിഡിയോയിലെ സംഭവത്തിന് പിന്നിൽ വർഗീയ കാരണങ്ങളില്ല. ഇത് ഇന്ത്യയിൽ നടന്നതുമല്ല. വിഡിയോയ്ക്ക് ആസ്പദമായ സംഭവം നടന്നത്  ഇന്ത്യയിലല്ല ഇന്തൊനീഷ്യയിലാണ്.

English Summary: There is no Communal Motive behind the incident in the viral video of a student wearing a Hijab being Assaulted in a Class Room

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT