ADVERTISEMENT

അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ മനോഹരമായ കാഴ്ചകൾ എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഡിയോയുടെ വസ്തുത പരിശോധിക്കാൻ മനോരമ ഒാൺലൈൻ ഫാക്ട്ചെക്ക് ഹെൽപ്പ് ലൈൻ നമ്പരായ 8129100164 ൽ ഞങ്ങൾക്ക് സന്ദേശം ലഭിച്ചു. ഇതിന്റെ വാസ്തവമറിയാം. 

∙ അന്വേഷണം

mandirayodhya

ശ്രീരാമക്ഷേത്രത്തിന്റെ അകത്തെ കാഴ്ച; അയോധ്യ- അവസാനഘട്ട പൂർത്തീകരണ ജോലികൾ പുരോഗമിക്കുന്നു. ജാതി മത ഭേദമെന്യേ ആർക്കും പ്രവേശനം എന്നാണ് വിഡിയോയ്ക്കൊപ്പം പ്രചരിക്കുന്നത്.

വിഡിയോ പരിശോധിച്ചപ്പോള്‍ നാഗ്‍പുർ എക്‌സ്പീരിയന്‍സ് എന്ന വാട്ടര്‍മാര്‍ക്ക് കണ്ടെത്തി. കീവേഡുകൾ ഉപയോഗിച്ച് തിരഞ്ഞപ്പോൾ ഈ വിഡിയോ ജൂലൈ 8 ന് 'നാഗ്‍പുർ എക്സ്പീരിയൻസിൽ' അപ്‌ലോഡ് ചെയ്തതായി കണ്ടെത്തി.

വിഡിയോയിലെ വിവരങ്ങളനുസരിച്ച്  മഹാരാഷ്ട്രയിലെ നാഗ്‍പുരിലെ കൊറാഡിയിലുള്ള ശ്രീരാമധാം ക്ഷേത്രവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളാണ് വൈറൽ വിഡിയോയിലുള്ളത്.

കീവേഡുകൾ ഉപയോഗിച്ച് ക്ഷേത്രവുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ലഭിച്ച റിപ്പോർട്ടിൽ കൊറാഡിയിലെ മഹാലക്ഷ്മി ജഗദംബ ക്ഷേത്രത്തോടനുബന്ധിച്ച ഭാരതീയ വിദ്യാഭവന്റെ സാംസ്‌കാരിക നിലയം ജൂലൈയിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്തതാണെന്ന് വ്യക്തമാക്കിയിരുന്നു. ഈ സാംസ്കാരിക നിലയത്തിന്റെ ഉദ്ഘാടനത്തിന്റെ ചിത്രങ്ങളടങ്ങിയ ഒരു ട്വീറ്റും  രാഷ്ട്രപതിയുടെ  ട്വിറ്റര്‍ അക്കൗണ്ടില്‍ കണ്ടെത്തി.

rashtrapathi

അയോധ്യയിലെ രാമക്ഷേത്രത്തെക്കുറിച്ച് തിരഞ്ഞപ്പോൾ  രാമക്ഷേത്രം ഇപ്പോഴും നിർമ്മാണത്തിലാണ്. 2024 ഡിസംബറോടെ പണികൾ പൂർത്തിയാകുമെന്നാണ് കരുതുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ശ്രീരാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റാണ് ഈ ക്ഷേത്രം നിർമ്മിക്കുന്നത്.

വിശ്വഹിന്ദു പരിഷത്ത് രാജ്യാന്തര വൈസ് പ്രസിഡന്റും ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ജനറൽ സെക്രട്ടറിയുമായ ചമ്പത് റായ് സെപ്തംബർ 14 ന് തന്റെ ട്വിറ്റർ അക്കൗണ്ടിൽ അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ വിഡിയോ പങ്കുവെച്ചിരുന്നു.

∙ വസ്തുത

നാഗ്‌പുരിലെ കൊറാഡിയിലുള്ള ഭാരതീയ വിദ്യാഭവൻ സാംസ്കാരിക കേന്ദ്രത്തിന്റെ വിഡിയോയാണ് അയോധ്യയിൽ നിർമാണത്തിലിരിക്കുന്ന രാമക്ഷേത്രമെന്ന നിലയിൽ ഷെയർ ചെയ്യുന്നത്.

English Summary: Video of Bharatiya Vidya Bhavan Cultural Center in Koradi, Nagpur shared as Ram Temple under construction in Ayodhya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT